ഹജ്ജ് നയത്തില്‍ ഭേദഗതി വേണം: കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കേരളം റിപ്പോര്‍ട്ട് സമര്‍പ്പിക്കും

Posted on: October 24, 2017 6:47 am | Last updated: October 23, 2017 at 11:52 pm

കോഴിക്കോട്: കേന്ദ്രസര്‍ക്കാറിന്റെ പുതിയ ഹജ്ജ് നയത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഹജ്ജ് കാര്യ മന്ത്രി കെ ടി ജലീല്‍. കേന്ദ്ര ഹജ്ജ് നയം സംബന്ധിച്ച് നടന്ന മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഈ മാസം 30ന് ചേരുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മത പണ്ഡിതരുമായും വിദഗ്ധരുമായും സംസ്ഥാന ഹജ്ജ് കമ്മിറ്റി കൂടിയാലോചന നടത്തും. സംസ്ഥാന ഹജ്ജ് കമ്മിറ്റികളുമായി കൂടിയാലോചിക്കാതെ കേന്ദ്ര ഹജ്ജ് നയം ഏകപക്ഷീയമായാണ് തയ്യാറാക്കിയതെന്നും ഇക്കാര്യത്തില്‍ കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാന ഹജ്ജ് കമ്മിറ്റികളും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഹജ്ജ് ക്വാട്ട 70 ശതമാനവും സ്വകാര്യ ക്വാട്ട 30 ശതമാനവും ആയിരിക്കണമെന്ന നയത്തിലെ നിര്‍ദേശത്തില്‍ യോഗം എതിര്‍പ്പ് പ്രകടിപ്പിച്ചു. സര്‍ക്കാര്‍ ക്വാട്ട 80 ശതനമാനവും സ്വകാര്യ ക്വാട്ട 20 ശതമാനവും ആയിരിക്കണം. റിസര്‍വേഷന്‍ കാറ്റഗറി നിലനിര്‍ത്തണമെന്നും എഴുപത് വയസിന് മുകളിലുള്ളവര്‍ക്കും തുടര്‍ച്ചയായ നാല് വര്‍ഷം അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും നറുക്കെടുപ്പില്ലാതെ അവസരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റുകളുടെ എണ്ണം 21 ല്‍ നിന്ന് 9 ആയി ചുരുക്കണമെന്ന നിര്‍ദേശവും അസ്വീകാര്യമാണ്. കരിപ്പൂരിലെ എമ്പാര്‍ക്കേഷന്‍ പോയിന്റ് പുനസ്ഥാപിക്കണമെന്നും മക്കയിലെ താമസത്തിന് ഒറ്റ കാറ്റഗറി മതിയെന്നും കേരളം ആവശ്യപ്പെടും. ഹാജിമാര്‍ക്ക് താമസിക്കാനുള്ള കെട്ടിടം കണ്ടെത്തുന്നതിനായുള്ള ബില്‍ഡിംഗ് കമ്മിറ്റികളില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തണം.
സഊദി ഗവണ്‍മെന്റുമായി ചേര്‍ന്ന് ഹജ്ജ് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നതിന് ആഗോള ടെന്‍ഡര്‍ വിളിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കേന്ദ്ര ഹജ്ജ് നയം കരടില്‍ പറഞ്ഞ ചില കാര്യങ്ങളില്‍ യോജിപ്പുണ്ടെങ്കിലും കേരളത്തിലുള്ളവരുടെയും ഹാജിമാരുടെയും താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിര്‍ദേശങ്ങളെയാണ് എതിര്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര കമ്മിറ്റിക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം പിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, എം ഐ ഷാനവാസ്, ടി വി ഇബ്രാഹിം എം എല്‍ എ, കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ശേഖ് ജിന നബി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, മത സംഘടനാ നേതാക്കളായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പി പി അബ്ദുര്‍റഹ്മാന്‍, ഹസന്‍ മുസ്‌ലിയാര്‍, സി പി കുഞ്ഞഹമ്മദ്, വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റ് പ്രതിനിധികളായ ഇബ്‌റാഹിം ശേഖ്( മഹാരാഷ്ട്ര), അബ്ദുല്‍ ജബ്ബാര്‍, സുലൈമാന്‍ (രാജസ്ഥാന്‍) പങ്കെടുത്തു.