എമിറേറ്റ് യൂത്ത് കൗണ്‍സില്‍ ബോര്‍ഡിന് ശൈഖ് മുഹമ്മദിന്റെ അംഗീകാരം

Posted on: October 15, 2017 8:08 pm | Last updated: October 15, 2017 at 8:08 pm

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എമിറേറ്റ്‌സ് യൂത്ത് കൗണ്‍സിലിന്റെ പുതിയ ബോര്‍ഡിന് അംഗീകാരം നല്‍കി. യു എ ഇ യുവജനകാര്യ മന്ത്രി ഷമ്മ സുഹൈല്‍ ഫാരിസ് അല്‍ മസ്റൂഇ ചെയര്‍പേഴ്‌സണായുള്ള പുതിയ ഭരണസമിതിയെയാണ് ശൈഖ് മുഹമ്മദ് അംഗീകരിച്ചത്.

ഏഴ് എമിറേറ്റുകളില്‍ നിന്നും പ്രഗത്ഭരായ ഏഴു യുവ അംഗങ്ങളെ ഉള്‍കൊള്ളിച്ചുള്ളതാണ് ബോര്‍ഡ്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള പരിജ്ഞാനവും വിദ്യാഭ്യാസ യോഗ്യതകളും മുന്‍ നിര്‍ത്തിയാണ് ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
രാജ്യത്തിന്റെ നിര്‍മിതിക്ക് യുവ സമൂഹത്തിന്റെ നവ ആശയങ്ങളും അവരുടെ മികവുറ്റ കഴിവുകളും പ്രയോജനപ്രദമാക്കിടെയുക്കുന്നതിന് അടിത്തറയൊരുക്കുന്നതാണ് യൂത്ത് കൗണ്‍സില്‍ എന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

വിവിധ മേഖലകളില്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമായി യു എ ഇയെ വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. പ്രസ്തുത ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് യുവ സമൂഹത്തെ കൂടുതല്‍ പ്രതിജ്ഞാബദ്ധരാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരാന്‍ യൂത്ത് കൗണ്‍സിലിനാകും. യു എ ഇ സെന്റണിയല്‍ പ്ലാന്‍ 2071 ന്റെ പദ്ധതികള്‍ മികച്ച ഗുണഫലത്തോടെ പൂര്‍ത്തീകരിക്കുന്നതിന് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

അബുദാബിയില്‍ നിന്ന് അഹ്മദ് അല്‍ സുവൈദി, ദുബൈയില്‍ നിന്ന് റീം അല്‍ നുഐമി, ഷാര്‍ജയില്‍ നിന്ന് ആലിയ അല്‍ ഹസാമി, ഷൈമ അല്‍ ഹൊസാനി (അജ്മാന്‍) സൈഫ് അല്‍ അലി (ഉമ്മുല്‍ ഖുവൈന്‍) മിറാ അല്‍ മുഹൈരി (റാസ് അല്‍ ഖൈമ), സിന്ദിയ ഇബ്രാഹിം സഅദ് (ഫുജൈറ) എന്നിങ്ങനെയാണ് ബോര്‍ഡ് അംഗങ്ങള്‍.
യൂത്ത് കൗണ്‍സില്‍ വ്യത്യസ്തങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പില്‍വരുത്തും. യു എ ഇ തൊഴില്‍ ശക്തിയില്‍ യുവ സമൂഹത്തിന്റെ പങ്ക് വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍, യു എ ഇയുടെ ഭാവി പദ്ധതികളില്‍ യുവ സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് വിവിധ ആശയങ്ങളും പരിപാടികളും കൂട്ടിച്ചേര്‍ക്കുമെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി.