National
സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ രാജിവെച്ചു
ന്യൂഡല്‍ഹി: സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ രാജിവെച്ചു. നിയമ മന്ത്രാലയത്തിന് രാജിക്കത്ത് കൈമാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പകരം ചുമതലയേല്‍ക്കുമെന്ന് കരുതുന്നു. കഴിഞ്ഞ ജൂണില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയും രാജിവെച്ചിരുന്നു.
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ രഞ്ജിത് കുമാര്‍ 2014 ജൂണിലാണ് സോളിസിറ്റര്‍ ജനറല്‍ ആയി നിയമിതനായത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ മോഹന്‍ പരാശരന്‍ സോളിസിറ്റര്‍ ജനറല്‍ സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്നാണ് രഞ്ജിത് കുമാറിനെ നിയമിച്ചത്.
ഗുജറാത്ത് സര്‍ക്കാറിന്റെ അഭിഭാഷകനായും രഞ്ജിത് കുമാര്‍ പ്രവര്‍ത്തിച്ചിരുന്നു. സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് അടക്കമുള്ളവയില്‍ ഗുജറാത്ത് സര്‍ക്കാറിന് വേണ്ടിയും അദ്ദേഹം ഹാജരായിരുന്നു. സുപ്രീം കോടതിയിലെ നിരവധി കേസുകളില്‍ അമിക്കസ്‌ക്യൂറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.



