പാനമ രേഖകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ടു

Posted on: October 17, 2017 11:55 pm | Last updated: October 17, 2017 at 11:46 pm

വാലറ്റ: പാനമ പേപ്പര്‍ രേഖകളിലൂടെ മാള്‍ട്ടയില്‍നിന്നുള്ള അനധികൃത വിദേശ നിക്ഷേപം പുറത്തുകൊണ്ടുവന്ന അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക തന്റെ കാറിലുണ്ടായ ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടു. 53കാരിയായ ദാഫന്‍ കരോന ഗാലിസിയ മോസ്റ്റയിലെ വീട്ടില്‍ നിന്നും കാറില്‍ പുറത്തേക്ക് പോകവെ ബോംബ് സ്‌ഫോടനത്തില്‍ തകരുകയായിരുന്നുവെന്ന് പ്രധാനമന്ത്രി ജോസ് മസ്‌കാറ്റ് പറഞ്ഞു. ഗാലിസിയയുടെ കൊലപാതകം ക്രൂരമാണെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്നും മസ്‌കാറ്റ് പറഞ്ഞു.

രാഷ്ട്രീയപരമായും വ്യക്തിപരമായും തന്റെ കടുത്ത വിര്‍ശകയായിരുന്നു ഇവരെന്നും കൊലപാതകത്തെ അപലപിക്കുന്നതായും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മസ്‌കാറ്റിന്റെ ഭാര്യ, രാജ്യത്തെ ഊര്‍ജവകുപ്പ് മന്ത്രി , ഗവണ്‍മെന്റ് ചീഫ് സ്റ്റാഫ് എന്നിവര്‍ക്ക് അസര്‍ബൈജാനില്‍നിന്നുള്ള സ്ഥാപനങ്ങളില്‍നിന്നും പണം ലഭിക്കുന്നതായി പാനമ രേഖകളെ അടിസ്ഥാനമാക്കി ഗാലിസിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ മസ്‌കാറ്റിന്റെ ഭാര്യ നിഷേധിച്ചിരുന്നു.
തനിക്ക് ഭീഷണി സന്ദേശം ലഭിച്ചതായി രണ്ടാഴ്ച മുമ്പ് ഗാലിസിയ പോലീസില്‍ പരാതിപ്പെട്ടിരുന്നു. 1996 മുതല്‍ മാള്‍ട്ട ഇന്റിപെന്‍ഡില്‍ കോളം എഴുതിവരുന്നുണ്ട് ഗാലിസിയ.