Connect with us

International

അഭയാര്‍ഥി ക്യാമ്പിലേക്ക് സന്നദ്ധ പ്രവര്‍ത്തകരെ വിലക്കി

Published

|

Last Updated

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഭക്ഷണത്തിനായി കൈ നീട്ടുന്ന അഭയാര്‍ഥികള്‍

യാങ്കൂണ്‍: റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ കടുത്ത മനുഷ്യാവകാശലംഘനവുമായി ബുദ്ധ തീവ്രവാദികള്‍. റോഹിംഗ്യകള്‍ക്കെതിരെ വംശഹത്യാ ആക്രമണങ്ങള്‍ അരങ്ങേറിയ റാഖിനെയിലെ അഭയാര്‍ഥി ക്യാമ്പിലേക്കുള്ള സന്നദ്ധ പ്രവര്‍ത്തകരെ ബുദ്ധ തീവ്രവാദികള്‍ തടഞ്ഞു. ക്യാമ്പുകളിലേക്കുള്ള അടിയന്തര സഹായവുമായി എത്തിയ സംഘത്തെയാണ് അക്രമികളായ ഒരു കൂട്ടം ബുദ്ധ തീവ്രവാദികള്‍ തടഞ്ഞത്.

അമേരിക്കയിലും ബ്രിട്ടനിലും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ റിലീഫ് ഇന്റര്‍നാഷനലിലെ പത്ത് പ്രവര്‍ത്തകരെയാണ് റാഖിനെയിലെ മിയേബോണ്‍ ക്യാമ്പിലേക്കുള്ള സന്ദര്‍ശന മധ്യേ തടഞ്ഞത്. ഇവര്‍ മ്യാന്മര്‍ പൗരന്മാരായിരുന്നുവെന്നും സന്നദ്ധ പ്രവര്‍ത്തനത്തില്‍ നിന്ന് ഇവരെ നിര്‍ബന്ധപൂര്‍വം പിന്തിരിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
റോഹിംഗ്യകള്‍ക്കുള്ള സന്നദ്ധ പ്രവര്‍ത്തനത്തെ അനുകൂലിക്കാത്ത മ്യാന്മര്‍ സര്‍ക്കാര്‍ നേരത്തെ വിദേശികളായ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരെ തിരിച്ചയച്ചിരുന്നു.

റാഖിനെയിലെ യഥാര്‍ഥ ചിത്രം പുറം ലോകത്ത് എത്താതിരിക്കാന്‍ വിദേശികളായ മാധ്യമ പ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും മ്യാന്മര്‍ സര്‍ക്കാര്‍ വിലക്കിയിരുന്നു. എന്നാല്‍, വിദേശസംഘടനകളുമായി സഹകരിക്കുന്ന മ്യാന്മര്‍ പൗരന്മാര്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ സഹായം എത്തിച്ചു കൊടുക്കാറുണ്ടായിരുന്നു.
മനുഷ്യാവകാശ പ്രവര്‍ത്തകരെ തടഞ്ഞ ശേഷം ബുദ്ധ തീവ്രവാദികള്‍ മിയേബോണ്‍ നഗരത്തില്‍ ആഹ്ലാദ പ്രകടനവും റോഹിംഗ്യന്‍വിരുദ്ധ പ്രക്ഷോഭവും സംഘടിപ്പിച്ചു
മിയേബോണിലെ ക്യാമ്പുകളില്‍ കഴിയുന്ന റോഹിംഗ്യകള്‍ക്കുള്ള ഭക്ഷണങ്ങളടക്കമുള്ള സഹായങ്ങള്‍ ബുദ്ധതീവ്രവാദി സംഘം തടയാറുണ്ട്. ചികിത്സ ലഭിക്കാതെയും ഭക്ഷണം കിട്ടാതെയും നൂറ് കണക്കിന് റോഹിംഗ്യകള്‍ റാഖിനെയിലെ വിവിധയിടങ്ങളിലുള്ള അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുകയാണ്. ക്യാമ്പുകളിലേക്കുള്ള ഭക്ഷണ പൊതികള്‍ വരെ ബുദ്ധ തീവ്രവാദി സംഘം പരിശോധിച്ച ശേഷമാണ് വിതരണത്തിന് അനുവദിക്കുകയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. പോലീസും സൈന്യവും നോക്കിനില്‍ക്കെയാണ് അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് സമീപം അക്രമി സംഘങ്ങളുടെ അഴിഞ്ഞാട്ടം നടക്കുന്നത്.
മ്യാന്മര്‍ സൈന്യത്തിന്റെയും ബുദ്ധ തീവ്രവാദികളുടെയും ആക്രമണവും പീഡനവും സഹിക്കാനാകാതെ ആറ് ലക്ഷത്തിലധികം റോഹിംഗ്യകള്‍ റാഖിനെയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുണ്ട്. പലകാരണങ്ങള്‍ കൊണ്ടും പലായനം ചെയ്യാന്‍ സാധിക്കാത്തവരായി ആയിരക്കണക്കിനാളുകള്‍ ഇപ്പോഴും റാഖിനെയില്‍ കഴിയുന്നുണ്ട്. ഇവര്‍ക്കെതിരെ ക്രൂരമായ ആക്രമണങ്ങളാണ് സൈന്യത്തിന്റെയും സര്‍ക്കാറിന്റെയും ഭാഗത്ത് നിന്നുണ്ടാകുന്നത്. രണ്ട് മാസത്തിനിടെ റാഖിനെയില്‍ നിന്ന് വ്യാപകമായ അഭയാര്‍ഥി പ്രവാഹമാണ് ബംഗ്ലാദേശിലേക്കുണ്ടായത്.