സജ്ജമാണ് കേരളം

Posted on: October 13, 2017 6:05 am | Last updated: October 13, 2017 at 12:04 am

കുറച്ച് വര്‍ഷങ്ങളായി കേരളം നേരിട്ടുകൊണ്ടിരിക്കുന്ന വരള്‍ച്ചയും അതോടനുബന്ധിച്ചുള്ള പ്രാദേശിക പ്രശ്‌നങ്ങളും നമുക്ക് പല അര്‍ഥത്തിലും പുതുതാണ്. ശുദ്ധജല ലഭ്യതക്കുറവ്, വ്യാപകമായ കാട്ടുതീ, മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ഇവയെല്ലാം അതീവ രൂക്ഷതയില്‍ എത്തിനില്‍ക്കുന്നു. ദുരന്തങ്ങള്‍ പല വിധത്തില്‍ തുടരുകയാണ്. ഇവയുടെ ആഘാതം എങ്ങനെയൊക്കെ ലഘൂകരിക്കാം എന്നതാണ് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തില്‍ ലോകം ചിന്തിക്കുന്നത്.
കേരളത്തില്‍ ദുരന്തങ്ങള്‍ തീവ്രമാകുന്നതിന് കാലാവസ്ഥാ വ്യതിയാനം, ഭൗമാന്തര്‍ഭാഗത്തെ പ്രതിഭാസങ്ങള്‍ എന്നീ കാരണങ്ങളൊക്കെയുണ്ടാകാം. മാത്രമല്ല. കാലവര്‍ഷക്കാലത്തു തന്നെ മഴ ഇല്ലാത്ത ദിവസങ്ങളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. കാലവര്‍ഷം വൈകുന്നുണ്ട്. മഴയുടെ അളവു കുറയുന്നുണ്ട്. മഴ കൂടുതല്‍ ലഭിക്കുന്ന വര്‍ഷങ്ങളിലും പ്രദേശങ്ങളിലും തന്നെ പലപ്പോഴും ശുദ്ധജലക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നു. ഇതിനെന്തു കാരണം പറയും?

കാരണം അന്വേഷിക്കുമ്പോഴാണ് പ്രകൃതിയിലെ മാറ്റങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ജീവിക്കാന്‍ നാം തയ്യാറാകുന്നില്ല എന്നത് തെളിഞ്ഞുവരുന്നത്. നമ്മുടെ ഭൂവിനിയോഗം ദുരന്ത സാധ്യത വര്‍ധിപ്പിക്കുന്ന രീതിയിലാണ്. നാം തന്നെ നമ്മുടെ ഭാവിതലമുറക്ക് വസിക്കാന്‍ സാധിക്കാത്ത തരത്തിലേക്ക് ഈ ഭൂമിയെ മാറ്റുകയാണ്. എന്നാല്‍, വികസനവും നിര്‍മാണവും വേണ്ട എന്ന നിലപാടെടുക്കാനാകുമോ? അതുമില്ല. വേണ്ടത് ഒരു സമതുലിത സമീപനമാണ്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി, അതാത് പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ ഒരു വികസന-നിര്‍മാണ ചട്ടക്കൂട് രൂപവത്കരിക്കാന്‍ തദ്ദേശ-സ്വയംഭരണ സര്‍ക്കാറുകള്‍ തയ്യാറാകണം. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ ശാസ്ത്ര-സാങ്കേതിക സഹായത്തോടെ സാധിക്കുന്ന എല്ലാ മാര്‍ഗങ്ങളും അവലംബിക്കണം.

പ്രകൃതിദത്ത പ്രതിഭാസങ്ങളാല്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങളെയും ജീവഹാനിയെയുമാണ് നാം സാധാരണ ദുരന്തങ്ങള്‍ എന്ന് പറയാറുള്ളത്. എന്നാല്‍, മനുഷ്യനിര്‍മിത അപകടങ്ങളുമുണ്ട്. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം പോലെയുള്ള വലിയ ദുരന്തങ്ങള്‍. ഇവ രണ്ടും രണ്ടുരീതിയില്‍ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ്. ഇവക്ക് പുറമെയാണ് റോഡ് അപകടങ്ങള്‍, മുങ്ങിമരണം തുടങ്ങിയവ. വന്‍ അപകടങ്ങളും പ്രകൃതിദുരന്തങ്ങളുമല്ല, കേരളത്തിലെ ദുരന്ത മരണങ്ങളിലെ പ്രധാനി. റോഡ് അപകടങ്ങളും മുങ്ങി മരണവുമാണ്.
മുങ്ങിമരിക്കുന്നവരെ രക്ഷിക്കാന്‍ ഏതാനും മിനിറ്റുകളേ കിട്ടൂ. സേനകള്‍വന്ന് രക്ഷിക്കട്ടെ എന്നു പറഞ്ഞ് കാത്തിരിക്കാനാവില്ല. ഉടനടി നടപടിയുണ്ടാവണം.

