സിറിയയിലെ ഇസില്‍ ‘തലസ്ഥാനം’ വിമതര്‍ പിടിച്ചെടുത്തു

Posted on: October 18, 2017 12:02 am | Last updated: October 17, 2017 at 11:44 pm

ദമസ്‌കസ്: ഇസില്‍ തീവ്രവാദികളുടെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെട്ട റഖ നഗരം അമേരിക്കന്‍ സേനയുടെ പിന്തുണയോടെ ആക്രമണം നടത്തുന്ന സിറിയന്‍ വിമതര്‍ പിടിച്ചെടുത്തു. സിറിയന്‍ സര്‍ക്കാറില്‍ നിന്ന് വിമതര്‍ പിടിച്ചെടുത്ത പ്രദേശം പിന്നീട് ഇസില്‍ കൈവശപ്പെടുത്തുകയായിരുന്നു. റഖയുടെ മുഴുവന്‍ നിയന്ത്രണവും തങ്ങള്‍ക്ക് ലഭിച്ചതായും അഞ്ച് മാസക്കാലമായി ഇവിടെ നടക്കുന്ന സൈനിക മുന്നേറ്റം അവസാനിച്ചതായും സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ വക്താവ് തലാല്‍ സെല്ലോ വ്യക്തമാക്കി.

തീവ്രവാദികളുടെ ഒളിസങ്കേതങ്ങളും കേന്ദ്രങ്ങളും തങ്ങള്‍ കൈവശപ്പെടുത്തിയിട്ടുണ്ടെന്നും മൂന്ന് വര്‍ഷക്കാലത്തെ ഇസില്‍ ഭരണം റഖയില്‍ അവസാനിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. യു എസ് വ്യോമസേനയുടെ പിന്തുണയോടെ ആക്രമണം നടത്തുന്ന വിമതര്‍ കഴിഞ്ഞ ദിവസം റഖയിലെ മുന്‍സിപ്പല്‍ സ്റ്റേഡിയവും നാഷനല്‍ ആശുപത്രിയും പിടിച്ചെടുത്തു.
റഖ ഇസില്‍ മുക്തമാണെന്ന് പ്രഖ്യാപിച്ചതോടെ ഇവിടുത്തെ പ്രധാന മേഖലകളില്ലെല്ലാം വിമതര്‍ തങ്ങളുടെ പതാക ഉയര്‍ത്തി. തെരുവുകളിലും നഗരങ്ങളിലും വിജയാഹ്ലാദവുമായി വിമത സേനാംഗങ്ങളും ജനങ്ങളും പ്രകടനങ്ങള്‍ നടത്തി.
നാഷനല്‍ ആശുപത്രിക്കും സ്റ്റേഡിയത്തിനും വേണ്ടി രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്. 22 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം. ആക്രമണം അവസാനിച്ച ശേഷം ഗോത്ര നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ശ്രമത്തോടെ ഇസില്‍ തീവ്രാവാദികളും കുടുംബാംഗങ്ങളും റഖയില്‍ നിന്ന് പലായനം ചെയ്തു.

റഖയില്‍ നിന്ന് ഇസില്‍ തീവ്രവാദികളെ തുരത്തിയതോടെ ഇവിടുത്തെ അധികാരം ഉറപ്പിക്കാന്‍ വിമതര്‍ക്ക് കൂടുതല്‍ അവസരമായി. അമേരിക്കയുടെ പൂര്‍ണ നിയന്ത്രണത്തോടെ റഖ നഗരം കെട്ടിപ്പടുക്കാനുള്ള ശ്രമം ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഇതോടെ സിറിയന്‍ സര്‍ക്കാറിന്റെ നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെടുമെന്ന് ഉറപ്പായി.
സിറിയന്‍ വിമതരും ഇസിലും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് ലക്ഷക്കണക്കിനാളുകളാണ് റഖയില്‍ നിന്നും പരിസര നഗരങ്ങളില്‍ നിന്നുമായി പലായനം ചെയ്തത്. കഴിഞ്ഞ ജനുവരി മുതല്‍ റഖയില്‍ മൂവായിരത്തോളം ബോംബ് ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകള്‍ മൂന്ന് വര്‍ഷത്തിനിടെ റഖയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.