ചെന്നൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

Posted on: October 31, 2017 10:44 am | Last updated: October 31, 2017 at 10:57 am

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. വെള്ളം കയറിയതിനെ തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ ഗതാഗതം നിലച്ചു. റോഡ് നിരപ്പിലുള്ള വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. തഞ്ചാവൂര്‍ ജില്ലയിലെ മതിലിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈ, തിരുവഞ്ചൂര്‍, കാഞ്ചീപുരം ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്.

ഈ മാസം 28നാണ് വടക്കുകിഴക്കന്‍ മണ്‍സൂണ്‍ തമിഴ്‌നാട്ടിലെത്തിയത്. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന്് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴക്കെടുതി നേരിടാന്‍ എല്ലാവിധ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ഡി കാര്‍ത്തികേയന്‍ അറിയിച്ചു.