രക്ഷപ്പെടാന്‍ ദിലീപ് വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയതായി പോലീസ്

Posted on: October 19, 2017 1:00 pm | Last updated: October 19, 2017 at 9:07 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലുള്ള നടന്‍ ദിലീപ് വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയതായി പോലീസ്. നടി ആക്രമിക്കപ്പെട്ട സമയത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ദിലീപ് വ്യാജരേഖയുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍. നടി ആക്രമിക്കപ്പെട്ട സമയത്ത് താന്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നുവെന്ന് ദിലീപ് മൊഴി നല്‍കിയിരുന്നു. ഇത് തെളിയിക്കുന്ന മെഡിക്കല്‍ രേഖകളും ഹാജരാക്കി. ഫെബ്രുവരി 14 മുതല്‍ 21 വരെ ദിലീപ് ചികിത്സയിലായിരുന്നുവെന്ന് കാണിക്കുന്ന രേഖയാണ് ഡോക്ടര്‍ നല്‍കിയത്.

എന്നാല്‍, ഇവ വ്യാജമാണെന്നും സംഭവ സമയത്ത് ദിലീപ് സിനിമാ ലൊക്കേഷനില്‍ തന്നെ ഉണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. ആശുപത്രിയിലെ നഴ്‌സുമാരെയും ഡോക്ടര്‍മാരെയും വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ഇത് വ്യാജരേഖയാണെന്ന് വ്യക്തമായത്. ദിലീപ് ആവശ്യപ്പെട്ട പ്രകാരം താന്‍ വ്യാജ രേഖ നല്‍കുകയായിരുന്നുവെന്ന് ഡോക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുന്ന സാഹചര്യത്തില്‍ പുതിയ കണ്ടെത്തലുകള്‍ ദിലീപിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.