വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാലിന്റെ മരണം കൊലപാതകമാണെന്ന് അമ്മ

Posted on: October 25, 2017 5:19 pm | Last updated: October 25, 2017 at 9:20 pm

ഹൈദരാബാദ്: വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാലിന്റെ മരണം കൊലപാതകമാണെന്ന് അമ്മ. ഭര്‍ത്താവ് അബ്ദുല്‍ നദീം കൊലപ്പെടുത്തിയതാണെന്നാണ് സനയുടെ അമ്മ ആരോപിക്കുന്നത്. ഭര്‍ത്താവും ഭര്‍തൃമാതാവും സനയെ പീഡിപ്പിച്ചിരുന്നതായും അമ്മ പറയുന്നു. താന്‍ ഹൃദയാഘാതം മൂലമോ എന്തെങ്കിലും ഷോക്ക് മൂലമോ മറ്റോ മരിച്ചാല്‍ അതിനു കാരണക്കാര്‍ നദീമും അമ്മയുമാണെന്നു സന സുഹൃത്തുക്കള്‍ക്ക് എഴുതിയെന്നു പറയപ്പെടുന്ന സന്ദേശത്തില്‍ ആരോപിക്കുന്നു.

ആത്മഹത്യക്കും വിഷാദരോഗത്തിനുമെതിരെ ബോധവല്‍ക്കരണവുമായി ഒറ്റയ്ക്ക് ഇന്ത്യയൊട്ടാകെ ബൈക്കില്‍ സഞ്ചരിച്ചിട്ടുള്ള വ്യക്തിയാണ് സന. ഭര്‍ത്താവിനൊപ്പം കാറില്‍ സഞ്ചരിക്കവെ ചൊവ്വാഴ്ച പുലര്‍ച്ചെ കാര്‍ അപകടത്തിലാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നദീമാണ് കാര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റ ഭര്‍ത്താവ് അബ്ദുല്‍ നദീം ചികിത്സയിലാണ്. രണ്ടു വയസുള്ള അലി മകനാണ്.