യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണം ഉദാരമതികളുടെ കൈത്താങ്ങ്

Posted on: October 13, 2017 10:54 am | Last updated: October 13, 2017 at 11:00 am

കോഴിക്കോട്: പ്രവാസ ജീവിതത്തിനിടെ രക്താര്‍ബുദ ബാധിതനായ നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ കൈകോര്‍ത്ത് നാടും പ്രവാസികളുടെ കൂട്ടായ്മയും. കഴിഞ്ഞ നാല് മാസമായി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന പേരാമ്പ്രയിലെ മരുതേരി പനയുള്ള പറമ്പില്‍ ശശി(40)ക്കു വേണ്ടിയാണ് നാട്ടുകാര്‍ ചികിത്സാ സഹായനിധി രൂപവത്കരിച്ച് രംഗത്തിറങ്ങിയത്. നാല് വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ പണിതീരാത്ത വീടും നാല് ലക്ഷം രൂപയുടെ ബേങ്ക് കടവും മാത്രം ബാക്കിയായ ശശിക്കു താങ്ങാകാന്‍ പ്രവാസികളുടെ വാട്‌സാപ്പ് കൂട്ടായ്മയും സജീവമായി രംഗത്തുണ്ട്.

അടിയന്തര മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് 15 ലക്ഷം രൂപ സമാഹരിക്കുക എന്ന ഭാരിച്ച വെല്ലുവിളിയാണ് നാട്ടുകാരും പ്രവാസികളും ഏറ്റെടുത്തിട്ടുള്ളത്. വൃദ്ധയായ അമ്മയും ഭാര്യയും വിദ്യാര്‍ഥികളായ രണ്ട് മക്കളുമടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ സംരക്ഷണവും ഇവര്‍ മുന്നോട്ട്‌വെക്കുന്നു.

ഉദാരമതികളുടെ സഹകരണം തേടി ഫെഡറല്‍ ബേങ്ക് പേരാമ്പ്ര ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. വിലാസം: ശശി ചികിത്സാ കമ്മിറ്റി, അക്കൗണ്ട് നമ്പര്‍ 14150100145561. ഐഎഫ്എസ്‌സി- എഫ്ഡിആര്‍എല്‍ 0001415. ഫോണ്‍: 7034939128, 9446834150.