Connect with us

Articles

മരുന്നുള്ള കഥകള്‍

Published

|

Last Updated

കഥ പറയുന്നതും കേള്‍ക്കുന്നതും മനുഷ്യന് ഇഷ്ടമാണ്. ലോകത്ത് മനുഷ്യര്‍ ഉണ്ടായ കാലത്ത് തന്നെ കഥയും ഉണ്ടായിട്ടുണ്ടാകും. അനുഭവത്തില്‍ എന്തുണ്ടായി, എങ്ങനെ ഉണ്ടായി എന്നു വിവരിക്കുന്നിടത്തായിരിക്കാം കഥ ആരംഭിച്ചിട്ടുണ്ടാകുക. അനുഭവങ്ങളുടെ ചൂട് കഥയിലുണ്ടാകുമ്പോള്‍ ചിലപ്പോഴൊക്കെ അത് വായനക്കാരനെ പൊള്ളിക്കുകയും ചെയ്യും. ഭാവനാ ലോകത്തു മാത്രം നിലനില്‍ക്കുന്ന ആശയങ്ങള്‍ക്ക് പരിമിതികളുണ്ടാകുമ്പോള്‍ സത്യങ്ങളോട് കൂടുതല്‍ അടുക്കാന്‍ കാലം നിര്‍ബന്ധിപ്പിക്കുമത്രെ. ജീവിതത്തില്‍ എഴുതപ്പെടേണ്ടതായ ഘടകങ്ങളുണ്ടെന്ന് ബോധ്യമുണ്ടാകുമ്പോള്‍ കാലം തന്നെ കഥാകാരനെക്കൊണ്ട് അനുഭവങ്ങള്‍ പകര്‍ത്തിയെഴുതിക്കും. അങ്ങനെ എഴുതപ്പെടുന്ന ഓരോ വാക്കിലും വരയിലും അനുഭവങ്ങള്‍ നിറഞ്ഞു കവിയും.

തനിക്കു ചുറ്റുമുള്ള കഥാപാത്രങ്ങളെ കണ്ടെത്തി, പ്രിയങ്കരമായ കഥകള്‍ സൃഷ്ടിച്ച് വായനക്കാരുടെ മനസ്സില്‍ നിത്യവിസ്മയമായ നാട്ടുകാരുടെ കുഞ്ഞിക്കയെന്ന മലയാളത്തിന്റെ പുനത്തില്‍ കുഞ്ഞബ്ദുല്ലയും ഇത്തരത്തിലൊരു കഥ പറച്ചിലുകാരനാണ്. അനുഭവങ്ങളുടെയും ഭാവനയുടെയും അനുഭൂതിയുടെയും പുതിയ ലോകം വായനക്കാരന്റെ മുമ്പില്‍ തുറന്നിട്ട മനുഷ്യന്‍. സവിശേഷമായ അനുഭവങ്ങളെ ആഖ്യാനശൈലിയുടെ അടിത്തറയാക്കിയ എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുല്ല. ജീവിതത്തെ ഉള്‍വഹിക്കുന്ന ഭാഷ, സാഹിത്യത്തിലെ പരമ്പരാഗത നിയമങ്ങളെയും രീതികളെയും ശൈലികളെയും തകര്‍ത്ത് അനുസ്യൂതം ഒഴുകുന്ന വരികള്‍ എന്നിവയെല്ലാം പുനത്തിലിന് മലയാളിയുടെ മനസ്സില്‍ വേറിട്ട ഇടമൊരുക്കി. പൊടിതട്ടിയെടുത്ത പല ഓര്‍മകളെയും പുനത്തില്‍ അക്ഷരങ്ങളാക്കി മാറ്റി. ഒന്നോ രണ്ടോ വരികളില്‍കൂടി ഒരു കഥാപാത്രത്തെ മുഴുവനായി വായനക്കാരുടെ മനസ്സില്‍ ആഴത്തില്‍ കോറിയിട്ടു. മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ വ്യര്‍ഥതയെക്കുറിച്ചും മരണത്തിന്റെയും ശ്യൂന്യതയുടെയും സങ്കീര്‍ണതയെക്കുറിച്ചും വായനക്കാരനെ പറഞ്ഞ് പഠിപ്പിച്ചു. അനുഭവങ്ങള്‍ക്കു പുറമെ ചുറ്റുമുള്ള മനുഷ്യരെയം പുനത്തില്‍ കഥാ പാത്രങ്ങളാക്കി മാറ്റി. നാടും വീടും തറവാടും ഖബറിടവും കഥകളില്‍ തുന്നിപ്പിടിപ്പിച്ചു.

അറയ്ക്കല്‍ തറവാടിന്റെ പശ്ചാത്തലത്തില്‍ ജന്മനാടായ കാരക്കാടിന്റെ ഹൃദയസ്പന്ദനം കൂടി ഒപ്പിയെടുത്തുണ്ടാക്കിയ “സ്മാരകശിലകള്‍” പലരും ആര്‍ത്തിയോടെ വായിച്ചു തീര്‍ത്തു. കാരക്കാട് എന്ന ദേശത്തെ മലക്കുകളെയും ലൈലാക്കുകളെയും ജിന്നുകളെയും ശയ്ത്താനെയും കുറിച്ചെഴുതിയ കുഞ്ഞബ്ദുല്ല ആധുനികതക്കുമുമ്പും പിമ്പുമുള്ള കാലദേശങ്ങളെ കഥയിലൂടെ സമന്വയിപ്പിച്ചു. മരണവും ജീവിതവും തമ്മിലുള്ള നിതാന്തസമരം ആവിഷ്‌കരിച്ച “മരുന്നി”ലും എണ്ണപ്പാടങ്ങളുടെ സമൃദ്ധിയില്‍ ആര്‍ദ്രത വറ്റിയ ഗള്‍ഫിന്റെ കഥ പറഞ്ഞ “കന്യാവന”ത്തിലും പുനത്തില്‍ മലയാളിക്ക് സമൃദ്ധമായി വായിക്കാനുള്ള അനുഭവങ്ങള്‍ നിറച്ചു. ആധുനികരുടെ മുന്‍നിരയില്‍ എഴുതിത്തുടങ്ങിയിട്ടും പുനത്തിലിന്റേത് എപ്പോഴും മറ്റൊരു വഴി തന്നെയായിരുന്നു. എഴുത്തിലെന്നപോലെ കാഴ്ചപ്പാടിലും ജീവിതത്തിലും പുനത്തില്‍ വേറിട്ട വഴിയിലേക്ക് മാറി. മലമുകളിലെ അബ്ദുല്ല, അലിഗഢിലെ തടവുകാരന്‍, സൂര്യന്‍, കത്തി, ദുഃഖിതര്‍ക്കൊരു പൂമരം, സതി, തെറ്റുകള്‍, നരബലി, കൃഷ്ണന്റെ രാധ, ആകാശത്തിനു മറുപുറം, എന്റെ അച്ഛനമ്മമാരുടെ ഓര്‍മയ്ക്ക്, കാലാള്‍പ്പടയുടെ വരവ്, അജ്ഞാതന്‍, കാമപ്പൂക്കള്‍, പാപിയുടെ കഷായം, ഡോക്ടര്‍ അകത്തുണ്ട് തുടങ്ങി പുനത്തിലിന്റെ എഴുത്തുകളിലെല്ലാം ഈ വ്യത്യസ്തത കാണാനാകും.

ഭിഷഗ്വരന്‍ എന്ന നിലയിലുള്ള ജീവിതവും പുനത്തില്‍ കൃതികളില്‍ ആഴത്തില്‍ ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. സാധാരണ കാര്യങ്ങള്‍ പുനത്തിലിന്റെ ഭാഷയില്‍ പുസ്തകത്തിലൂടെ പുറത്തുവരുമ്പോള്‍ അത് അസാധാരണങ്ങളായി മാറുന്നു. മലയാളിയുടെ ആരോഗ്യപരമല്ലാത്ത ജീവിത രീതികളെ ഈ എഴുത്തുകാരനായ ഡോക്ടര്‍ വല്ലാതെ വിമര്‍ശിക്കാറുണ്ട്. കണ്ണടച്ച് വെട്ടി വിഴുങ്ങി സ്ഥൂലശരീരം ഉണ്ടാക്കുന്നവനാണ് ആരോഗ്യവാനെന്ന മലയാളിയുടെ അബദ്ധ ധാരണ തന്റെ കഥാപാത്രങ്ങളിലൂടെ പുറത്തെടുത്ത് പുനത്തില്‍ തിരുത്തുന്നു.

നര്‍മവും ലാളിത്യവും തന്റെ എഴുത്തിന്റെ സവിശേഷതയായി സൂക്ഷിച്ചപ്പോഴും വിവാദങ്ങളെ കൂടെക്കൂട്ടാനും പുനത്തില്‍ മറന്നില്ല. എഴുത്തിലായാലും ജീവിതത്തിലായാലും ചുറ്റുമുള്ളവരെ അമ്പരപ്പിച്ചു. പുനത്തില്‍ ബി ജെ പിക്ക് വേണ്ടി കളത്തിലിറങ്ങിയത് വലിയ ചര്‍ച്ചക്ക് വഴി തുറന്നു. തന്റെ പഴയകാല ജീവിതവും പുതിയ കാഴ്ചപ്പാടുകളും ഒരിക്കല്‍ ഒരഭിമുഖത്തില്‍ പങ്കുെവച്ചപ്പോള്‍ “പ്രായം കൂടുകയും രോഗിയാവുകയുമൊക്കെ ചെയ്യുമ്പോഴാണ് മതത്തെയും ആത്മീയതയെയും കുറിച്ചുമെല്ലാം മനുഷ്യന്‍ കൂടുതല്‍ ചിന്തിക്കുക” എന്ന പുനത്തിലിന്റെ മറുപടിയും പിന്നീട് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ ഒരഭിമുഖത്തില്‍ പുനത്തില്‍ ഇങ്ങനെ പറഞ്ഞു. “സമൂഹത്തെ ഉദ്ധരിക്കാനായി ഞാനൊരിക്കലും എഴുതിയിട്ടില്ല. ഒരു പൂ വിടരുന്നതെന്തിനാണ്? പൂവിനോട് ചോദിച്ചാല്‍ പറയാന്‍ കഴിയുമോ? ഒരു പൂ വിടരുന്നത് പോലെയോ ഒരു വിത്ത് മുളക്കുന്നത് പോലെയോ ഞാനെഴുതുന്നു. അതിലെങ്കിലും ഒരു വെളിച്ചമുണ്ടാകും. ആ വെളിച്ചം ആര്‍ക്കെങ്കിലും ഉപകാരപ്പെടുമെങ്കില്‍ നല്ലത്.” പുനത്തില്‍ മലയാള സാഹിത്യത്തില്‍ ആരേക്കാള്‍ മുന്നിലാണെന്നോ പിന്നിലാണെന്നോ സമശീര്‍ഷനാണെന്നോ വ്യാഖ്യാനിക്കാനാകില്ല. പക്ഷേ, മലയാളത്തിന്റെ എഴുത്ത് വഴികളില്‍ അദ്ദേഹം സൃഷ്ടിച്ച “സ്മാരകശിലകള്‍” കാണാതെയും ഒരിക്കലെങ്കിലും അതിലേക്ക് കണ്ണ് പായിക്കാതെയും വരുന്ന തലമുറയിലെ വായനക്കാരന് കടന്നു പോകാന്‍ കഴിയില്ല.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി