Connect with us

Gulf

ഖത്വറില്‍ പൊണ്ണത്തടി ചികിത്സക്ക് ദേശീയ കേന്ദ്രം തുറന്നു

Published

|

Last Updated

ദേശീയ പൊണ്ണത്തടി ചികിത്സാ കേന്ദ്രം പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി ഉദ്ഘാടനം ചെയ്യുന്നു

ദോഹ: രാജ്യത്ത് ദേശീയ പൊണ്ണത്തടി ചികിത്സാ കേന്ദ്രം ആരംഭിച്ചു. ഖത്വര്‍ മെറ്റബോളിക് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കീഴിലായിരിക്കും കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ പുതിയ ചികിത്സാസംരംഭമായ കേന്ദ്രം പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.

ഖത്വറില്‍ അമിതവണ്ണത്തിനും പൊണ്ണത്തടിക്കുമെതിരായ പോരാട്ടത്തിന്റെ യാത്രയിലെ വളരെ സുപ്രധാനമായ നാഴികക്കല്ലാണ് പുതിയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനമെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലെ ബില്‍ഡിംഗ് 311ലാണ് ദേശീയ അമിതവണ്ണ ചികിത്സാകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മറ്റു കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പൊണ്ണത്തടി പ്രതിരോധ ക്ലിനിക്കുകള്‍ ഇനിമുതല്‍ പുതിയ ദേശീയ കേന്ദ്രത്തിലായിരിക്കും. രോഗികള്‍ക്ക് ഏറ്റവും മികച്ചതും സമഗ്രവുമായ സേവനങ്ങളും സൗകര്യങ്ങളും പരിചരണവും ലഭ്യമാക്കും. ക്ലിനിക്കില്‍ ചികിത്സക്ക് വിധേയമാകുന്നവര്‍ക്ക് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിനുതകുന്ന വ്യക്തി അധിഷ്ഠിത ചികിത്സാ പദ്ധതിയായിരിക്കും നടപ്പാക്കുക. ബാരിയാട്രിക് ഫിസിഷ്യന്‍സ്, സര്‍ജന്‍സ്, എന്‍ഡോക്രൈനോളജിസ്റ്റുകള്‍, ഡയറ്റീഷ്യന്‍മാര്‍, ഫിസിയോതെറാപിസ്റ്റുകള്‍, നഴ്‌സുമാര്‍ തുടങ്ങിയവര്‍ക്ക് കൂടിയാലോചിച്ച് രോഗികള്‍ക്ക് ആവശ്യമായ പരിചരണം ഉറപ്പാക്കാന്‍ അത്യാധുനിക ചികിത്സാ ക്രമീകരണങ്ങളാണ് ഇവിടെ ലഭ്യമാക്കുന്നത്.

രോഗിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളെ പരിഗണിച്ചുകൊണ്ടുള്ള സമഗ്രമായ ചികിത്സയാണ് ഒരുക്കിയത്. ആരോഗ്യ കാര്യനിര്‍വഹണം, ജീവിതശൈലി പരിഷ്‌കരണങ്ങള്‍, ബാരിയാട്രിക് എന്‍ഡോസ്‌കോപിക് നടപടിക്രമങ്ങള്‍ എന്നിങ്ങനെ രോഗിയുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ഉന്നത നിലവാരത്തിലുള്ള പരിചരണം ഉറപ്പാക്കുന്നുണ്ടെന്ന് ദേശീയ പൊണ്ണത്തടി ചികിത്സാകേന്ദ്രം ഡയറക്ടര്‍ ഡോ.മോണിക്ക സ്‌കാറുലിസ് യുംഗ് പറഞ്ഞു. ജീവിതശൈലിയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രതിഫലനമാണ് ലക്ഷ്യമെന്ന് ഖത്വര്‍ മെറ്റബോളിക് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ. അബ്ദുല്‍ ബാദി അബു സംറ പറഞ്ഞു.

 

Latest