ഗോവയില്‍ എംജെപി ഇടയുന്നു; പരീക്കറിന് വെല്ലുവിളി

Posted on: October 24, 2017 9:20 am | Last updated: October 24, 2017 at 11:49 am

പനാജി: ഗോവയില്‍ ബിജെപി സര്‍ക്കാരിന് വെല്ലുവിളി സൃഷ്ടിച്ചുകൊണ്ട് ഘടകകക്ഷിയായ മാഹാരാഷ്ട്ര വാദി ഗോമന്തക് പാര്‍ട്ടി(എം.ജെ.പി) ഇടയുന്നു. മൂന്ന് എം.എല്‍.എമാരുള്ള പാര്‍ട്ടിയുടെ പിന്തുണ സര്‍ക്കാരിന് നിര്‍ണായകമാണ്. ഇതില്‍ രണ്ട് പേര്‍ മന്ത്രിസഭയില്‍ അംഗങ്ങളുമാണ്. എംജെപി ഇടയുന്നത് മനോഹര്‍ പരീക്കറിന്‍ വെല്ലുവിളിയായിരിക്കും

കടുത്ത നടപടിയിലേക്ക് തിടുക്കത്തില്‍ കടക്കില്ലെങ്കിലും അടുത്ത എട്ട് മാസം വരെ കാത്തിരുന്ന ശേഷം തീരുമാനിക്കാം എന്ന നിലപാടാണ് പാര്‍ട്ടി കൈക്കൊണ്ടിരിക്കുന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക മത്സരിക്കുമെന്ന് എം.ജെ.പി അധ്യക്ഷന്‍ ദീപക് ധാവലീക്കര്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ചില അംഗങ്ങള്‍ അസംതൃപ്തരാണെന്ന് കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.കാസിനോ, മയക്കുമരുന്ന്, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. എന്നാല്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമോ എന്ന് പറയാന്‍ അദ്ദേഹം തയ്യാറായില്ല.