‘അച്ഛാ ഹിന്ദി, ഗുഡ് ഇംഗ്ലീഷ്’ സംസാര ഭാഷക്ക് ഇനി പുതിയ കോഴ്‌സ്

കണ്ണൂര്‍
Posted on: October 14, 2017 6:15 am | Last updated: October 13, 2017 at 11:33 pm

സ്‌കൂളിലും കോളജിലുമൊക്കെ ഹിന്ദിയും ഇംഗ്ലീഷും പഠിക്കാത്തവരുണ്ടാകില്ല. എഴുതുകയും വായിക്കുകയും പഠിക്കുകയും ചെയ്യുകയെന്നതിനപ്പുറം ഈ രണ്ട് ഭാഷകളും നന്നായി സംസാരിക്കാന്‍ കഴിയുന്ന എത്ര പേര്‍ നമുക്കിടയിലുണ്ട്. വളരെ കുറവെന്ന് ആരും കണ്ണടച്ചുത്തരം പറയും. അതു കൊണ്ട് തന്നെ മലയാളികളുടെ ഈ കുറവ് നികത്താന്‍ ഒടുവില്‍ സര്‍ക്കാര്‍ തന്നെ രംഗത്തിറങ്ങുന്നു. സംസ്ഥാനത്തെ മുഴുവനാളുകളെയും ഹിന്ദിയിലും ഇംഗ്ലീഷിലും ഒഴുക്കോടെ സംസാരിക്കാനുള്ള ശേഷിയുണ്ടാക്കാന്‍ സംസ്ഥാന സാക്ഷരതാ മിഷനാണ് പുതിയ കോഴ്‌സ് തുടങ്ങുന്നത്.

രണ്ട് ഇതര ഭാഷകളില്‍ ആശയ വിനിമയം എളുപ്പമാക്കുന്നതിനുള്ള പുതിയ വിദ്യാഭ്യാസ പദ്ധതിക്കാണ് ഉടന്‍ തുടക്കം കുറിക്കുന്നത്. രാജ്യത്താദ്യമായാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നത്. അച്ഛാ ഹിന്ദി, ഗുഡ് ഇംഗ്ലീഷ് എന്ന് പേരിട്ട സംസാര ഭാഷാ പരിശീലന കോഴ്‌സ് പതിനേഴ് വയസ്സ് തികഞ്ഞ ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാനറിയാത്ത മുഴുവനാളുകളെയും ലക്ഷ്യമിട്ടാണ് തുടങ്ങുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടിപോകുന്ന ഉദ്യോഗാര്‍ഥികള്‍ക്കടക്കം ഏറെ ഗുണകരമാകുമെന്ന് കരുതുന്ന നാല് മാസം നീളുന്ന ഭാഷാ പരിശീലന കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. അടുത്ത ജനുവരി മുതല്‍ കോഴ്‌സ് തുടങ്ങാനാണ് ആലോചന. സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനങ്ങളിലും പഠന കേന്ദ്രങ്ങളുണ്ടാകും. സര്‍വ്വാകലാശാലകളിലെ പ്രമുഖരായ ഇംഗ്ലീഷ്, ഹിന്ദി ഭാഷാ അധ്യാപകരെ ഉപയോഗിച്ചാണ് പരിശീലനം നല്‍കുക.

ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തുള്ള ഓരോ പ്രദേശത്തെയും ഹൈസ്‌കൂള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചായിരിക്കും പദ്ധതിയെ ലക്ഷ്യത്തിലെത്തിക്കുക. പഠന കേന്ദ്രങ്ങളായി തിരഞ്ഞെടുക്കുന്ന സ്‌കൂളുകളില്‍ അവധി ദിവസങ്ങളില്‍ ക്ലാസ്സ് നടക്കും. നാല് മാസമാണ് ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമായി മൂന്ന് മണിക്കൂര്‍ വീതമുള്ള ക്ലാസ് നടത്തുക. ആകെ 60 മണിക്കൂറാണ് കോഴ്‌സിന്റെ കാലാവധി. പൊതുഅവധി ദിവസങ്ങളില്‍ അധികപഠനസമയം ഉപയോഗിക്കും. അപേക്ഷിച്ച മുഴുവനാളുകള്‍ക്കും പരിശീലനത്തിന് സൗകര്യമൊരുക്കാന്‍ തന്നെയാണ് തീരുമാനം. സമസ്തമേഖലകളിലുമുള്ളവര്‍ക്ക് ഒരേപോലെ പ്രയോജനകരമാകുന്ന നിലയില്‍ ഭാഷാപഠന കോഴ്‌സുകള്‍ ആരംഭിക്കുന്നത് സാക്ഷരകേരളത്തെ സമ്പുഷ്ടമാക്കുമെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല സിറാജിനോട് പറഞ്ഞു. സ്വന്തം ഭാഷയില്‍ ആത്മവിശ്വാസത്തോടെ ചിന്തിക്കുന്നതിനും ഇടപെടുന്നതിനും സമൂഹത്തെ പ്രാപ്തമാക്കുന്നതിനൊപ്പം ഇതര ഭാഷകളിലെ കലാസാഹിത്യസൃഷ്ടികള്‍ കൂടി ആസ്വദിക്കുന്നതിനും വിലയിരുത്തുന്നതിനുമുള്ള ശേഷി നേടാന്‍ ജനങ്ങളെ പ്രാപ്തരാക്കുകയെന്നതും പുതിയ കോഴ്‌സിലൂടെ സാക്ഷരതാ മിഷന്‍ ലക്ഷ്യമിടുന്നു.