കൊച്ചിയില്‍ ഇന്ന് ബ്രസീല്‍- ഹോണ്ടുറാസ് പോരാട്ടം

Posted on: October 18, 2017 9:03 am | Last updated: October 18, 2017 at 3:15 pm
ബ്രസീല്‍ ടീം കൊച്ചിയിലെ പനമ്പിള്ളി നഗറില്‍ പരിശീലനത്തില്‍

കൊച്ചി: കൗമാര ലോകകപ്പിന്റെ അവസാന എട്ടിലെത്താന്‍ മഞ്ഞപ്പട ഇന്ന് കൊച്ചിയിലിറങ്ങും. ഗ്രൂപ്പ് ഇയില്‍ നിന്ന് ടൂര്‍ണമെന്റിലെ മികച്ച മൂന്നാം സ്ഥാനക്കാരിലൊന്നായി വരുന്ന ഹോണ്ടുറസാണ് ബ്രസീലിന്റെ എതിരാളി. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബ്രസീലിന് മുന്നില്‍ ഹോണ്ടുറസ് എത്രമാത്രം പിടിച്ചു നില്‍ക്കുമെന്നാണ് അറിയാനുള്ളത്. രാത്രി എട്ടിനാണ് മത്സരം.
ഇ ഗ്രൂപ്പില്‍ നിന്ന് ഒരു ജയവും രണ്ട് തോല്‍വിയുമാണ് ഹോണ്ടുറസിന്റെ സമ്പാദ്യം. ന്യൂ കാലിഡോണിയയെ അഞ്ച് ഗോളിന് തോല്‍പ്പിച്ചതാണ് ഹോണ്ടുറസിനെ രണ്ടാം റൗണ്ടിലേക്കെത്തിച്ചത്. ഗ്രൂപ്പിലെ മൂന്ന് കളികളിലും എതിര്‍ ഗോള്‍വല ചലിപ്പിക്കാനും അവര്‍ക്കായി. എന്നാല്‍ ജപ്പാനെതിരെയും ഫ്രാന്‍സിനെതിരെയും വന്‍ തോല്‍വിയാണ് ഹോണ്ടുറസ് നേരിട്ടത്. ഹോണ്ടുറസ് പ്രതിരോധത്തിന്റെ പിഴവുകള്‍ മുഴുവന്‍ തുറന്നുകാട്ടിയ മത്സരമായിരുന്നു ഇതുരണ്ടും.

പ്രതിരോധത്തിലെ പിഴവുകള്‍ തിരുത്തി ബ്രസീലിനെതിരെ പൊരുതാനാണ് ഹോസെ വല്ലാഡറസിന്റെ കുട്ടികളുടെ ശ്രമം. ന്യൂ കാലിഡോണിയക്കെതിരെ രണ്ട് ഗോള്‍വീതം നേടിയ പലാസിയോസ്, മെജിയ എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ.
എന്നാല്‍ മികച്ച മുന്നേറ്റ നിരയുള്ള ബ്രസീലിനെതിരെ പ്രതിരോധത്തിലൂന്നിയ തന്ത്രത്തിനായിരിക്കും ഹോണ്ടുറസ് മുന്‍തൂക്കം നല്‍കുക. കൃത്യമായ പദ്ധതിയോടു കൂടിയ പ്രതിരോധമായിരിക്കും ബ്രസീലിനെതിരെ വിന്യസിക്കുക എന്ന് പരിശീലകന്‍ ഹോസെ വലഡാറസ് പറഞ്ഞു. അതേസമയം എന്നാല്‍ ബ്രസീല്‍ ടീമിന്റെ പ്രതിരോധം തകര്‍ക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ടെന്നും വലഡാറസ് വ്യക്തമാക്കി.
എന്നാല്‍ സ്‌പെയിന്‍ ഉള്‍പ്പെട്ട ഡി ഗ്രൂപ്പില്‍ നിന്ന് ചാമ്പ്യന്മാരായിട്ടാണ് ബ്രസീലിന്റെ രണ്ടാം റൗണ്ട് പ്രവേശനം. ഗ്രൂപ്പിലെ എല്ലാ മത്സരവും ആധികാരികമായി വിജയിച്ച ബ്രസീല്‍ ഹോണ്ടുറസിനെതിരായ മത്സരവും ലാഘവത്തോടെയല്ല കാണുന്നത്.

മികച്ച ടീമിനെ തന്നെ ആദ്യ ഇലവനില്‍ ഇറക്കി ഹോണ്ടുറസിനെ പ്രതിരോധത്തിലാക്കാനായിരിക്കും അമേഡുവിന്റെ ശ്രമം. മൂന്ന് ഗോള്‍ നേടിയ ലിണങ്കനും രണ്ട് ഗോള്‍ നേടിയ പൗളീഞ്ഞോയും ഒരു ഗോള്‍ നേടിയ ബ്രണ്ണനും ഉള്‍പ്പെട്ട ബ്രസീല്‍ നിര ശക്തമാണ്. മാര്‍കസ് ആന്റോണിയോ, അലന്‍ എന്നിവരുള്‍പ്പെടുന്ന മധ്യനിരയും മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ മാത്രം വഴങ്ങിയ പ്രതിരോധവും ചേരുന്നതോടെ ബ്രസീല്‍ അനായാസം മൂന്നാം റൗണ്ടിലേക്കെത്തേണ്ടതാണ്. ബ്രസീലിന് ഏറെ ആരാധകരുള്ള കേരളത്തില്‍ ഗാലറിയുടെ പിന്തുണ കാനറികളുടെ മുന്നേറ്റത്തിന് ഊര്‍ജമാകും.
കൊച്ചിയില്‍ തിരിച്ചുവരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ബ്രസീല്‍ പരിശീലകന്‍ കാര്‍ലോസ് അമേഡു പറഞ്ഞു. കഴിഞ്ഞ കളിയില്‍ പുറത്തിരുന്ന അലന്‍ തിരിച്ചു വരുന്നത് ടീമിന്റെ കരുത്ത് വര്‍ധിപ്പിക്കും. പക്ഷേ, പരുക്കേറ്റ വിറ്റീഞ്ഞോക്ക് കളിക്കാന്‍ സാധിക്കാത്തത് ടീമിന് നഷ്ടമാണ്.
ഏഴ് ദിവസമെങ്കിലും വിശ്രമം വേണമെന്നാണ് വിറ്റീഞ്ഞോയുടെ കാര്യത്തില്‍ മെഡിക്കല്‍ സംഘം നിര്‍ദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.