ഗായിക എസ് ജാനകി മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം

Posted on: October 29, 2017 7:39 pm | Last updated: October 29, 2017 at 7:40 pm

കോഴിക്കോട്: പ്രശസ്ത ഗായിക എസ് ജാനകി മരിച്ചതായി സോഷ്യല്‍ മീഡയ വഴി വ്യാജ പ്രചാരണം. പാട്ട് നിര്‍ത്തുന്നതായി കഴിഞ്ഞ ദിവസം എസ് ജാനകി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാവിലെ മുതല്‍ ഗാനകോകിലം എസ് ജാനകിക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ എന്നും പറയുന്ന തെറ്റായ വാര്‍ത്ത ഫേസ്ബുക്ക്, വാട്ട്‌സാപ്പ് വഴി പ്രചരിപ്പിച്ചത്.

വാര്‍ത്തയുടെ സത്യസന്ധത അറിയാതെ ലഭിച്ചവര്‍ മറ്റുള്ളവരിലേക്ക് ഫോര്‍വേഡ് ചെയ്തത് വലിയ ആശയക്കുഴപ്പത്തിനിടയാക്കി. നിമിഷങ്ങള്‍ക്കകം പല മാധ്യമ സ്ഥാപനങ്ങളിലും വാര്‍ത്തയുടെ വാസ്തവം അറിയുന്നതിനായി ജനങ്ങള്‍ വിളിച്ചു തുടങ്ങുകയും ചെയ്തു. കഴിഞ്ഞ ദിവസം ഗാനാലാപനം നിര്‍ത്തിയ ജാനകി ആത്മഹത്യ ചെയ്തതാണെന്ന തരത്തില്‍ പോലും ട്രോളുകള്‍ ലഭിച്ചതായി ജനങ്ങള്‍ പറയുന്നു.

മുമ്പും ഇത്തരത്തില്‍ സിനിമ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും മരണപ്പെട്ടതായി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. രോഗാവസ്ഥയില്‍ കിടന്ന് മരണപ്പെട്ട ചില രാഷ്ട്രീയ നേതാക്കള്‍ മരിക്കുന്നതിന് മുമ്പ് തന്നെ മരിച്ചതയി പ്രചരിക്കപ്പെട്ടു. സിനിമാതാരങ്ങളായ മാമുക്കോയ, വിജയരാഘവന്‍, കാവേരി എന്നിവര്‍ മരിച്ചെന്ന തരത്തില്‍ വന്ന വ്യാജ ട്രോളുകള്‍ വലിയ ആശങ്കയാണുണ്ടാക്കിയിരുന്നത്.