മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്ന പ്രശ്‌നമില്ല : മമതാ ബാനര്‍ജി

Posted on: October 25, 2017 7:42 pm | Last updated: October 26, 2017 at 10:16 am

കൊല്‍ക്കത്ത: മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി രംഗത്ത്. തന്റെ ഫോണ്‍ കണക്ഷന്‍ റദ്ദാക്കിയാലും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്നു മമത പ്രഖ്യാപിച്ചു. കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മോദി ഏകാധിപതിയാണെന്ന് മമത ബാനര്‍ജി ആരോപിച്ചു. കേന്ദ്രത്തില്‍നിന്നു ബിജെപി സര്‍ക്കാരിനെ പുറത്താക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിര്‍ണായക പങ്കുവഹിക്കുമെന്നും അവര്‍ വ്യക്തമാക്കി. പൗരന്‍മാരുടെ അവകാശങ്ങളിന്മേലും സ്വകാര്യതയിലും കൈ കടത്താനാണു കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. ആരും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കരുത്. എന്റെ മൊബൈല്‍ കണക്ഷന്‍ റദ്ദാക്കിയാലും ആധാറുമായി ബന്ധിപ്പിക്കുന്ന പ്രശ്‌നമില്ല -മമത പറഞ്ഞു.

തീര്‍ത്തും ഏകാധിപത്യപരമായ ഭരണമാണ് ബിജെപിയുടേത്. അവര്‍ക്കെതിരെ ആര്‍ക്കും ശബ്ദിക്കാനാകാത്ത അവസ്ഥയാണ്. ആരെങ്കിലും വിമര്‍ശനം ഉയര്‍ത്തിയാല്‍ അവരെ ആദായനികുതി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ എന്നിവയെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തുമെന്നു മമത ചൂണ്ടിക്കാട്ടി.