Connect with us

Articles

ബേപ്പൂര്‍ തീരത്തെ അബ്ദുല്ല

Published

|

Last Updated

സാഹിത്യത്തില്‍ പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ സഞ്ചാരം വേറിട്ട വഴിയിലൂടെയായിരുന്നു. ജീവിതത്തിലും അതെ പോലെതന്നെ. രാഷ്ട്രീയത്തിലും വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് അമ്പരപ്പിച്ചിട്ടുണ്ട് കുഞ്ഞബ്ദുല്ല. പുറംതോടിന്റെ ഭാരം ഇല്ലാത്തത് കൊണ്ട് തന്നെ പുനത്തിലിന് ഒരേ സമയം രാഷ്ട്രീയത്തെ തള്ളിപ്പറയാനും രാഷ്ട്രീയത്തിന്റെ ഭാഗമാകാനും കഴിഞ്ഞു. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പ് പുനത്തിലിനെ അറിയുന്നവര്‍ക്കാര്‍ക്കും മറക്കാനാവില്ല, ബേപ്പൂരുകാര്‍ക്ക് പ്രത്യേകിച്ചും. ബേപ്പൂര്‍ മോഡല്‍ എന്ന് ഏറെ കാലമായി പറഞ്ഞു കേള്‍ക്കാറുള്ള ഒന്നാണ്. അത് “കോലീബി” ബന്ധപ്പെട്ടതായിരുന്നുവെങ്കില്‍ മറ്റൊരിക്കല്‍ പുനത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെയും ബേപ്പൂര്‍ ശ്രദ്ധാ കേന്ദ്രമായി. അതും ബി ജെ പി യുടെ സ്ഥാനാര്‍ഥിയായിട്ടായിരുന്നു പുനത്തില്‍ മത്സരിച്ചത്. സാഹിത്യകരന്മാര്‍ ഭൂരിഭാഗവും ഇടതു അനുകൂലികളായിരുന്നു. പിന്നെ കോണ്‍ഗ്രസുകാരും. എന്നാല്‍ കേരളത്തില്‍ വലിയ സ്വാധീനമൊന്നും ബി ജെ പി ഉണ്ടാക്കിയിട്ടില്ലാത്ത കാലത്താണ് പുനത്തില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി സര്‍വരെയും അത്ഭുതപ്പെടുത്തി കൊണ്ട് രംഗപ്രവേശം ചെയ്യുന്നത്. ബി ജെ പിയുടെ ആശയാദര്‍ശങ്ങളില്‍ ആകര്‍ഷിക്കപ്പെട്ടത് കൊണ്ടൊന്നുമല്ല സ്ഥാനാര്‍ഥിയായി മാറിയതെന്ന് എല്ലാവര്‍ക്കുമറിയാം. പുനത്തിലിന്റെ പതിവ് രീതി വെച്ച് രംഗത്തിറങ്ങിയെന്ന് മാത്രം.

 

ചെറുപ്പത്തില്‍ തന്നെ ഏറ്റവും ആകര്‍ഷിച്ചത് ഇടതുപക്ഷമാണെന്ന് പുനത്തില്‍ പറഞ്ഞിട്ടുണ്ട്. ഒഞ്ചിയത്തെ വെടിയൊച്ചകള്‍ നേരിട്ട് കേട്ടിട്ടുണ്ടെന്നും ആ ദിവസം മുതലാകണം കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം വളര്‍ന്ന് തുടങ്ങിയതെന്നും പുനത്തില്‍ ഒരു അഭിമുഖത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും പുനത്തില്‍ ഒരു തിരഞ്ഞെടുപ്പിനെ മാത്രമെ നേരിട്ടുള്ളൂ. അത് ബി ജെ പി ക്ക് വേണ്ടിയാണെന്നായിരുന്നു. പുനത്തിലിന്റെ എതിരാളികള്‍ സി പി എമ്മിലെ വി കെ സി മമ്മദ്‌കോയയും ലീഗിലെ എം സി മായിന്‍ ഹാജിയുമായിരുന്നു. ജയിക്കാന്‍ വേണ്ടിയല്ല അനുഭവങ്ങള്‍ക്ക് വേണ്ടിയാണ് മത്സരിക്കുന്നതെന്ന് അക്കാലത്ത് തന്നെ വ്യക്തമാക്കി. ഇനി വല്ല കുട്ടിച്ചാത്തന്‍ സേവ കൊണ്ടോ ദൈവാധീനം കൊണ്ടോ ജയിക്കുകയാണെങ്കില്‍ സന്തോഷമെന്നും. താന്‍ തോല്‍ക്കുകയാണെങ്കില്‍ അതിന്റെ കാരണം എല്ലാ പാര്‍ട്ടിക്കാരും തനിക്ക് വോട്ട് ചെയ്യാത്തത് കൊണ്ടാണ്. തോല്‍ക്കലും ജയിക്കലുമായിരുന്നില്ല പ്രശ്‌നം. വര്‍ഗീയതയെ ഒന്ന് ലഘൂകരിക്കാമെന്നേ വിചാരിച്ചുള്ളൂവെന്നും ബി ജെ പി സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്തതിന് ന്യായീകരണവുമായി പുനത്തില്‍ പറയുകയുണ്ടായി. ന്യൂനപക്ഷ വിരുദ്ധരാണെന്ന ആരോപണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള അവസരമായി ബി ജെ പിയും സ്ഥാനാര്‍ഥിത്വത്തെ കണ്ടു. പുനത്തിലിന്റെ സ്ഥാനാര്‍ഥിത്വം ബി ജെ പിക്ക് വലിയ ഉണര്‍വ് നല്‍കിയെങ്കിലും പുനത്തിലിന്റെ മുഖത്ത് എല്ലാം തമാശയാണെന്ന മട്ടും ഭാവവുമായിരുന്നു.

