മര്‍കസ് അധ്യാപക സംഗമത്തിന് പ്രൗഢമായ പരിസമാപ്തി

Posted on: October 20, 2017 11:50 pm | Last updated: October 20, 2017 at 11:59 pm

കാരന്തൂര്‍ : മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂളിന് കീഴില്‍ സംഘടിപ്പിച്ച അധ്യാപക സംഗമത്തിന് പ്രൗഢമായ പരിസമാപ്തി. കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് പബ്ലിക് സ്‌കൂളുകളിലെ അഞ്ഞൂറ് അധ്യാപകര്‍ സംഗമത്തില്‍ പങ്കെടുത്തു. : മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സംഗമം ഉദ്ഘാടനം ചെയ്തു.

അധ്യാപനത്തിന്റെ നൈതികതയും മൂല്യങ്ങളും സൂക്ഷിച്ചു വളര്‍ന്നു വരുന്ന തലമുറകളുടെ അക്കാദമികവും സര്‍ഗാത്മകവുമായ വികാസത്തിന് വേണ്ടി ഊര്‍ജസ്വലരായി പരിശ്രമിക്കുന്നവരാകണം അധ്യാപകരെന്ന് അദ്ദേഹം പറഞ്ഞു. ടെക്‌നോളജിയുടെ കാലത്ത് അധ്യാപകരുടെ സാധ്യത വര്‍ധിക്കുകയാണ്. ടെക്‌നോളജിയുടെ പ്രയോജനകരമായ വശങ്ങള്‍ ഉപയോഗപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച അറിവുകള്‍ നല്‍കാന്‍ അധ്യാപകര്‍ക്ക് കഴിയണം. എന്നാല്‍ ഇന്റര്‍നെറ്റ് പോലുള്ള മാധ്യമങ്ങളില്‍ അനിവാര്യമല്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചെലവഴിക്കുന്ന വിദ്യാര്‍ത്ഥികളെ യഥാര്‍ത്ഥ പഠനത്തിന്റെ മാര്‍ഗങ്ങളെ കുറിച്ച് അധ്യാപകര്‍ ബോധവത്കരിക്കുകയും വേണം. സ്‌നേഹം കൊണ്ടാണ് വിദ്യാര്‍ത്ഥികളുടെ ഹൃദയം കീഴടക്കാന്‍ സാധിക്കുക.പഠിതാക്കളുടെ ഹൃദയത്തില്‍ ഉന്നതമായ ഇടം നേടിയെടുത്ത് , ധാര്‍മികമായ മികവോടെയും വൈജ്ഞാനികമായ സ്വപ്‌നങ്ങള്‍ നല്‍കിയും അവരെ വളര്‍ത്താന്‍ അധ്യാപകര്‍ക്ക് സാധിക്കണം. മര്‍കസ് രൂപപ്പെടുത്തുന്നത് അധ്യാപകരും വിദ്യാര്‍ത്ഥികളും സ്‌നേഹോഷ്മളമായ ബന്ധം നിലനിര്‍ത്തുന്ന കലാലയങ്ങള്‍ ആണ്: കാന്തപുരം പറഞ്ഞു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. മര്‍കസ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഉനൈസ് മുഹമ്മദ്, പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെഎം അബ്ദുല്‍ ഖാദര്‍, മുഹമ്മദ് ഹനീഫ് അസ്ഹരി സംബന്ധിച്ചു.