Connect with us

Business

ബി എസ് ഇ സൂചികയില്‍ മുന്നേറ്റം; രൂപയുടെ മൂല്യം മെച്ചപ്പെട്ടു

Published

|

Last Updated

ഓഹരി സൂചികയില്‍ റെക്കോര്‍ഡ് മുന്നേറ്റം. ദീപാവലി വാരമായതിനാല്‍ മുന്നിലുള്ള ദിവസങ്ങളിലും കുതിപ്പ് നിലനിര്‍ത്താന്‍ ഫണ്ടുകളും പ്രദേശിക ഓപ്പറേറ്റര്‍മാരും രംഗത്ത് തുടരാം. ബി എസ് ഇ സൂചിക 618 പോയിന്റ് മികവുമായി 32,433 പോയിന്റിലെത്തി. നിഫ്റ്റി 188 പോയിന്റ് പ്രതിവാര നേട്ടത്തിലാണ്.

ടെക്‌നോളജി, ബേങ്കിംഗ്, സ്റ്റീല്‍, കണ്‍സ്യുമര്‍ ഗുഡ്‌സ്, കാപ്പിറ്റല്‍ ഗുഡ്‌സ്, എഫ് എം സി ജി, ഹെല്‍ത്ത്‌കെയര്‍, റിയാലിറ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവന്‍, ഓട്ടോമൊബൈല്‍ വിഭാഗങ്ങളില്‍ നിക്ഷേപ താത്പര്യം.
മുന്‍ നിര ഓഹരിയായ എയര്‍ടെല്‍ 12.86 ശതമാനം കുതിപ്പിലുടെ 431 രൂപയായി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വില അഞ്ച് ശതമാനം ഉയര്‍ന്ന് 876 രൂപയായി. റ്റി സി എസ് 2561 രൂപയിലും അഡാനി പോര്‍ട്ട് 406 രൂപയിലും ആക്‌സിസ് ബാങ്ക് 527 രൂപയായും ഉയര്‍ന്നു. ഒ എന്‍ ജി സി ഓഹരി വില 170 രൂപയായി താഴ്ന്നു. എസ് ബി ഐ 252 രുപയായും ഡോ. റെഡീസ് ലാബ് 2354 രൂപയായും മാരുതി സൂസുക്കി 7868 രൂപയിലും ടാറ്റാ മോട്ടേഴ്‌സ് 237 രൂപയിലും ക്ലോസിംഗ് നടന്നു.
ബോംബെ സൂചിക 31,769 ല്‍ നിന്ന് 32,509 വരെ ഉയര്‍ന്ന ശേഷം 32,433 പോയിന്റിലാണ്. ഈ വാരം 32,705-32,977 ല്‍ പ്രതിരോധമുണ്ട്. ലാഭമെടുപ്പിന് നീക്കമുണ്ടായാല്‍ സൂചികയ്ക്ക് 31,965- 31,225 പോയിന്റിലെ താങ്ങുണ്ട്.
നിഫ്റ്റി 9955 ല്‍ നിന്ന് 10,192 വരെ കയറിയ റെക്കോര്‍ഡ് പ്രകടനം നടത്തി. വാരാവസാനം നിഫ്റ്റി 10,167 ലാണ്. സൂചികക്ക് 10,254-10,341 പോയിന്റില്‍ തടസം നേരിടാം. ലാഭമെടുപ്പില്‍ വിപണി തളര്‍ച്ചയിലേയ്ക്ക് തിരിഞ്ഞാല്‍ 10,017-9867 പോയിന്റില്‍ താങ്ങ് പ്രതീക്ഷിക്കാം.

മുന്‍ നിരയിലെ പത്ത് കമ്പനികളില്‍ ആറിന്റെ വിപണി മൂല്യത്തില്‍ മൊത്തം 76,383 കോടി രൂപയുടെ വര്‍ധന. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മുല്യത്തില്‍ 25,235 കോടി രൂപയുടെ വര്‍ധന.
കോര്‍പ്പറേറ്റ് മേഖല രണ്ടാം ക്വാര്‍ട്ടിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഈ വാരം സൂചികയെ കാര്യമായി സ്വാധീനമുണ്ടാക്കി. വിപ്രോ, ബജാജ് ഓട്ടോ, ഏ സി സി, ആക്‌സിസ് ബേങ്ക് എന്നിവയുടെ ത്രൈമാസ പ്രവര്‍ത്തന ഫലം നാളെ പുറത്ത് വരും.
വിനിമയ വിപണിയില്‍ അമേരിക്കന്‍ ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം 45 പൈസ മെച്ചപ്പെട്ടു. 65.38 ല്‍ ഇടപാടുകള്‍ക്ക് തുടക്കം കുറിച്ച രൂപ വാരാന്ത്യം 64.93 ലാണ്. വിദേശ ഫണ്ടുകള്‍ 3454 കോടി രൂപയുടെ ഓഹരി പോയവാരം വിറ്റു. ആഭ്യന്തര ഫണ്ടുകള്‍ കഴിഞ്ഞ വാരം 3154 കോടി രൂപ നിക്ഷേപിച്ചു. ഏപ്രില്‍ -സെപ്റ്റംബര്‍ കാലയളവില്‍ അവര്‍ 80,357 കോടി രൂപ നിക്ഷേപിച്ചു. 2016 ല്‍ ഇതേ കാലയളവിനെ അപേക്ഷിച്ച് നിക്ഷേപത്തില്‍ മുന്ന് ഇരട്ടി വര്‍ധന.
രാജ്യത്തെ വ്യവസായിക ഉല്‍പാദന വളര്‍ച്ച ഒമ്പത് മാസത്തിനിടയിലെ ഏറ്റുവും ഉയര്‍ന്ന നിലവാരത്തിലാണ്. ആഗസ്റ്റില്‍ വളര്‍ച്ച 4.3 ശതമാനമാണ്. ജൂലൈയില്‍ ഇത് 1.2 ശതമാനമായിരുന്നു.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില 1.7 ശതമാനം ഉയര്‍ന്ന് 51.45 ഡോളറായി. സ്വര്‍ണം അഞ്ച് ആഴ്ച്ചകള്‍ക്ക് ശേഷം ആദ്യമായി ട്രോയ് ഔണ്‍സിന് 1300 ഡോളറിന് മുകളിലെത്തി. വിപണി 1334 ഡോളറിലേക്ക് അടുക്കാന്‍ നീക്കം നടത്താം.

Latest