ഓര്‍മയാകുന്നു, ആഴമുള്ള ആ പണ്ഡിതന്‍

Posted on: October 13, 2017 6:04 am | Last updated: October 13, 2017 at 12:05 am

സമസ്ത കേന്ദ്ര മുശാവറ അംഗവും പാലക്കാട് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയും അതിലെല്ലാമുപരി ഞങ്ങളുടെയെല്ലാം ആത്മീയ രംഗത്തെ അത്താണിയുമായ എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. പല തരം വ്യതിരിക്തതകള്‍ കൊണ്ട് ശ്രദ്ധേയനായ അദ്ദേഹം പണ്ഡിത കേരളത്തിന് നികത്താനാകാത്ത വിടവുകള്‍ തീര്‍ത്ത് കൊണ്ട് തന്നെയാണ് വിട വാങ്ങുന്നത്. പാലക്കാട് ജില്ലയിലെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ആ വിയോഗം ഉണ്ടാക്കുന്ന നഷ്ടം താങ്ങാവുന്നതിലപ്പുറമാണ്. പലക്കാട്ടെ സുന്നികളും പ്രസ്ഥാനവും പലതരം പ്രയാസങ്ങളിലൂടെ കടന്ന് പോയപ്പോഴെല്ലാം പിടിച്ചു നില്‍ക്കാന്‍ ധൈര്യം പകര്‍ന്നത് ആ ഉറച്ച നിലപാടുകളും തീരുമാനങ്ങളുമായിരുന്നു.

ഹളര്‍ മൗത്തില്‍ നിന്ന് മതപ്രബോധനാര്‍ഥം കേരളത്തിലേക്ക് വന്നവരുടെ പിന്‍മുറക്കാരായ നാലകത്ത് കുടുംബത്തിലാണ് 1943ല്‍ ഉസ്താദ് ജനിക്കുന്നത്. പട്ടിക്കാട് ജാമിഅ നൂരിയ്യ, സഅദിയ്യ, നന്തി ദാറുസ്സലാം, പൊട്ടച്ചിറ അന്‍വരിയ്യ തുടങ്ങി കേരളത്തിലെ പ്രമുഖ മതകലാലയങ്ങളില്‍ മുദര്‍രിസായി സേവനമനുഷ്ഠിച്ച കുമരംപുത്തൂര്‍ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരെ പോലെയുള്ളവര്‍ക്ക് ജന്‍മം നല്‍കിയ കേരളത്തിലെ അറിയപ്പെട്ട പണ്ഡിത കുടുംബത്തിലാണ് അലി ഉസ്താദിന്റെ ജനനം. ആ പാരമ്പര്യവും പൈതൃകവും അദ്ദേഹത്തിന്റെ ജീവിതപ്രയാണത്തില്‍ നല്‍കിയ ആത്മവിശ്വാസവും സ്ഥൈര്യതയാര്‍ന്ന നിലപാടെടുക്കാന്‍ നല്‍കിയ ഊര്‍ജവും ചെറുതൊന്നുമല്ല. ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കെ സി ജമാലുദ്ദീന്‍ മുസ് ലിയാര്‍, ജ്യേഷ്ഠന്‍ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, കുട്ടി മുസ്‌ലിയാര്‍ തുടങ്ങി ഉന്നതരായ പണ്ഡിതന്‍മാരുടെ ശിക്ഷണമാണ് യഥാര്‍ഥത്തില്‍ അലി മുസ്‌ലിയാര്‍ എന്ന ആ മഹാപ്രതിഭയെ നിര്‍മിച്ചെടുത്തത് .
പഠനാനന്തരം അദ്ദേഹത്തിന്റെ അധ്യാപനവും പ്രവര്‍ത്തനവും ശ്രദ്ധേയമായിരുന്നു. ദര്‍സിനോടൊപ്പം പുത്തന്‍വാദികളോട് സംവാദങ്ങളിലേര്‍പ്പെടുന്നതില്‍ അദ്ദേഹം പ്രത്യേകം താത്പര്യം കണ്ടെത്തിയിരുന്നു. ചേകന്നൂരിനെതിരെയുള്ള ഖണ്ഡന പ്രസംഗം മുതല്‍ അദ്ദേഹത്തിന് കേരളത്തിലെ സുന്നികള്‍ക്കിടയില്‍ ഇമേജ് നേടിക്കൊടുത്ത; സ്വദഖത്തുള്ള ഉസ്താദ് മധ്യസ്ഥത വഹിച്ച കണ്ണിയത്ത് ഉസ്താദും ഇ കെ ഉസ്താദും പരോക്ഷമായി ഇടപെട്ട വള്ളുവമ്പുഴ സംവാദം വരെയുള്ള അദ്ദേഹത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ സുന്നികള്‍ക്ക് നല്‍കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു.

കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വള്ളുവമ്പുഴ സംവാദത്തിലെ അലി ഉസ്താദിന്റെ വിജയത്തിന് ശേഷം വിവാദങ്ങള്‍ ഏറെക്കുറെ കെട്ടടങ്ങിയപ്പോഴേക്കും കേരളത്തിലെ സുന്നി മുഖ്യധാരയില്‍ നിന്ന് അദ്ദേഹം പതിയെ പിന്‍വാങ്ങി. പല തരം അനിവാര്യതകളാല്‍ അദ്ദേഹം നടത്തിയ ഗള്‍ഫിലേക്കുള്ള കുടിയേറ്റമായിരുന്നു അതിന് കാരണം. ആദ്യം കുറച്ച് കാലം അബൂദബിയിലും പിന്നീട് നീണ്ട 25 വര്‍ഷക്കാലം അല്‍ ഐനിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. സലഫികള്‍ സുന്നികള്‍ക്ക് നേരെ കാലങ്ങളായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ചതി പ്രയോഗങ്ങളായിരുന്നു അല്‍ ഐനിലേക്ക് മാറാനുള്ള പ്രധാന കാരണം. അവിടന്നങ്ങോട്ട് അലി ഉസ്താദിന്റെ വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. സാധാരണ കേരളത്തിലെ പ്രവാസികളാകേണ്ടി വന്ന പണ്ഡിതന്മാരില്‍ നിന്ന് വിഭിന്നമായി അദ്ദേഹത്തിന് ഒത്തുവന്ന സാഹചര്യങ്ങള്‍ ഒരു പാട് സൗഭാഗ്യങ്ങള്‍ അദ്ദേഹത്തിന് നല്‍കി. കേരളത്തിലെ പണ്ഡിതര്‍ക്ക് ദര്‍സ് തുടങ്ങാനും അത് അറബികളിലേക്ക് വിപുലപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു. പിന്നീട് ആ ദര്‍സ് ദിനേന വളര്‍ന്ന് കൊണ്ടേയിരുന്നു. പ്രമുഖരായ അറബി പണ്ഡിതര്‍ വിജ്ഞാനം തേടി ആ മഹാ പണ്ഡിതനു മുമ്പിലെത്തി. അദ്ദേഹത്തിന്റെ സൂക്ഷ്മ ജ്ഞാനവും അനിതരസാധാരണമായ അവതരണ രീതിയും അറബി പണ്ഡിതര്‍ക്ക് നന്നേ ബോധിച്ചു.
അദ്ദേഹത്തിന്റെ അടുക്കല്‍ ദീര്‍ഘകാലം ഓതിപ്പഠിച്ച ശിഷ്യന്മാര്‍ പലരും വിവിധ രാജ്യങ്ങളിലെ ഗവണ്‍മെന്റ് മുഫ്തിമാരും ജഡ്ജിമാരും രാജാക്കന്‍മാരുടെ ഉപദേഷ്ടാക്കളുമായി. ശൈഖ് സാഇദിന്റെ ഉപദേഷ്ടാവായിരുന്ന സയ്യിദ് അഹ്മദ് ഖലീഫ അസ്സുവൈദി യെ പോലെയുള്ള പോലെ എത്രയോ പേര്‍. അലിയ്യുല്‍ ഹാഷിമി, ഉമര്‍ ഹഫീള്, അലി സൈനുദ്ദീന്‍ അല്‍ജിഫിരി തുടങ്ങി ഇജാസിയ്യത്ത് വാങ്ങാന്‍ അദ്ദേഹത്തെ സമീപിച്ച പ്രമുഖരായ പണ്ഡിതരുടെ നിര വേറെയും.

അദ്ദേഹം ബിദ്അത്തുകാരോട് സ്വീകരിച്ച സമീപന രീതികളും നിലപാടുകളും സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘകാല ഗള്‍ഫനുഭവങ്ങള്‍ സലഫിസത്തിന്റെ എല്ലാ സംവര്‍ഗങ്ങളേയും വേര്‍തിരിച്ച് മനസ്സിലാക്കാനും അവയെ പ്രതിരോധിക്കേണ്ട രീതിശാസ്ത്രം എങ്ങനെയാവണം എന്നതിനെ കുറിച്ചും അദ്ദേഹത്തെ തികച്ചും ബോധവാനാക്കി. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സലഫിവിരുദ്ധ പ്രഭാഷണവും വ്യതിരിക്തതകള്‍ നിറഞ്ഞതായിരുന്നു. വ്യാജ ആത്മീയ ചൂഷകര്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ കടുത്തതായിരുന്നു.
പ്രവാസത്തിന് ശേഷം കേരളത്തിലെത്തിയപ്പോള്‍ വൈകാതെത്തന്നെ കേന്ദ്ര മുശാവറയിലേക്കുള്ള അതിഥിയായും പിന്നീട് സ്ഥിരം മെമ്പറായും തിരഞ്ഞെടുക്കപ്പെട്ടു. എം എം അബ്ദുല്ല മുസ്‌ലിയാരുടെ വിയോഗാനന്തരം ജില്ല സംയുക്ത മഹല്ല് ഖാസിയായി അവരോധിതനായി. ദര്‍സ് നടത്താന്‍ വേണ്ടി എ പി ഉസ്താദ് മര്‍കസിലേക്കും എം എ ഉസ്താദ് സഅദിയ്യയിലേക്കും ഞാന്‍ ഹസനിയ്യയിലേക്കും ക്ഷണിച്ചിരുന്നു. രോഗം ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ തടസ്സമാകുമോ എന്ന ഭയം മൂലം മനസ്സില്ലാമനസ്സോടെ അദ്ദേഹം ക്ഷണം നിരസിച്ചു.

ഇന്ന് ആ മഹാനുഭാവന്‍ വിട പറഞ്ഞിരിക്കുന്നു. ദീനി പ്രബോധനത്തിന് വേണ്ടി ഓടി നടക്കുന്നതിനിടയില്‍ തന്നെയാണ് അദ്ദേഹം വിട പറഞ്ഞത് എന്നത് അദ്ദേഹത്തിന്റെ ജീവിതം സഫലമായിരുന്നു എന്നതിന് തെളിവാണ്. അദ്ദേഹത്തിന്റെ ദറജ അല്ലാഹു ഉയര്‍ത്തട്ടെ. ആമീന്‍