മെയ്ഡ് ഇന്‍ ഖത്വര്‍ പ്രദര്‍ശനം ഡിസംബറില്‍

Posted on: October 23, 2017 10:17 pm | Last updated: October 23, 2017 at 10:17 pm

ദോഹ: മെയ്ഡ് ഇന്‍ ഖത്വര്‍ പ്രദര്‍ശനത്തിന്റെ അഞ്ചാം പതിപ്പ് ഡിസംബര്‍ 14- 17 തീയതികളില്‍ നടത്തുമെന്ന് ഖത്വര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ക്യു സി സി ഐ) പ്രഖ്യാപിച്ചു. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ 20000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് നടക്കുന്ന പ്രദര്‍ശനത്തില്‍ മുന്നൂറിലേറെ ഖത്വരി കമ്പനികള്‍ പങ്കെടുക്കും. ഖത്വര്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് ഇത്തവണത്തെ പ്രദര്‍ശനം. എല്ലാ വര്‍ഷവും ഡിസംബര്‍ 18നാണ് ഖത്വര്‍ ദേശീയ ദിനം.

വരുമാന മാര്‍ഗം വൈവിധ്യവത്കരിക്കാനും ഏകവരുമാന മാര്‍ഗം എന്ന നിലയില്‍ ഊര്‍ജത്തെ അവലംബിക്കുന്നത് കുറക്കുന്നതിനുമാണ് മെയ്ഡ് ഇന്‍ ഖത്വര്‍ പ്രദര്‍ശനമെന്ന് ഖത്വര്‍ ചേംബര്‍ ചെയര്‍മാന്‍ ശൈഖ് ഖലീഫ ബിന്‍ ജാസിം അല്‍ താനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രാദേശികമായും ആഗോളതലത്തിലും ഖത്വരി വ്യവസായ മേഖലയെ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, ഇറക്കുമതി കുറക്കുക, വ്യവസായ സംരംഭങ്ങളില്‍ നിക്ഷേപിക്കാന്‍ പ്രോത്സാഹിപ്പിക്കുക, വ്യവസായ മേഖല വികസിപ്പിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണക്കുക തുടങ്ങിയവയും ഇതിന്റെ ലക്ഷ്യങ്ങളാണ്. അന്താരാഷ്ട്ര പങ്കാളികളുമായി വൈദഗ്ധ്യം പങ്കുവെക്കാന്‍ പ്രാദേശിക കമ്പനികള്‍ക്ക് ലഭിക്കുന്ന അവസരം കൂടിയാണിത്.

നിക്ഷേപ അവസരങ്ങള്‍ വിശകലനം ചെയ്യുകയും വികസനത്തില്‍ നേരിടുന്ന തടസങ്ങളെ തിരിച്ചറിയുകയും ചെയ്യും. ഖത്വരി ഉത്പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണികള്‍ തുറക്കുക, വന്‍കിട പദ്ധതികളില്‍ സ്വകാര്യ മേഖലക്ക് വലിയ പങ്ക് നല്‍കുക തുടങ്ങിയവയും ലക്ഷ്യങ്ങളാണ്. ഖത്വറിനെതിരെ ചില രാജ്യങ്ങള്‍ അന്യായ ഉപരോധം നടത്തുന്ന പശ്ചാത്തലത്തില്‍ പ്രദര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ട്.