തടവറയില്‍ നഗ്‌നനൃത്തം; യുവതിക്ക് അധിക തടവ്

Posted on: October 26, 2017 8:17 pm | Last updated: October 26, 2017 at 8:17 pm

ദുബൈ: ദുബൈയിലെ പ്രധാന ജയിലില്‍ അര്‍ധ നഗ്‌നയായി നൃത്തംചെയ്യുകയും പോലീസ് ഉദ്യോഗസ്ഥയെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത പ്രതിക്ക് ആറു മാസം അധികതടവുശിക്ഷ വിധിച്ചു. 23 വയസുള്ള സ്വദേശി യുവതിയാണ് ഡിസംബറില്‍ ജയിലില്‍ അതിക്രമം കാണിച്ചത്. ആഘോഷ വേളയില്‍ മറ്റു തടവുകാരികള്‍ക്കൊപ്പം ജയിലിലെ തുറന്ന പ്രദേശത്ത് അര്‍ധനഗ്‌നയായി നൃത്തം ചെയ്യുകയായിരുന്നു.

വാതിലിന് മറുവശത്ത് നില്‍ക്കുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥ ഇതുകാണുകയും നൃത്തം നിര്‍ത്തിവച്ച് ജയില്‍ ഓഫീസിലേക്ക് എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. മോശമായ രീതിയില്‍ വസ്ത്രം ധരിച്ചിരുന്ന തടവുകാരി, ജയില്‍ ഡയറക്ടര്‍ ആഘോഷിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് വിശദീകരണം നല്‍കി. ഇവര്‍ തമ്മിലുള്ള സംഭാഷണം തര്‍ക്കത്തിലേക്ക് മാറി.

തടവുകാരി തന്റെ ശരീരത്തിലുണ്ടായ വസ്ത്രങ്ങള്‍ പൂര്‍ണമായും വലിച്ചെറിയുകയും പോലീസ് ഉദ്യോഗസ്ഥയെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു. തര്‍ക്കത്തിനിടെ പോലീസ് ഉദ്യോഗസ്ഥയുടെ കുടുംബത്തെ അപമാനിക്കുകയും കൈകൊണ്ട് മോശം ചേഷ്ടകള്‍ കാണിക്കുകയും ചെയ്ത യുവതിയെ മറ്റു തടവുകാര്‍ വന്ന് പിടിച്ചുമാറ്റുകയായിരുന്നു.
ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി തടവുകാരി കുറ്റക്കാരിയാണെന്ന് കണ്ടെത്തി ശിക്ഷവിധിച്ചു. ജയില്‍ പരിസരത്ത് തടവുകാരി നഗ്‌നയായി പോലീസുകാരിയെ മര്‍ദിക്കുന്നത് കണ്ടെന്ന് സഹതടവുകാരില്‍ ചിലര്‍ മൊഴിനല്‍കുകയുംചെയ്തു. വിധിക്കെതിരെ പ്രതിക്ക് 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാം.