Connect with us

Gulf

കൂടുതല്‍ റഡാറുകള്‍ സ്ഥാപിക്കുന്നു; റഡാറുകളുടെ അകലം കുറക്കും

Published

|

Last Updated

ദോഹ: രാജ്യത്ത് റോഡുകളില്‍ കൂടുതല്‍ റഡാറുകള്‍ സ്ഥാപിക്കുമെന്ന് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് അല്‍ ഖര്‍ജി അറിയിച്ചു. രണ്ടു റഡാറുകളുടെ അകലം നിലവിലുള്ള അഞ്ചു കിലോമീറ്റര്‍ എന്നത് രണ്ടര കിലോമീറ്ററായി കുറക്കും. ഓരോ രണ്ടര കിലോമീറ്ററിലും നിരത്തുകളില്‍ റഡാറുകളുണ്ടാകും.

റഡാറുകളുടെ എണ്ണം ഇരട്ടിയാക്കാനാണ് പദ്ധതിയെന്ന് അല്‍ ഖര്‍ജി ദി പെനിന്‍സുലയോട് പറഞ്ഞു. നിലവിലെ റഡാറുകള്‍ തമ്മിലുള്ള ദൂരം വേഗതയില്‍ വാഹനമോടിക്കാന്‍ ഇത് അവസരമൊരുക്കുന്നുണ്ട്. അമിതവേഗതയിലും യാത്ര ചെയ്യാന്‍ ഇതിലൂടെ സാധിക്കുന്നു. എന്നാല്‍ റഡാറുകള്‍ തമ്മിലുള്ള ദൂരപരിധി കുറക്കുന്നതോടെ ഡ്രൈവര്‍മാര്‍ക്ക് വാഹനം വേഗത്തില്‍ ഡ്രൈവ് ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. വേഗപരിധി കൃത്യമായി പാലിക്കാനും ഡ്രൈവര്‍മാര്‍ നിര്‍ബന്ധിതരാകുമെന്നും അല്‍ ഖര്‍ജി ചൂണ്ടിക്കാട്ടി. റഡാറുകളുടെ ദൂരപരിധി കുറക്കുന്നതിനുള്ള നടപടികള്‍ ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റില്‍ പുരോഗമിക്കുന്നു. പദ്ധതി നടപ്പാകുന്നതോടെ നിരത്തുകളിലെ റഡാറുകളുടെ എണ്ണം ഇരട്ടിയാകും. അമിതവേഗതയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കുറക്കുന്നതില്‍ മൊബൈല്‍ റഡാറുകള്‍ കാര്യക്ഷമമാകുന്നുണ്ട്. എവിടെ വേണമെങ്കിലും മൊബൈല്‍ റഡാറുകള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കും. അതേസമയം സ്ഥിര റഡാറുകള്‍ എവിടെയാണെന്ന് ഡ്രൈവര്‍മാര്‍ക്ക് നേരത്തെ അറിയാമെന്നതിനാല്‍ അതിനനുസരിച്ച് വേഗപരിധി പിന്തുടരാനായിരിക്കും ശ്രമിക്കുക. സ്ട്രീറ്റുകളിലെ വേഗപരിധി നിശ്ചയിക്കുന്നത് സംബന്ധിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍), ദേശീയ ഗതാഗത സുരക്ഷാ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് സ്ട്രീറ്റുകളിലെ വേഗപരിധിയില്‍ തീരുമാനമെടുക്കുന്നത്. ഗതാഗത നിയമം സ്ഥിരമായുള്ളതല്ലെന്നും സാഹചര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ച നിയമം പരിഷ്‌കരിക്കുന്നുണ്ടെന്ന് അല്‍ ഖര്‍ജി ചൂണ്ടിക്കാട്ടി.

വാഹനങ്ങള്‍ വലതുവശത്തൂകൂടി മറികടക്കുന്നവര്‍ക്കുള്ള പിഴ 500 റിയാലില്‍ നിന്നും 1000 റിയാലായി വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രത്യേക ആവശ്യം അര്‍ഹിക്കുന്നവര്‍ക്കായി നീക്കിവെച്ച സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കുള്ള പിഴയും 500ല്‍ നിന്നും 1000 റിയാലാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇത്തരത്തില്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി ഗതാഗതനിയമം നവീകരിക്കുകയാണ് ചെയ്യുക. പുതിയ ഗതാഗത നിയമ ഭേദഗതിയില്‍ അപകടങ്ങള്‍ക്ക് കാരണമാകുന്ന നിയമലംഘനങ്ങള്‍ ഉള്‍പ്പടെ ചില നിയമലംഘനങ്ങളില്‍ പിഴത്തുകയും വര്‍ധിപ്പിക്കും. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫികും ഇന്‍ഷ്വറന്‍സ് കമ്പനികളും തമ്മില്‍ ഇലക്‌ട്രോണിക് ലിങ്ക് യാഥാര്‍ഥ്യമാകുന്നതോടെ വാഹന ഉടമകള്‍ക്ക് തങ്ങളുടെ റോഡ് പെര്‍മിറ്റ ്(ഇസ്തിമാറ) ഓണ്‍ലൈന്‍ മുഖേന പുതുക്കാനാകും. ഇലക്‌ട്രോണിക് ലിങ്കിംഗ്‌സംവിധാനം ഈ വര്‍ഷാവസാനത്തോടെ യാഥാര്‍ഥ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പിറകുവശത്തെ സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് ഗതാഗതനിയമത്തില്‍ ഭേദഗതി വരുത്തുന്നുണ്ട്. അപകടങ്ങള്‍ക്കു ശേഷം നടത്തുന്ന പരിശോധനയില്‍ ഭൂരിപക്ഷം വാഹനങ്ങള്‍ക്കും കാര്യമായ തകരാറുണ്ടാകുന്നില്ല. അതേസമയം വാഹനത്തിലുള്ളവര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുന്ന സ്ഥിതിയുമുണ്ടാകുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍ അപകടമുണ്ടാകുമ്പോള്‍ പെട്ടെന്ന് വാഹനത്തില്‍ നിന്നും രക്ഷപ്പെടാനുള്ള പ്രേരണയുണ്ടാകുകയും ഗുരുതരമായ പരുക്കിനിടയാക്കുകയും ചെയ്യുന്നതായാണ് ഇതില്‍ നിന്നും മനസിലാകുന്നത്.

 

---- facebook comment plugin here -----

Latest