അത് ഏതു വിധത്തിലാവണം? അക്കാര്യം സംബന്ധിച്ച് ചില തത്വങ്ങള്‍ വിദഗ്ധര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. കൂടെ എടുത്തുചാടുകയല്ല, കരയില്‍നിന്നു രക്ഷിക്കുകയാണ് വേണ്ടത് എന്ന് അവര്‍ പറയുന്നു. ‘T-hrow, Don’t Jump’ എന്നതാണ് ഈ വിഷയത്തിലെ ആഗോള മുദ്രാവാക്യം തന്നെ. കയറോ കമ്പോ തുണിയോ എറിഞ്ഞു കൊടുക്കുക, അതില്‍പിടിച്ചു കയറ്റുക. അതല്ലെങ്കില്‍ ഒരു മരണത്തിന്റെ സ്ഥാനത്ത് രണ്ടോ അതിലധികമോ മരണമുണ്ടാവുന്നിടത്തേക്ക് കാര്യങ്ങള്‍ ചെന്നെത്തും.

എന്നാല്‍, നീന്തലില്‍ വൈദഗ്ധ്യമുള്ളവര്‍ മുങ്ങിത്താഴുന്നവരെ ഏതാണ്ട് ശാസ്ത്രീയമായ രീതിയില്‍ത്തന്നെ നീന്തിച്ചെന്ന് രക്ഷപ്പെടുത്തിക്കൊണ്ടുവന്ന സംഭവങ്ങളുണ്ട്. ഇത്തരം രക്ഷപ്പെടുത്തലിനുള്ള വൈദഗ്ധ്യം സ്വന്തമാക്കിയിട്ടുള്ളവര്‍ രക്ഷാശ്രമങ്ങളില്‍ അത് ഉപയോഗിക്കാതിരിക്കുന്നത് ശാസ്ത്രീയമാണോ? ഇക്കാര്യത്തില്‍ കേരളത്തില്‍ ഉണ്ടായിട്ടുള്ള വിജയകരമായ രക്ഷാശ്രമങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ ഉപസമിതിയുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതുണ്ട്. ജലസുരക്ഷയെപ്പറ്റിയുള്ള അടിസ്ഥാനബോധം ഉണ്ടാകേണ്ടതുണ്ട്. എവിടെ അപകടം പതിയിരിക്കുന്നു, എവിടം താരതമ്യേന സുരക്ഷിതമാണ് എന്നൊക്കെ അറിഞ്ഞുവേണം ജലാശയങ്ങളെ സമീപിക്കാന്‍. ആ അവബോധത്തോടൊപ്പം തന്നെ പ്രധാനമാണ് പ്രഥമ ശുശ്രൂഷാ കാര്യത്തിലെ പരിശീലനവും.
ഇന്ന് പുതിയ കുട്ടികളില്‍ വലിയ ഒരു വിഭാഗത്തിന് നീന്താനറിയില്ല. ഈ അവസ്ഥ മാറണം. കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ വീട്ടുകാര്‍ തന്നെ പ്രത്യേക ശ്രദ്ധവെക്കണം. യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡും സ്‌പോര്‍ട്‌സ് വകുപ്പും ഇതിനു നേതൃത്വം നല്‍കണം. ജലസൗഹൃദ സംസ്‌കാരം തിരിച്ചുപിടിക്കണം. മണ്ണിലും വെള്ളത്തിലും തൊടീക്കാതെ കുട്ടികളെ വളര്‍ത്തുന്ന രീതി മാറ്റണം.

ഉരുള്‍പൊട്ടലുണ്ടായാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാവും സ്വാഭാവികമായും രക്ഷാപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നടത്തുക. എന്നാല്‍, ഒരു റോഡപകടമാണ് ഉണ്ടാവുന്നതെങ്കില്‍ റോഡ് സേഫ്റ്റി അതോറിറ്റിയായിരിക്കും ഏകോപനം ഉറപ്പുവരുത്തുക. രണ്ടും രണ്ടു തലത്തിലാണ്. ഒരേ വിധത്തിലുള്ള പ്രതികരണം രണ്ടില്‍നിന്നും പ്രതീക്ഷിക്കരുത്. റോഡപകടങ്ങള്‍ കുറക്കാനുള്ള നടപടികള്‍ റോഡ് സുരക്ഷാ അതോറിറ്റിയില്‍ നിന്നാണ് പ്രതീക്ഷിക്കേണ്ടത്. ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നല്ല. ഡാമിന്റെയും അഗ്‌നിശമനത്തിന്റെയും കാര്യങ്ങളിലും ഇത്തരം വേര്‍തിരിവുകളുണ്ട്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് കേരളത്തിലെ ആദ്യ ദുരന്ത ലഘൂകരണ പദ്ധതി അംഗീകരിച്ചത്. ആ പദ്ധതിയില്‍ കേരളത്തില്‍ 22 മനുഷ്യജന്യ ദുരന്ത സാധ്യതകളും 17 പ്രകൃതിജന്യ ദുരന്ത സാധ്യതകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഏതൊക്കെ ദുരന്തങ്ങളില്‍ എന്തൊക്കെ നാശനഷ്ടങ്ങള്‍ക്ക് ദുരന്ത പ്രതികരണ നിധി ഉപയോഗപ്പെടുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കേരളത്തിലെ സവിശേഷ സാഹചര്യത്തില്‍ ശക്തമായ കാറ്റ്, ഇടിമിന്നല്‍, തീരശോഷണം, മണ്ണൊലിപ്പ് എന്നിവ സംസ്ഥാന അതോറിറ്റി ദുരന്തമായി അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രധാനമായും ഇടപെടുന്നത് ഈ ദുരന്തങ്ങളുടെ ആഘാത ലഘൂകരണത്തിനാണ്.

നാം സ്വീകരിക്കുന്ന ഗൃഹനിര്‍മാണശൈലി പോലും ദുരന്ത ലഘൂകരണത്തെ മുന്നില്‍ കണ്ടുകൊണ്ടാണോ? വെള്ളപ്പൊക്ക-വരള്‍ച്ചാ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതില്‍ നമ്മുടെ ആധുനിക ഗൃഹനിര്‍മാണശൈലി വളരെ വലിയ അളവില്‍ പങ്കുവഹിക്കുന്നുണ്ട്. പഴമക്കാര്‍ വീടിന്റെ മേല്‍ക്കൂരയില്‍ വീഴുന്ന വെള്ളം വീടിനുള്ളില്‍ തന്നെ നടുത്തളത്തില്‍ ഭൂമിയിലേക്ക് ഇറങ്ങാന്‍ അനുവദിച്ചിരുന്നു. കര്‍ഷകര്‍ അവരുടെ കൃഷിഭൂമിയിലും പരിസരത്തും കുളങ്ങളും മറ്റും കുഴിച്ച് പരമാവധി ജലം ശേഖരിച്ചുവെക്കാന്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍, ഇന്ന് ഒരു തുള്ളി വെള്ളം പോലും താഴ്ന്നിറങ്ങരുത് എന്ന ചിന്തയോടെ വീടുകളുടെ മുറ്റം പൂര്‍ണമായി കോണ്‍ക്രീറ്റ് ചെയ്യുകയാണ്.
കേരളാ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇന്ന് ലോക ശ്രദ്ധ നേടിയിരിക്കുന്നു. അന്തര്‍ദേശീയ തലത്തിലെ വിദഗ്ധര്‍ പോലും അതോറിറ്റിയുടെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിക്കുന്നു. ഇതിന് കാരണം അവര്‍ സര്‍ക്കാറിന്റെ ജനങ്ങളോടുള്ള കരുതലും വികസനത്തോടുള്ള കാഴ്ചപ്പാടും ഉള്‍ക്കൊണ്ട് കാര്യക്ഷമതയോടെ സമയബന്ധിതമായി പ്രവര്‍ത്തിക്കുന്നു എന്നതാണ്. വരള്‍ച്ചക്കും, വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും പ്രതിരോധ-പ്രതികരണ സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ ഇന്ന് അതോറിറ്റിക്ക് കഴിയുന്നു. ഇടിമിന്നല്‍, ശക്തമായ മഴ എന്നിവയുടെ പ്രവചനത്തിനുള്ള സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികള്‍ അതോറിറ്റി സ്വീകരിച്ച് കഴിഞ്ഞു. ഭൂകമ്പ നിരീക്ഷണ സംവിധാനവും, ദുരന്ത സാഹചര്യവിശകലന സാങ്കേതിക വിദ്യയും ഇന്ന് അതോറിറ്റിക്ക് ലഭ്യമാണ്. സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനായി ഈ സര്‍ക്കാര്‍ 12 സാങ്കേതിക തസ്തികകള്‍ അനുവദിച്ചു.
വ്യക്തമായ അവബോധമുള്ള പ്രാദേശിക സന്നദ്ധ സേനകള്‍ ഉണ്ടെങ്കില്‍ ചുഴലിക്കാറ്റു മുതല്‍ ഭൂമികുലുക്കം വരെയുള്ള ഏതു വലിയ ദുരന്തങ്ങളെയും നേരിടുവാന്‍ പ്രാപ്തിയുള്ള സമൂഹമായി മാറുവാന്‍ നമുക്ക് കഴിയും. ഇതിന് നാം മാതൃകയാക്കേണ്ടത് ക്യൂബയെ ആണെന്ന് Oxfam എന്ന ആഗോള സന്നദ്ധ സംഘടന ചൂണ്ടിക്കാട്ടുന്നു.
സാമൂഹികാധിഷ്ഠിത ജനരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ കേരളം സജ്ജമായി കഴിഞ്ഞു എന്ന് സന്തോഷത്തോടെ അറിയിക്കുന്നു. 2016 സെപ്റ്റംബര്‍ മാസത്തില്‍ അംഗീകരിച്ച സംസ്ഥാനത്തെ ആദ്യ ദുരന്ത ലഘൂകരണ പദ്ധതിയില്‍ ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കാന്‍ പ്രാദേശികമായ അവബോധ പ്രവര്‍ത്തനങ്ങളും സന്നദ്ധ സേനകളും ആവശ്യമാണെന്ന് എടുത്തുപറഞ്ഞിട്ടുണ്ട്.

കേരളത്തില്‍ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അഗ്‌നി സുരക്ഷാ വകുപ്പ് മേധാവിയെ സാമൂഹികാധിഷ്ഠിത ദുരന്തപ്രതികരണ സേനയുടെ മേധാവിയായി കൂടെ പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ ഒരു നടപടിയും എടുത്തിരുന്നില്ല എന്ന വസ്തുത ഉണ്ട്. സര്‍ക്കാറിന്റെ ഈ വിഷയത്തിലുള്ള സവിശേഷ ശ്രദ്ധയും കരുതലും ഉള്‍ക്കൊണ്ട്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇതിനായി സന്നദ്ധമായി കഴിഞ്ഞു. തൃശൂര്‍ കേന്ദ്രീകരിച്ച് സിവില്‍ ഡിഫെന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ചിട്ടുണ്ട്. ഈ കേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തങ്ങള്‍ ദുരന്തനിവാരണ അതോറിറ്റിയും അഗ്‌നിസുരക്ഷാ വകുപ്പും ഏറ്റെടുത്തിട്ടുണ്ട്.

ഇന്ന്, 2017ലെ ഈ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തില്‍, കേരളത്തിലെ സാമൂഹികാധിഷ്ഠിത ദുരന്തപ്രതികരണ സേനയുടെ രൂപവത്കരണത്തിനുള്ള ആദ്യ നിര്‍ണായക ചുവടുവെപ്പ് നാം ഒറ്റക്കെട്ടായി എടുക്കുകയാണ്. ജനങ്ങളുടെ സേവന മനോഭാവത്തെ കേന്ദ്ര സിവില്‍ ഡിഫെന്‍സ് നിയമത്തിന്റെ വെളിച്ചത്തില്‍ സാമൂഹികാധിഷ്ഠിത ദുരന്തപ്രതികരണ സേനയുടെ രൂപത്തില്‍ ഏകോപിപ്പിച്ച് എല്ലാ താലൂക്കിലുമായി ഏകദേശം 3000 First Respondersനെ അടുത്ത 5 വര്‍ഷം കൊണ്ട് വാര്‍ത്തെടുക്കുക എന്നതാണ് സംസ്ഥാന അതോറിറ്റിയുടെ ലക്ഷ്യം. ഇതിനായി കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തോടെ, ‘ആപതാമിത്രാ’ പദ്ധതി പ്രകാരം കോട്ടയം ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത 200 സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ദുരന്തസമയ പ്രതികരണ പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കാനുള്ള പദ്ധതി ആരംഭിക്കുകയാണ്.
ഇത് ദുരന്ത നിവാരണ രംഗത്തെ ഒരു പുതിയ ചുവടുവെപ്പാണ്. സുരക്ഷിത കേരളത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം.