Connect with us

International

റോഹിംഗ്യകളുടെ കൃഷിഭൂമി കൊള്ളയടിച്ച് മ്യാന്മര്‍

Published

|

Last Updated

സിത്‌വെ: മ്യാന്മര്‍ സര്‍ക്കാറിന്റെയും സൈന്യത്തിന്റെയും നിരന്തരമായ ആക്രമണത്തെയും ചൂഷണത്തെയും തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് അഭയാര്‍ഥികളായി എത്തിയ റോഹിംഗ്യകളുടെ കൃഷിഭൂമി സര്‍ക്കാര്‍ തട്ടിയെടുക്കുന്നു. കര്‍ഷകരായ റോഹിംഗ്യക്കാര്‍ അധ്വാനിച്ച കൃഷ്ഭൂമികള്‍ തട്ടിയെടുത്ത് സര്‍ക്കാര്‍ വിളവെടുപ്പിനുള്ള ഒരുക്കം നടത്തുന്നതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ബംഗ്ലാദേശിലേക്ക് അഭയാര്‍ഥികളായി എത്തിയ ആറ് ലക്ഷത്തോളം റോഹിംഗ്യന്‍ മുസ്‌ലിംകളും 30,000 ഓളം അമുസ്‌ലിംകളും പതിനായിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമി ഒഴിവാക്കിയെത്തിയവരാണ്. ഇവര്‍ 71,500 ഏക്കറിലായി നെല്ല് കൃഷി നടത്തിയിട്ടുണ്ടെന്നും റോയിട്ടേഴ്‌സ് പുറത്തുവിട്ടു. ജനുവരിയില്‍ ഇതിന്റെ വിളവെടുപ്പ് നടക്കാനിരിക്കെയാണ് ക്രൂരമായ സൈനിക ആക്രമണത്തെ തുടര്‍ന്ന് ഇവര്‍ക്ക് പലായനം ചെയ്യേണ്ടി വന്നത്.
ബംഗാളി (റോഹിംഗ്യ) കളുടെ ഉടമസ്ഥതയിലുള്ള 45,000 ഏക്കര്‍ കൃഷിഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതായി റാഖിനെ മന്ത്രി കിയോ ലിവിന്‍ വ്യക്തമാക്കി. സൈന്യനത്തിന്റെ നിയന്ത്രണത്തിലുള്ള കാര്‍ഷിക ഭൂമി സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ വിളവെടുപ്പ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെല്ലിന് പുറമെ ഉരുളക്കിഴങ്ങ്, മുളക്, ബദാം എന്നിങ്ങനെയുള്ള വിഭവങ്ങളും റോഹിംഗ്യകള്‍ കൃഷി ചെയ്തിട്ടുണ്ട്.

ദാരിദ്ര്യവും ദുരിതവും പേറി മാസങ്ങള്‍ നീണ്ട കഠിന പ്രയത്‌നത്താല്‍ വിളവെടുപ്പ് നടത്തിയ ഭൂമികള്‍ സര്‍ക്കാര്‍ തട്ടിയെടുക്കാനൊരുങ്ങുന്നുവെന്നറിഞ്ഞതോടെ ദുഃഖിതരായിരിക്കുകയാണ് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍. രേഖകള്‍ ഉള്ളവര്‍ക്ക് തിരികെ വരാമെന്നും ഭൂമികള്‍ തിരിച്ചു നല്‍കുമെന്നും മ്യാന്മര്‍ ചാന്‍സലര്‍ ആംഗ് സാന്‍ സൂക്കി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ലെന്ന് റാഖിനെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. യു എന്‍ അടക്കമുള്ള മനുഷ്യാവകാശ സംഘടനകളുടെ വിമര്‍ശനത്തെ അതിജീവിക്കാന്‍ വേണ്ടി നടത്തിയ പ്രസ്താവനമാത്രമാണിതെന്നാണ് മനസ്സിലാകുന്നത്. റോഹിംഗ്യകളെ തിരിച്ചുവിളിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളൊന്നും സൂക്കിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
അതിവേഗം വിളവെടുപ്പ് നടത്തി വിളകള്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലാക്കാന്‍ വലിയ ഉപകരണങ്ങളാണ് സര്‍ക്കാര്‍ കൃഷിഭൂമിയിലേക്ക് ഇറക്കിയത്. പൊതുഖജനാവിലേക്ക് ഏറ്റെടുത്ത് വിളകള്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തനത്തിനും അഭയാര്‍ഥികള്‍ക്കും വേണ്ടി ഈ വിളകള്‍ വിറ്റ് കിട്ടുന്ന സമ്പാദ്യം ഉപയോഗിക്കാനെങ്കിലും മ്യാന്മര്‍ ഭരണകൂടം തയ്യാറാകണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഏഷ്യന്‍ മേഖല ഉപമേധാവി ഫില്‍ റോബര്‍ട്‌സണ്‍ ആവശ്യപ്പെട്ടു. ഉടമസ്ഥരില്ലാത്തവരുടെ കൃഷിഭൂമിയെന്ന് സര്‍ക്കാര്‍ അതിനെ വിളിക്കരുതെന്നും അതിന്റെ ഉടമകളെല്ലാം സര്‍ക്കാറിന്റെ ക്രൂരമായ ആക്രമണത്തെ തുടര്‍ന്ന് ഓടിപ്പോയവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
റാഖിനെയില്‍ നിന്ന് ബംഗ്ലാദേശിലെത്തിയ അഭയാര്‍ഥികള്‍ പട്ടിണിമൂലം കെടുതികള്‍ അനുഭവിക്കുന്നതിനിടെയാണ് കൃഷി ഭൂമിതട്ടിയെടുക്കാനുള്ള ശ്രമം സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സ്വകാര്യ ഏജന്‍സികള്‍ക്കോ രാജ്യത്തെ പൊതുഭക്ഷ്യ വിതരണ കേന്ദ്രത്തിലേക്കോ വിളകള്‍ നല്‍കാനുള്ള ഒരുക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ആര്‍ക്ക് നല്‍കിയാലും കൃഷിഭൂമിയുടെ യഥാര്‍ഥ ഉടമകളായ റോഹിംഗ്യകള്‍ക്ക് നല്‍കില്ലെന്ന നിലപാടാണ് സര്‍ക്കാറിനുള്ളത്. റോഹിംഗ്യന്‍ ജനങ്ങളോട് സ്വീകരിക്കുന്ന അതിക്രൂരമായ നടപടിയാണിതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ബലാത്സംഗവും കൂട്ടക്കൊലയും നടത്തി റോഹിംഗ്യന്‍ മുസ്‌ലിംകളെ പീഡിപ്പിച്ച മ്യാന്മര്‍ സൈന്യം നിരവധി ഗ്രാമങ്ങള്‍ ചുട്ടെരിച്ചിട്ടുണ്ട്. വംശഹത്യാ ആക്രമണങ്ങള്‍ക്ക് സൈന്യത്തിനൊപ്പം ബുദ്ധ തീവ്രവാദികളും പോലീസും ചേര്‍ന്നതോടെ ലക്ഷക്കണക്കിനാളുകള്‍ അഭയം തേടി ബംഗ്ലാദേശിലെത്തുകയായിരുന്നു. ആയിരക്കണക്കിനാളുകള്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വ്യക്തമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. ബംഗ്ലാദേശിലേക്ക് പലയാനം ചെയ്യുന്നതിനിടെ നൂറ് കണക്കിനാളുകള്‍ ബോട്ട് തകര്‍ന്നും മറ്റും മരിച്ചിട്ടുണ്ട്.

 

Latest