പ്രശസ്ത സംവിധായകന്‍ ഐ.വി.ശശി അന്തരിച്ചു

Posted on: October 24, 2017 11:55 am | Last updated: October 24, 2017 at 7:34 pm

ചെന്നൈ: പ്രശസ്ത സംവിധായകന്‍ ഐ.വി.ശശി (68) അന്തരിച്ചു. ചെന്നൈ സാലിഗ്രാമിലെ വസതിയില്‍ ചൊവ്വാഴ്ച രാവിലെ 11ഓടെയായിരുന്നു അന്ത്യം. ക്യാന്‍സര്‍ രോഖ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

150ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഐവി ശശി മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും വ്യക്തമിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മലയാളത്തില്‍ ഏറ്റവുമധികം ചിത്രങ്ങള്‍ സംവിധാനം ചെയ്ത രണ്ടു സംവിധായകരില്‍ ഒരാളാണ് ഐ.വി.ശശി.

കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശിയായ ഐവി ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്ര കലയില്‍ ഡിപ്ലോമ നേടിയ ശേഷമാണ് സിനിമാ രംഗത്ത് എത്തുന്നത്. 1968ല്‍ കലാസംവിധായകനായി വെള്ളിത്തിരയില്‍ എത്തിയ അദ്ദേഹം 1975ല്‍ ആദ്യ ചിത്രമായ ഉത്സവം സംവിധാനം ചെയ്തു. ഭിനന്ദനം, അനുഭവം, ഇതാ ഇവിടെ വരെ, വാടകയ്‌ക്കൊരു ഹൃദയം, അവളുടെ രാവുകള്‍, മനസാ വാചാ കര്‍മണ, ഏഴാം കടലിനക്കരെ, ഈ നാട്, തുഷാരം, അഹിംസ, ഇന്നല്ലെങ്കില്‍ നാളെ, കാണാമറയത്ത്, അതിരാത്രം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, കരിമ്പിന്‍പൂവിനക്കരെ, ആവനാഴി, ഇടനിലങ്ങള്‍, അടിമകള്‍ ഉടമകള്‍, 1921, അബ്കാരി, അക്ഷരത്തെറ്റ്, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ദേവാസുരം തുടങ്ങിയവ അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രങ്ങളില്‍ ചിലത് മാത്രം.

1982ല്‍ ആരൂഢം എന്ന ചിത്രത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ദേശീയ പുരസ്‌കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ 2015ല്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. നടി സീമയാണ് പത്നി. മക്കള്‍: അനു, അനി.