യുഎസിന് പിന്നാലെ ഈസ്‌റാഈലും യുനെസ്‌കോയില്‍ നിന്ന് പിന്മാറി

Posted on: October 13, 2017 12:03 pm | Last updated: October 13, 2017 at 3:46 pm

വാഷിംഗ്ടണ്‍: ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്‌കാരിക വിഭാഗമായ യുനൈറ്റഡ് നാഷന്‍സ് സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനില്‍ (യുനെസ്‌കോ) നിന്ന് അമേരിക്കക്ക് പിന്നാലെ ഇസ്‌റാഈലും പിന്മാറി. പിന്മാറ്റം തീരുമാനം പ്രഖ്യാപിച്ച അമേരിക്കയെ പ്രശംസിച്ച ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്. യുനെസ്‌കോയില്‍ നിന്ന് പിന്മാറാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് നന്ദിയുണ്ട്. ചരിത്രപരമായ തീരുമാനമാണത്. പിന്മാറ്റത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് ആവശ്യമായ നര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു.

ഇസ്‌റാഈല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് യുനെസ്‌കോയില്‍ നിന്ന് യുഎസ് പിന്മാറ്റം പ്രഖ്യാപിച്ചത്. യു എസ് വിദേശകാര്യ വക്താവ് ഹീതര്‍ ന്യൂയേര്‍ട്ടാണ് യുനെസ്‌കോയില്‍ നിന്ന് യു എസ് പിന്മാറുന്ന കാര്യം സ്ഥിരീകരിച്ചത്. ഫലസ്തീന്‍ വിഷയത്തില്‍ യുനെസ്‌കോ ഇസ്‌റാഈല്‍ വിരുദ്ധത പുലര്‍ത്തുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. ഇതുസംബന്ധമായി അമേരിക്കയും യുനെസ്‌കോയും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഫലസ്തീന് പൂര്‍ണ അംഗത്വം നല്‍കുന്ന ആദ്യത്തെ ഐക്യരാഷ്ട്രസഭാ ഏജന്‍സിയാണ് യുനെസ്‌കോ.