പലപ്പോഴും പുനത്തില്‍ ബി ജെ പിയെ വെള്ളം കുടിപ്പിച്ചിട്ടുണ്ട്. ബി ജെ പിയുടെ അംഗം പോലുമല്ലാത്ത പുനത്തില്‍ താമര ചിഹ്നത്തിലായിരുന്നു മത്സരിച്ചത്. ചിഹ്നം വേണമെങ്കില്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പെടുക്കണമെന്ന് നിര്‍ദേശം വന്നപ്പോള്‍ യതൊരു സങ്കോചവുമില്ലാതെ അത് സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായി. പാന്റിട്ട പുനത്തിലായിരുന്നു ബി ജെ പിക്ക് മറ്റൊരു പ്രയാസം. ഇത് അവര്‍ പുനത്തിലിന്റെ ശ്രദ്ധയില്‍ പെടുത്തി. മുണ്ടുടുക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ മുണ്ടുടുത്തിറങ്ങിയാല്‍ അഴിഞ്ഞ് പോകുന്ന പക്ഷം അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുമെന്ന ഭീഷണിക്ക് മുന്നില്‍ ആവശ്യം പിന്‍വലിക്കുകയായിരുന്നു നേതാക്കള്‍. ഒടുവില്‍ പാന്റിട്ട് തന്നെ തിരഞ്ഞെടുപ്പ് ഗോദയില്‍ കസറി.

വൈക്കം മുഹമ്മദ് ബഷീറിന്റെ തറവാട്ടില്‍ വെച്ചായിരുന്നു പ്രചാരണത്തിന്റെ തുടക്കം. അന്ന് മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തോട് എന്തു കൊണ്ടാണ് ബി ജെ പി സ്ഥാനാര്‍ഥിയായതെന്ന് ചോദിച്ചപ്പോള്‍ ആദ്യം ക്ഷണിച്ചത് ബി ജെ പിയായത് കാരണമെന്ന് മറുപടി. ആദ്യം ക്ഷണിച്ചത് മറ്റാരെങ്കിലുമായിരുന്നെങ്കിലോയെന്ന് വീണ്ടും ചോദിച്ചപ്പോള്‍ തീര്‍ച്ചയായും പരിഗണിക്കുമായിരുന്നുവെന്നായിരുന്നു ഉത്തരം. അന്നത്തെ പുനത്തിലിന്റെ മറുപടികള്‍ പലതും വിവാദമായി മാറുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചാല്‍ സാധാരണഗതിയില്‍ പിന്നെ സ്ഥാനാര്‍ഥിക്ക് ഉറക്കമുണ്ടാകാറില്ല. വളരെ വൈകിയെ ഉറങ്ങാനാകുകയുള്ളൂ. നേരത്തെ എഴുന്നേല്‍ക്കുകയും വേണം. എന്നാല്‍, പുനത്തിലിനെ കിട്ടണമെങ്കില്‍ രാവിലെ പതിനൊന്ന് മണിയെങ്കിലും ആകേണ്ടിവരുമെന്ന് ബി ജെ പി നേതാക്കള്‍ പിറുപിറുത്തു. എന്ത് പറയണമെന്ന് നിര്‍ദേശിക്കാറുണ്ടെങ്കിലും പ്രസംഗം തുടങ്ങിയാല്‍ പിന്നെ പുനത്തിലിന് അതൊന്നും ഓര്‍മ കാണില്ല. അദ്ദേഹത്തിന്റെ സ്വന്തം ശൈലിയോടെയായിരിക്കും പ്രസംഗം. ഇത് ജനങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. വോട്ടര്‍മാരോട് ചിരിക്കണമെന്നും കൈകൂപ്പണമെന്നും കൈയുയര്‍ത്തി അഭിവാദ്യം ചെയ്യണമെന്നും ഒക്കെ ഓര്‍മപ്പെടുത്തുമെങ്കിലും അതൊക്കെ പുനത്തില്‍ മറക്കും. രാഷ്ട്രീയത്തില്‍ വലിയ പ്രവര്‍ത്തന പരിചയമൊന്നും ഇല്ലാതിരുന്നിട്ടും ജനകീയനായി മാറാന്‍ അദ്ദേഹത്തിന് വലിയ കാല താമസമൊന്നും വേണ്ടിവന്നിരുന്നില്ല. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ ഏറെ അവശനുമാക്കിയിരുന്നു. എന്നാലും ക്ഷീണമൊന്നും വക വെക്കാതെ പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പെരുമാറാന്‍ പുനത്തില്‍ തയ്യാറായി. വോട്ടെണ്ണിയപ്പോള്‍ 10,934 വോട്ടുകള്‍. ബി ജെ പിയെ സംബന്ധിച്ചിടത്തോളം അക്കാലത്ത് പല മണ്ഡലങ്ങളിലും ലഭിച്ച വോട്ടുകളേക്കാള്‍ കൂടുതലായിരുന്നു അത്. തിരഞ്ഞെടുപ്പില്‍ ബി ജെ പിയായി മാറിയ പുനത്തില്‍ പിന്നീട് ബി ജെ പിയെ പലപ്പോഴും എതിര്‍ത്തും രംഗത്ത് വന്നു.

---- facebook comment plugin here -----

Latest