Connect with us

Kerala

കെ എസ് ഇ ബി ട്രാന്‍സ്ഗ്രിഡ് പദ്ധതി 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കും

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിന്റെ വൈദ്യുതി പ്രസരണ ശൃംഖല ശക്തിപ്പെടുത്തി 24 മണിക്കൂറും ഗുണനിലവാരമുള്ള വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതി 2020-ല്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വൈദ്യുതി വകുപ്പിന് നിര്‍ദേശം നല്‍കി. ഉത്പാദന കേന്ദ്രങ്ങളില്‍നിന്ന് കേരളത്തിന്റെ എല്ലാ ഭാഗത്തേക്കും വൈദ്യുതി എത്തിക്കുന്ന 400 കെ വി, 220 കെ വി ലൈനുകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതിയാണിത്. 9715 കോടി രൂപ ചെലവ് വരുന്ന പദ്ധതി രണ്ട് ഘട്ടമായാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 5623 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 4092 കോടി രൂപയുമാണ് ചെലവ്. ഇപ്പോള്‍ ശരാശരി 2900 മെഗാവാട്ട് വൈദ്യുതിയാണ് കേരളം പുറത്തുനിന്ന് വാങ്ങുന്നത്. അത് 2022 ല്‍ 4000 മെഗാവാട്ട് ആകുമെന്നാണ് കണക്കാക്കുന്നത്. 72 പ്രവൃത്തികളുള്ള 23 പാക്കേജായാണ് ഈ പദ്ധതി നടപ്പാക്കാന്‍ വൈദ്യുതി ബോര്‍ഡ് ഉദ്ദേശിക്കുന്നത്. മൂന്ന് പാക്കേജിനുള്ള ടെണ്ടര്‍ ക്ഷണിച്ചുകഴിഞ്ഞു.

പ്രവൃത്തി ഇ പി സി (എന്‍ജിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍) അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയെ (പി ജി സി ഐ എല്‍) ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. വൈദ്യുതി ബോര്‍ഡില്‍ നിലവിലുള്ള ഇ ടെണ്ടര്‍ സമ്പ്രദായത്തിന് പകരം റിവേഴ്‌സ് ബിഡ്ഡിംഗ് നടപ്പാക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു. റിവേഴ്‌സ് ബിഡ്ഡിങ്ങില്‍ ഒരു കമ്പനിയോ ഏജന്‍സിയോ ക്വാട്ട് ചെയ്ത തുക മറ്റുള്ളവര്‍ക്ക് കാണാനും അതനുസരിച്ച് നിരക്ക് കുറച്ചുനല്‍കാനും കഴിയും. സുതാര്യമായ ഈ പ്രക്രിയക്ക് നിശ്ചിത സമയം അനുവദിച്ചിട്ടുണ്ടാകും. മത്സരാധിഷ്ഠിതമായി ഏറ്റവും കുറഞ്ഞനിരക്കില്‍ പ്രവൃത്തി ടെണ്ടര്‍ ചെയ്യാന്‍ ഇതുവഴി കഴിയും. ഉല്പന്നമോ സേവനമോ ഓഫര്‍ ചെയ്യുന്ന കമ്പനികള്‍ക്കിടയില്‍ തുറന്ന മത്സരത്തിന് റിവേഴ്‌സ് ബിഡ്ഡിങ്ങ് അവസരമൊരുക്കും.
യോഗത്തില്‍ വൈദ്യുതി മന്ത്രി എം എം മണി, ഊര്‍ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഇളങ്കോവന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി (കോഓര്‍ഡിനേഷന്‍) വി എസ് സെന്തില്‍ എന്നിവരും പങ്കെടുത്തു.

 

Latest