Connect with us

Kerala

കരാര്‍ ലംഘിച്ച് തമിഴ്‌നാടിന്റെ ജലക്കടത്ത്

Published

|

Last Updated

പാലക്കാട്: വൈദ്യുതിയും വെള്ളവുമില്ലാതെ സംസ്ഥാനം നെട്ടോട്ടമോടുമ്പോള്‍ കരാര്‍ ലംഘിച്ച് വെള്ളം തട്ടിയെടുത്ത് തമിഴ്‌നാട്ടില്‍ വൈദ്യുതി ഉത്പാദനവും കൃഷിയും തകൃതി. പറമ്പിക്കുളം- ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വെള്ളം വിട്ടുനല്‍കാതെ ഏതാണ്ട് പൂര്‍ണമായി ജലം തമിഴ്‌നാട്ടിലേക്ക് കടത്തിയാണ് വന്‍തോതില്‍ വൈദ്യുതി ഉത്പാദനം നടത്തുന്നത്. സംസ്ഥാന ജല വകുപ്പിലെ ചില ഉന്നതരുടെ സഹായത്തോടെയാണ് തമിഴ്‌നാടിന്റെ ജലക്കൊള്ളയെന്ന് ആരോപണം ഉയര്‍ന്നിട്ടും ഇതിനെ കുറിച്ച് അന്വേഷിക്കാനോ നടപടിയെടുക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

കരാര്‍ പ്രകാരം കേരളത്തിന് ഓരോ വര്‍ഷവും ലഭിക്കേണ്ടത് ഏഴര ടി എം സി വെള്ളമാണ്. എന്നാല്‍, വര്‍ഷങ്ങളായി മൂന്ന് ടി എം സിയില്‍ കൂടുതല്‍ വെള്ളം തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം കടുത്ത വേനലിനെ തുടര്‍ന്ന് കേരളത്തിലെ കര്‍ഷകരില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മൂന്നര ടി എം സി വെള്ളമാണ് ലഭിച്ചത്. പറമ്പിക്കുളം- ആളിയാര്‍ അണക്കെട്ട് നിറഞ്ഞാല്‍ മാത്രമേ ചിറ്റൂരിലേക്കും മറ്റും ആവശ്യത്തിന് വെള്ളം ലഭിക്കുകയുള്ളൂ. എന്നാല്‍, പറമ്പിക്കുളം അണക്കെട്ട് നിറയുന്നതിന് മുമ്പായി തമിഴ്‌നാട് അവിടെ നിന്ന് തൂണക്കടവ് വഴി വെള്ളം കൊണ്ടുപോയി വൈദ്യുതി ഉത്പാദിപ്പിക്കും. ആ വെള്ളം പിന്നീട് തിരുമൂര്‍ത്തി അണക്കെട്ടിലെത്തിക്കുകയാണ് ചെയ്യുന്നത്. ഇവിടെ ശേഖരിക്കുന്ന വെള്ളം കനാല്‍ വഴി തിരുപ്പൂര്‍ ജില്ലയിലേക്ക് കൊണ്ടുപോകും.
കേരളത്തിന് ലഭിക്കേണ്ട വെള്ളം കൊണ്ട് തമിഴ്‌നാട്ടില്‍ വൈദ്യുതി ഉത്പാദിപ്പിക്കുകയും കര്‍ഷകര്‍ ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്ത ശേഷമാണ് തിരുപ്പൂരിലേക്ക് കൊണ്ടു പോകുന്നത്. വര്‍ഷങ്ങളായി വെള്ളം കിട്ടാതെ ചിറ്റൂര്‍ മേഖലയില്‍ രണ്ടാം വിള തന്നെ ഇറക്കാന്‍ കഴിയാത്ത അവസ്ഥയുള്ളപ്പോഴാണ് കരാറിന് വിരുദ്ധമായി തമിഴ്‌നാട് രാത്രിയും പകലുമായി അണക്കെട്ടിലെ വെള്ളം കടത്തുന്നത്. പ്രധാന കനാലിലൂടെയാണ് കരൂര്‍, തിരുപ്പൂര്‍ മേഖലയിലേക്ക് വെള്ളം കടത്തിക്കൊണ്ടുപോകുന്നത്. വാല്‍പ്പാറ, ആളിയാര്‍, പഴനി, ദിണ്ടിഗല്‍, ഉദുമല്‍പേട്ട, തിരുമൂര്‍ത്തി മേഖലകളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഴ പെയ്യുന്നുണ്ട്. ഈ വെള്ളവും തിരുമൂര്‍ത്തിയിലും അപ്പര്‍ ആളിയാര്‍ അണക്കെട്ടുകളിലും ശേഖരിച്ചുവെച്ചതിന് ശേഷം കാര്‍ഷികാവശ്യത്തിനും മറ്റും നല്‍കിക്കൊണ്ടിരിക്കുന്നു. കേരളത്തിലേക്ക് വെള്ളം വിട്ടുനല്‍കേണ്ട ആളിയാര്‍ അണക്കെട്ട് നിറക്കാതെയാണ് തിരുമൂര്‍ത്തിയിലേക്ക് വെള്ളം കൊണ്ടുപോകുന്നത്.

1994ല്‍ കേരള നിയമസഭ അഡ്‌ഹോക് കമ്മിറ്റിയുടെ പി എ പി കാരാറിന് ശേഷം തമിഴ്‌നാട് നടത്തിയ കരാര്‍ ലംഘനം കണ്ടെത്തി റിപ്പോര്‍ട്ട് നിയമസഭക്ക് നല്‍കിയിട്ടും അതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും എടുത്തിട്ടില്ല. സര്‍ക്കാറുകള്‍ മാറി മാറി വന്നിട്ടും റിപ്പോര്‍ട്ട് അവഗണിക്കുകയാണ് ചെയ്തത്. അതേസമയം, ചില ഉന്നത ഉദ്യോഗസ്ഥരെ വില കൊടുത്ത് വാങ്ങിയാണ് തമിഴ്‌നാട് ഈ ജലക്കൊള്ള നടത്തുന്നതെന്ന് പരാതിയും ഉയര്‍ന്നിട്ടുണ്ട്.

 

Latest