സോളാര്‍ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ ഉണ്ടെന്ന് വി.ഡി സതീശന്‍

Posted on: October 17, 2017 1:36 pm | Last updated: October 17, 2017 at 1:36 pm

 

കൊച്ചി: സോളാര്‍ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങളുണ്ടെന്ന് വി.ഡി സതീശന്‍ എംഎല്‍എ. ഹെക്കമാന്‍ഡ് പിന്തുണയുണ്ടെന്ന എം.എം ഹസ്സന്റെ വിശദീകരണത്തെക്കുറിച്ച് അദ്ദേഹത്തിന് മാത്രമേ അറിയൂ എന്നും, ഹൈക്കമാന്‍ഡ് കാര്യങ്ങള്‍ അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. തന്റെ അഭിപ്രായം രാഷ്ട്രീയകാര്യ സമിതിയില്‍ പറയുമെന്നും അദ്ദേഹം അറിയിച്ചു.

കെ.പി.സി.സി ആസ്ഥാനത്തുനടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ആദ്യം റിപ്പോര്‍ട്ട് പുറത്തുവിടണം. ഒരുദിവസത്തേക്കെങ്കിലും നിയമസഭ വിളിച്ചു ചേര്‍ത്തിട്ടാണെങ്കിലും. സതീശന്‍ ആവശ്യപ്പെട്ടു. സാധാരണഗതിയില്‍ റിപ്പോര്‍ട്ടിന്റെ പ്രധാന പോയിന്റുകള്‍ വിതരണം ചെയ്യാറുണ്ട്. കൊടുത്തിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ കൊടുത്തിട്ടുണ്ട്. ഇവിടെ ഇത് രണ്ടും സംഭവിച്ചിട്ടില്ല.

ഈ കമ്മീഷന്‍ റിപ്പോര്‍ട്ട് രഹസ്യരേഖയാണെന്ന് പറയുന്നതില്‍ ഒരു കാര്യവുമില്ല. റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് കിട്ടുക എന്നത് പ്രതിചേര്‍ക്കപ്പെടുന്ന ആളുകള്‍ക്ക് ലഭിക്കേണ്ട സ്വാഭാവിക നീതിയാണെന്നും സതീശന്‍ ആവശ്യപ്പെട്ടു. മാത്രമല്ല, ഹര്‍ത്താലിന് താന്‍ എതിരാണെന്നും, തിങ്കളാഴ്ച നടന്ന യു.ഡി.എഫ് ഹര്‍ത്താലില്‍ സഹകരിച്ചില്ലെന്നും വി.ഡി സതീശന്‍ തുറന്നടിച്ചു.