ബിജെപി ഞങ്ങളുടെ ശത്രുവാകുന്നു; രാഹുല്‍ ഗാന്ധിയെ ജനം അംഗീകരിച്ചു തുടങ്ങി: ശിവസേന

Posted on: October 31, 2017 10:30 am | Last updated: October 31, 2017 at 3:36 pm
സഞ്ജയ് റാവത്ത്‌

മുംബൈ:രാഹുല്‍ ഗാന്ധിയെ ജനം ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും തങ്ങളുടെ മുഖ്യശത്രു ബിജെപിയാണെന്നും എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണു ശിവസേന എംപി സഞ്ജയ് റാവത്തിന്റെ പ്രസ്താവന. രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയ്ക്കു വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാസിക്കില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്രയില്‍ ഞങ്ങള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനെയും എന്‍സിപിയെയും എതിര്‍ക്കുന്നതിനു പകരം ബിജെപി ശിവസേനയെയാണു ലക്ഷ്യമിടുന്നത്. അതിനാല്‍ ബിജെപിയാണു ഞങ്ങളുടെ മുഖ്യശത്രു. പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കായി ശിവസേന ഒരുങ്ങിത്തുടങ്ങി

ബിജെപിയുമായി സഖ്യമുണ്ടെങ്കിലും ഇല്ലെങ്കിലും തിരഞ്ഞെടുപ്പില്‍ ശിവസേന പോരാടുമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു