സലഫിസത്തെ ന്യായീകരിച്ച് ഇടി വീണ്ടും; സലഫിസം തീവ്രവാദമല്ലെന്ന്

Posted on: October 27, 2017 3:55 pm | Last updated: October 27, 2017 at 11:12 pm

കോഴിക്കോട്: സലഫിസത്തെ ന്യായീകരിച്ച് വീണ്ടും ഇ ടി മുഹമ്മദ് ബഷീര്‍ രംഗത്ത്. സലഫിസം തീവ്രവാദമാണെന്ന പ്രചാരണം തെറ്റാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇടി സലഫി ആശയക്കാര്‍ക്ക് വീണ്ടും തുറന്ന പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

മുസ്ലിംകള്‍ക്കിടയില്‍ മതപരമായ ചിന്താധാരകള്‍ പലതുണ്ട്. ഇതില്‍ സലഫിസത്തിന്റെ അവാന്തര വിഭാഗങ്ങള്‍ തീവ്രവാദമാണെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഇത് ശരിയല്ല – ഇടി വിശദീകരിച്ചു. താന്‍ മുജാഹിദുകാരന്‍ അല്ലെന്നും അത്തരമൊരു പ്രചാരണം എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും ഇടി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം കണ്ണൂരില്‍വെച്ച് അറസ്റ്റിലായ ഐഎസ് അനുകൂലികളായവർ സലഫി ആശയത്തില്‍ ആകൃഷ്ടരായാണ് ഐഎസില്‍ എത്തിയതെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇടി സലഫിസത്തെ ന്യായീകരിച്ച് വീണ്ടും രംഗത്ത് വന്നത് എന്നത് ശ്രദ്ധേയമാണ്. അടുത്തിടെ സലഫികള്‍ വിഭാവനം ചെയ്യുന്ന തൗഹീദാണ് ശരിയായ തൗഹീദെന്ന് തുറന്നുപറഞ്ഞ് ഇടി വെട്ടിലായിരുന്നു. ഇതിന്റെ പേരില്‍ ഇടിക്ക് എതിരെ മുസ്ലിം ലീഗിന് അകത്ത് തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇ കെ വിഭാഗം സമസ്തയും ഇതിന്റെ പേരില്‍ ഇടിയുമായി ഇടഞ്ഞിരുന്നു. ഇതേതുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ഇന്ന് പാണക്കാട്ട് യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ഇടിയുടെ പുതിയ പ്രസ്താവന പുറത്തുവന്നത്. സലഫിസം തീവ്രവാദമാണെന്ന മുദ്രാവാക്യം ഉയർത്തി ഇകെ വിഭാഗം നേരത്തെ ക്യാമ്പയിൻ നടത്തിയിരുന്നു.

വീഡിയോ കടപ്പാട്: മനോരമ ന്യൂസ്