കോടതികളുടെ വ്യവഹാര ഭാഷ

Posted on: October 30, 2017 8:47 am | Last updated: October 30, 2017 at 8:47 am

കോടതി ഭാഷയെക്കുറിച്ചു രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞ കാര്യം വളരെ പ്രസക്തമാണ്. കോടതി വിധി സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിലാക്കേണ്ടത് അനിവാര്യമാണെന്നാണ് ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘടനം ചെയ്യവെ രാഷ്ട്രപതി ഉണര്‍ത്തിയത്. ഇംഗ്ലീഷ് അറിയാത്ത സാധാരണക്കാരന് കോടതി വിധിയുടെ അന്തഃസത്ത മനസ്സിലാകാതെ പോകരുത്. വിധികളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് 36 മണിക്കൂറിനുള്ളില്‍ അവരവരുടെ ഭാഷയില്‍ കക്ഷികള്‍ക്ക് ലഭ്യമാക്കണം. ഉത്തരവില്‍ പറഞ്ഞെതെന്തെന്ന് വായിച്ച് മനസ്സിലാക്കാന്‍ പറ്റാത്ത വിധം കാഠിന്യമേറിയ വാക്കുകളാണ് പലപ്പോഴും കോടതികള്‍ ഉപയോഗിക്കുന്നത്. ഇത് വ്യവഹാരികള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന സാഹചര്യം പോലും സൃഷ്ടിക്കുന്നുണ്ടെന്നും ഉത്തരവുകള്‍ പ്രാദേശിക ഭാഷയിലാക്കുകയാണ് പരിഹാരമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് കോടതികളെ സമീപിക്കുന്നവരില്‍ 90 ശതമാനവും ഇംഗ്ലീഷ് അറിയാത്തവരാണ്. വിചാരണ ഒഴിച്ചു മറ്റു കോടതി നടപടികളൊക്കെയും ഇംഗ്ലീഷിലാണ് നടക്കുന്നത്. ജഡ്ജിയും അഭിഷാകനും തമ്മിലും ഇരുഭാഗത്തെയും ജഡ്ജിമാര്‍ തമ്മിലുമുള്ള ആംഗലേയ കസര്‍ത്തുകള്‍ക്ക് മുമ്പില്‍ വാദിയും പ്രതിയും വാപൊളിച്ചു നില്‍ക്കും. അഭിഭാഷകര്‍ മുതല്‍ കോടതി കെട്ടിടത്തിന് സമീപം അപേക്ഷകള്‍ പൂരിപ്പിക്കാനിരിക്കുന്നവര്‍ വരെ കക്ഷികളുടെ ഈ ഭാഷാ പരിജ്ഞാനക്കുറവ് ചൂഷണം ചെയ്യുന്നു. ജയിലുകളില്‍ കഴിയുന്ന നല്ലൊരു ശതമാനം കുറ്റവാളികളും തങ്ങളുടെ മേല്‍ ചുമത്തപ്പെട്ട ശിക്ഷക്കടിസ്ഥാനമായ വിധിന്യായം എന്തെന്ന് അറിയാത്തവരാണെന്നാണ് ഐക്യ മലയാള പ്രസ്ഥാനം പ്രവര്‍ത്തകര്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത്. ആശയവിനിമയമാണ് ഭാഷയുടെ ലക്ഷ്യം. ഒരാള്‍ പറയുന്നതും കേള്‍ക്കുന്നതും മറ്റൊരാള്‍ക്ക് മനസ്സിലാവണം. കോടതി നടപടികളില്‍ അത് കക്ഷികള്‍ക്ക് കൂടി മനസ്സിലാകേണ്ടതുണ്ട്. കക്ഷികള്‍ അതെന്താണെന്നറിയാന്‍ പിന്നെയും വക്കീലിനെ സമീപിക്കേണ്ടിവരുന്ന സാഹചര്യമുണ്ടാകരുത്.
നീതി തേടി കോടതികളെ സമീപിക്കുന്നവര്‍ക്ക് അവിടെ നടക്കുന്നതെന്തെന്നും വക്കീലുമാര്‍ പറയുന്നതെന്തെന്നും മനസ്സിലാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നത് നീതി നിര്‍വഹണത്തിന്റെ ഭാഗം തന്നെയാണ്. മാതൃഭാഷാവകാശം മനുഷ്യാവകാശമാണെന്ന് ഐക്യ രാഷ്ട്ര സഭയും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ കോടതി വ്യവഹാര ഭാഷ മലയാളമാക്കണമെന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. 1969-ല്‍ കേരള ഔദ്യോഗിക ഭാഷാ ആക്ട് നിലവില്‍ വന്നത് തൊട്ടേ ആരംഭിച്ചതാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍. 1973 -ല്‍ കോടതി ഭാഷ ഇംഗ്ലീഷോ മലയാളമോ ആകാമെന്ന ഉത്തരവിറങ്ങിയതുമാണ്. അത് ഒരു ചലനവും സൃഷ്ടിക്കാത്ത സാഹചര്യത്തില്‍ ഇതേക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് 1987ല്‍ സര്‍ക്കാര്‍ ജസ്റ്റിസ് നരേന്ദ്രന്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. കോടതികളിലെ ഇംഗ്ലീഷ് പാവപ്പെട്ടവനു മുന്നിലെ ഇരുമ്പുമറയാണെന്നാണ് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇന്നത്തെ കോടതി സമ്പ്രദായത്തെക്കുറിച്ചു കുറ്റപ്പെടുത്തിയത്. കോടിതി നടപടികള്‍ മലയാളിത്തിലാക്കുന്നിന്റെ ഭാഗമായി നിയമങ്ങളുമായി ബന്ധപ്പെട്ട ഒരു പദകോശം മലയാളത്തില്‍ രൂപപ്പെടുത്തണമെന്നും മലയാളത്തില്‍ ലോ ജേര്‍ണല്‍ പ്രസിദ്ധീകരിക്കണമെന്നും നിയമ വിദ്യാഭ്യാസം മലയാളത്തിലാക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു. സമിതി ശിപാര്‍ശകള്‍ നടപ്പാക്കുന്നതിന് 2009-ല്‍ സര്‍ക്കാര്‍ മൂന്ന് ജഡ്ജിമാര്‍ അടങ്ങിയ സമിതിയെയും മുഖ്യമന്ത്രി അധ്യക്ഷനായി ഒരു മന്ത്രിതല സമിതിയെയും നിയമിച്ചിരുന്നു. കോടതികളിലെ വ്യവഹാര ഭാഷ മലയാളമാക്കുന്നതിന് സഹായകമായ നിയമ ശബ്ദാവലിയുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുകയായിരുന്നു മന്ത്രിതല സമിതിയുടെ ഉത്തരവാദിത്തം. പക്ഷേ ഒന്നും നടന്നില്ല.
അഭിഭാഷകരും ജഡ്ജിമാരും പൊതുവെ ഭാഷ മലയാളമാക്കുന്നതിനോട് അനുകൂലമല്ല. ഇംഗ്ലീഷിലാണ് നിയമപുസ്തകങ്ങള്‍ ലഭ്യമാകുന്നതും പഠിക്കുന്നതും എന്നതാണ് അവര്‍ പറയുന്ന കാരണം. മലയാളത്തിലേക്കുള്ള മാറ്റം ശ്രമകരമാണെന്നും ഇവര്‍ വാദിക്കുന്നു. നിയമകലാലയങ്ങളിലെ പഠനം മലയാളത്തിലാക്കുകയും നിയമപുസ്തകങ്ങള്‍ വിവര്‍ത്തനം നടത്തുകയും ചെയ്താല്‍ പരിഹരിക്കാവുന്നതേയുള്ളൂ ഈ പ്രശ്‌നങ്ങള്‍. അഭിഭാഷകര്‍ നടത്തുന്ന വാദങ്ങളിലെ പാളിച്ചകളും പിടിപ്പുകേടും കക്ഷികള്‍ മനസ്സിലാക്കാന്‍ ഇടവരുമെന്നതു കൂടിയാണ് അവരുടെ എതിര്‍പ്പിന് പിന്നില്‍. തിരക്കുള്ള വക്കീലന്മാര്‍ക്ക് ഒരു ദിവസം രണ്ട് കേസിന്റെ വിചാരണയോ എതിര്‍വിചാരണയോ വന്നാല്‍ ജൂനിയര്‍ വക്കീലിനെ അയച്ചു ഒരു കേസ് നീട്ടിവെപ്പിക്കാറുണ്ട്. അതേസമയം കക്ഷിയില്‍ നിന്ന് രാവിലെ തന്നെ കണക്ക് പറഞ്ഞു ഫീസ് ഈടാക്കുകയും ചെയ്യും. വ്യവഹാരം മലയാളത്തിലായാല്‍ ഇത്തരം കള്ളക്കളികള്‍ പുറത്താകും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇക്കാര്യം വെട്ടിതുറന്നു പറഞ്ഞതാണ്.