National
ഗുജറാത്തില്‍ ഇന്ന് മോദിയുടെ മൂന്നാം സന്ദര്‍ശനം

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ മാസത്തെ മൂന്നാം സന്ദര്‍ശനം ഇന്ന്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്ത കമീഷന്‍ നടപടി വിവാദമായിരിക്കെയാണ് മോദിയുടെ സന്ദര്‍ശനം. തെരഞ്ഞെടുപ്പ് തിയിതി പ്രഖ്യാപിച്ചാല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും. പിന്നീട് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കാന്‍ സാധിക്കില്ല. അതിനാല്‍ ബി.ജെ.പിയുടെ സമ്മര്‍ദം മൂലമാണ് തീയതി പ്രഖ്യാപിക്കാത്തത് എന്ന ആരോപണം കത്തി നല്‍ക്കുകയാണ്.
ഭാവ്‌നഗര്‍, വഡോദര ജില്ലകളില്‍ നിരവധി പദ്ധതികളുടെ കല്ലിടല്‍ കര്‍മം മോദി നിര്‍വഹിക്കും. ഭാവ്‌നഗറിലെ ഗോഗക്കും ബറൂച്ചിലെ ദഹേജിനുമിടയിലുള്ള 615 കോടി രൂപയുടെ കടത്തു സര്‍വീസിന്റെ ആദ്യഘട്ട ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും. കൂടാതെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്കും ശമ്പള വര്‍ധന അടക്കമുള്ള ഒട്ടേറെ പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.