ഇന്ത്യ ഹിന്ദുക്കളുടേത്: മോഹന്‍ ഭഗവത്

Posted on: October 28, 2017 1:01 pm | Last updated: October 28, 2017 at 7:21 pm

ഇന്‍ഡോര്‍: ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. എന്നാല്‍ മറ്റുള്ളവര്‍ക്കും ഇവിടെ അവകാശങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡോറില്‍ ആര്‍എസ്എസ് വിദ്യാര്‍ഥികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഭഗവത്.

ജര്‍മനി ജര്‍മന്‍കാരുടെതാണ്. ബ്രിട്ടന്‍ ബ്രിട്ടീഷുകാരുടെതും. അതുപോലെ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേതാണ്. ഇതിനര്‍ഥം മറ്റുള്ളവര്‍ക്ക് ഈ രാജ്യത്ത് അവകാശമില്ല എന്നല്ല. ഇന്ത്യന്‍ പാരമ്പര്യം അനുസരിച്ച് ജീവിക്കുന്ന എല്ലാവരും ഹിന്ദു എന്ന വിശേഷണത്തില്‍ ഉള്‍പ്പെടുമെന്നും – ഭഗവത് കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ വികസനത്തിന് ഒരു നേതാവ് മാത്രം വിചാരിച്ചിട്ട് കാര്യമില്ല. അതിന് സമൂഹം ഒന്നടങ്കം തയ്യാറെടുക്കണം. സമൂഹം പോകുന്നതിന് അനുസരിച്ച് മാത്രമേ സര്‍ക്കാറിന് മുന്നേറാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.