Connect with us

National

ബ്രഹ്മപുത്ര നദിയിലെ ജലം കടത്താന്‍ ചൈനയുടെ പുതിയ പദ്ധതി

Published

|

Last Updated

ന്യൂഡല്‍ഹി:രാജ്യത്തെ വലിയ നദികളിലൊന്നായ ബ്രഹ്മപുത്ര നദിയില്‍നിന്നുള്ള ജലം ചൈനയിലെ സ്വയംഭരണ പ്രദേശമായ ഷിന്‍ജിയാങ് പ്രവിശ്യയില്‍ എത്തിക്കാന്‍ ചൈന ശ്രമിക്കുന്നു. ചൈനയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലൂടെ 1000 കിലോമീറ്റര്‍ നീളത്തില്‍ ടണല്‍ നിര്‍മിച്ച് വെള്ളം കടത്തുകയാണ് ലക്ഷ്യം. ഏറ്റവും ചിലവു കുറഞ്ഞ രീതിയില്‍ മികച്ച ടണല്‍ നിര്‍മ്മിക്കുകയാണ് ചൈനയെന്നും ചൈനീസ് മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു.

പുതിയ പദ്ധതിയിലൂടെ ഷിന്‍ജിയാങ്ങിനെ കാലിഫോര്‍ണിയയ്ക്കു സമാനമായി മാറ്റാനാണ് ചൈന ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളെയും ബംഗ്ലദേശിനെയും മോശമായി ബാധിക്കുന്ന ഒരു പദ്ധതിയാണിത്. അതുമാത്രമല്ല ചൈന ജലമെടുക്കുന്നത് ബ്രഹ്മപുത്രയിലെ ജലനിരപ്പു കുറയുന്നതിനു കാരണമാകുമെന്നാണ് വിലയിരുത്തല്‍.

ചൈന, ഇന്ത്യ, ബംഗ്ലദേശ് എന്നീ മൂന്ന് രാജ്യങ്ങളിലൂടെ ഒഴുകുന്ന വലിയ നദിയാണ് ബ്രഹ്മപുത്ര. ചൈനയില്‍ യാര്‍ലുങ് ടിസാങ്‌പോ എന്നും ഇന്ത്യയില്‍ ബ്രഹ്മപുത്ര എന്നും ബംഗ്ലാദേശില്‍ ജമുന എന്നും ഈ നദി അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദികളിലൊന്നാണിത്. ടിബറ്റിലാണ് ഉത്ഭവം. ബംഗ്ലദേശില്‍ വച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു.