അണ്ടര്‍ 17 ലോകകപ്പ്: ഇന്ത്യക്കിന്ന് നാല് ഗോള്‍ ജയം വേണം

Posted on: October 12, 2017 10:08 am | Last updated: October 12, 2017 at 12:44 pm

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും തോറ്റെങ്കിലും ഇന്ത്യ സാങ്കേതികമായി ടൂര്‍ണമെന്റില്‍ പ്രതീക്ഷ നിലനിര്‍ത്തുന്നു. ഇന്ന് ഘാനയയ്‌ക്കെതിരേ നാല് ഗോളിനെങ്കിലും ജയിക്കണം എന്ന് മാത്രം. ജീവശ്വാസം തേടുന്ന ഘാനയില്‍ നിന്ന് ദാക്ഷിണ്യം പ്രതീക്ഷിക്കേണ്ടതില്ല.

ഗ്രൂപ്പിലെ ആദ്യ മല്‍സരത്തില്‍ കൊളംബിയയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്.
എന്നാല്‍ രണ്ടാമത്തെ മല്‍സരത്തില്‍ കൊളംബിയയെ വിറപ്പിച്ച് ഇന്ത്യ 1-2ന് കീഴടങ്ങുകയായിരുന്നു. ഘാനയ്‌ക്കെതിരേ അവസാന മല്‍സരം ഇന്ത്യക്ക് ജീവന്‍മരണപോരാട്ടമാണ്. ഈ മല്‍സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്കു ഇപ്പോഴും നോക്കൗട്ട് റൗണ്ട് സാധ്യതയുണ്ട്

ഗ്രൂപ്പിലെ രണ്ടു കളികളും ജയിച്ച അമേരിക്കയാണ് ഇതിനകം നോക്കൗട്ട്‌റൗണ്ട് ഉറപ്പിച്ച ടീം.
ഓരോ ജയം വീതം സ്വന്തം അക്കൗണ്ടിലുള്ള കൊളംബിയക്കും ഘാനയ്ക്കും മൂന്നു പോയിന്റ് വീതമാണുള്ളത്.
എന്നാല്‍ കൂടുതല്‍ ഗോള്‍ നേടിയെന്നത് കൊളംബിയയെ ഗ്രൂപ്പില്‍ രണ്ടാമതെത്തിച്ചു. പോയിന്റൊന്നുമില്ലാത്ത ഇന്ത്യ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്.