ബി ജെ പി ജാഥ അഥവാ പൊട്ടാതെപോയ ഒരു പടക്കത്തിന്റെ കഥ

  ഇത്രയും ഹിംസാത്മകമായി പ്രവര്‍ത്തിക്കുന്ന, പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന ബി ജെ പി അക്രമരാഷ്ട്രീയത്തിനെതിരെ വാചകമടിച്ചാല്‍ കേരളത്തിലെ ഏതു ജനങ്ങള്‍ വിശ്വസിക്കും? ബി ജെ പി യുടെ അണികള്‍ക്ക് പോലും അറിയാം എങ്ങനെയെല്ലാമാണ് കണ്ണൂരില്‍ അക്രമം നടക്കുന്നതെന്ന്. കേരളം കൊലക്കളമാണെന്നുള്ള ബി ജെ പി പ്രചാരണം ഒരിക്കലും കാറ്റ് പിടിക്കില്ല, ഏറ്റവും ചുരുങ്ങിയത് കേരളത്തിലെങ്കിലും എന്ന് തീര്‍ച്ച. അതറിഞ്ഞതിനാല്‍ ആകുമോ അവരുടെ ഫോക്കസ് ഡല്‍ഹിയിലേക്കും അഖിലേന്ത്യാ തലത്തിലേക്കും മാറ്റുന്നത്? സി പി എമ്മിന് കാര്യമായ വേരില്ലാത്ത മറ്റു സംസ്ഥാനങ്ങളില്‍ ഇതുകൊണ്ട് അവര്‍ക്കെന്തു പ്രയോജനം? ഒരുപക്ഷേ സി പി എമ്മിന് പ്രയോജനം ഉണ്ടായേക്കാം. അത് തന്നെയാണോ ബി ജെ പിയുടെ ലക്ഷ്യം? അതും അറിയില്ല.
Posted on: October 12, 2017 8:31 am | Last updated: October 12, 2017 at 10:11 am

ഞങ്ങള്‍ തൃശൂരുകാര്‍ വെടിക്കെട്ടില്‍ ഏറെ കമ്പമുള്ളവരാണ്. എല്ലാ ഉത്സവങ്ങളുടെയും അവസാനം വെടിക്കെട്ടു നിര്‍ബന്ധം. ഇന്നത്തെ ജീവിതരീതിയും നഗരവത്കരണവും ജനവാസരീതിയുമെല്ലാം വെച്ച് കൊണ്ട് അതിന്റെ സാമൂഹികപാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മൂലം അതില്‍ ചില നിയന്ത്രണങ്ങള്‍ വേണമെന്നൊക്കെ വാദിക്കുന്നുണ്ടെങ്കിലും അതൊരു ഹരമാണ്. വെടിക്കെട്ടിന്റെ അവസാനഭാഗത്ത് വരുന്ന കൂട്ടപ്പൊരിച്ചിലും വളരെയേറെ ശക്തിയുള്ള അമിട്ടുകളും ഗുണ്ടുകളും ഏറെ ആകര്‍ഷകങ്ങളാണ്. ഇത്രയും പറഞ്ഞത് കുമ്മനം രാജശേഖരന്‍ ജനരക്ഷായാത്ര എന്ന പേരില്‍ നടത്തുന്ന ജാഥയുടെ പശ്ചാത്തലത്തിലാണ്. അവിടെ അമിത് ഷാ എന്ന ബി ജെ പിയുടെ ഏറ്റവും ശക്തമായ അമിട്ട് പൊട്ടിച്ചത് തുടക്കത്തില്‍ തന്നെയായിരുന്നല്ലോ. അതുമാത്രമല്ല അതിന്റെ തകരാറ് എന്ന് തോന്നുന്നു, ജനങ്ങളെ രക്ഷിക്കണം എന്ന് അവര്‍ ആരോടാണ് ആവശ്യപ്പെടുന്നത്? ആരില്‍ നിന്നുമാണ് ജനങ്ങള്‍ രക്ഷിക്കപ്പെടേണ്ടത്? എങ്ങനെയാണ് അവരെ രക്ഷിക്കേണ്ടത്? ഇങ്ങനെ ചില അടിസ്ഥാന ചോദ്യങ്ങളും ഉണ്ട്. കേന്ദ്രം ഭരിക്കുന്നത് ആ കക്ഷിയാണ്. അതുകൊണ്ട് കേന്ദ്രമാണ് രക്ഷിക്കേണ്ടതെങ്കില്‍ ജാഥ നടത്തേണ്ടത് കേരളത്തിലല്ല, ഡല്‍ഹിയിലാണ്. അതല്ല ജനങ്ങള്‍ സ്വയം രക്ഷിക്കണം എന്ന് അവരോട് ആവശ്യപ്പെടാനാണോ? എങ്കില്‍ ശരി. പക്ഷേ, തങ്ങള്‍ ആകെ കുഴപ്പത്തിലാണെന്നു അറിയാത്തവരോ കേരളത്തിലെ ജനങ്ങള്‍? ഇങ്ങനെയല്ല അങ്ങനെ വേണം എന്നല്ലേ ജനങ്ങളോട് പറയേണ്ടത്. ഇവിടെ നിലനില്‍ക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട എന്ത് മാതൃകയാണ് കേന്ദ്രത്തിലോ ഇവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലോ ഉള്ളത് എന്നതും പ്രശ്‌നമാണ്.

കേരളത്തില്‍ നിലനില്‍ക്കുന്നു എന്നവര്‍ പറയുന്ന ദോഷങ്ങള്‍ എന്തൊക്കെയാണ്? ചുവപ്പു ജിഹാദികള്‍ കേരളത്തില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു എന്നതാണ് അവരുടെ ആദ്യ ആരോപണം. ലവ് ജിഹാദും ഐ എസിലേക്കുള്ള റിക്രൂട്ട്‌മെന്റുമെല്ലാം അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഇവിടെ കൂട്ടത്തോടെ വധിക്കപ്പെടുന്നു. അക്രമരാഷ്ട്രീയത്തിന്റെ കേന്ദ്രമെന്ന് അവര്‍ പറയുന്ന കണ്ണൂരില്‍ ആണ് അവര്‍ കൂടുതല്‍ ശ്രദ്ധ ഊന്നുന്നത്. ഇവര്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുമ്പോള്‍ അതില്‍ എത്രമാത്രം സത്യമുണ്ടെന്ന് കുറേപ്പേരെങ്കിലും സംശയാലുക്കളാകില്ലേ? കേരളത്തിന്റെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക പശ്ചാത്തലം അത്ര പഠിച്ചിട്ടല്ല ഇവര്‍ ഇത്തരമൊരു പരിപാടിയുമായി ഇറങ്ങിയിട്ടുള്ളതെന്നു സംശയിക്കേണ്ടി വരും. പതിനഞ്ചോളം ദൃശ്യമാധ്യമ ചാനലുകളും ഒട്ടനവധി പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളുമുള്ള ഒരു ഭാഷയാണ് മലയാളം. ഒപ്പം ഇംഗ്ലീഷ് ഭാഷയില്‍ ഇറങ്ങുന്ന പത്രമാധ്യമങ്ങള്‍ക്കും ഇവിടെ പ്രചാരമുണ്ട്. അവക്കൊക്കെ കാഴ്ചക്കാരും വായനക്കാരും ഉള്ളതുകൊണ്ടാണല്ലോ അവ നിലനില്‍ക്കുന്നത്. കേരളത്തിനും ഇന്ത്യക്കും അകത്തും പുറത്തും നടക്കുന്ന സംഭവവികാസങ്ങള്‍ ഈ മാധ്യമങ്ങളിലെല്ലാം നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്നു. തന്നെയുമല്ല, ലോകത്തിന്റെ എല്ലാ ഭാഗത്തും ധാരാളം മലയാളികള്‍ ഉള്ളതിനാല്‍ അവരെല്ലാം വഴി ഇന്നാട്ടുകാര്‍ കാര്യങ്ങള്‍ അറിയുന്നുമുണ്ട്. അവരെ ഉത്‌ബോധിപ്പിക്കാന്‍ കുമ്മനവും കൂട്ടരും ശ്രമിക്കുമ്പോള്‍ കുറച്ചു കൂടി ശ്രദ്ധിക്കേണ്ടിയിരുന്നു എന്നാണ് ആദ്യം പറയേണ്ടത്.

കേരളത്തിലെ മതബന്ധങ്ങളെക്കുറിച്ചുള്ള അവരുടെ ധാരണ തന്നെ എത്ര അബദ്ധമാണെന്ന് വ്യക്തം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ ഗ്രാമങ്ങള്‍ പോലും ഏറെ നഗരവത്കരിക്കപ്പെട്ടിരിക്കുന്നു. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവര്‍ അടുത്തടുത്ത് ജീവിക്കുന്നു എന്നത് മാത്രമല്ല, ചരിത്രപരമായിത്തന്നെ ന്യുനപക്ഷ മതവിഭാഗങ്ങള്‍ക്കു മറ്റുള്ളവരുമായുള്ള ബന്ധം ഏറെ ജൈവമായ ഒരു സാമൂഹിക ഘടനയാണ് ഇവിടെയുള്ളത്. ഇതിനു ചില ചരിത്രകാരന്മാര്‍ കണ്ടെത്തിയ കാരണങ്ങള്‍ ഇവിടെ പ്രസക്തമാണ്. കേരളീയ സമൂഹത്തില്‍ വര്‍ണവിഭജന പ്രകാരം ന്യുനപക്ഷവിഭാഗങ്ങളെ (തെക്കു ക്രിസ്തീയരും വടക്കു ഇസ്‌ലാം മത വിശ്വാസികളും) വൈശ്യവര്‍ണക്കാരുടെ ധര്‍മങ്ങളാണു നിര്‍വഹിച്ചു പോന്നത്. അത് കൊണ്ട് അവര്‍ക്കു അവര്‍ണരെക്കാള്‍ ഉയര്‍ന്ന പദവി ബ്രാഹ്മണവ്യവസ്ഥ നല്‍കിയിരുന്നു. അവര്‍ണരോ ദളിതരോ തൊട്ടു ‘അശുദ്ധമാക്കിയ’ പാലും എണ്ണയും മറ്റും ക്രിസ്ത്യാനിയോ ഇസ്‌ലാംമത വിശ്വാസിയോ തൊട്ടാല്‍ ശുദ്ധമാകുമെന്നാണ് സവര്‍ണവിശ്വാസം. ബ്രാഹ്മണഭവനത്തില്‍ ഇവര്‍ക്ക് തീണ്ടല്‍ ഇല്ലായിരുന്നു എന്നും ഓര്‍ക്കുക. അങ്ങനെ ദൃഢമായ ഒരു സാമൂഹിക വ്യവസ്ഥയില്‍ അന്യമതവിരോധം വളര്‍ത്തുക എളുപ്പമല്ല. കേരളീയ നവോത്ഥാനത്തെ പറ്റി ഇവര്‍ക്കൊരു ധാരണയുമില്ല. ശ്രീനാരായണഗുരുവിന്റെയോ മഹാത്മാ അയ്യങ്കാളിയുടെയോ ചിത്രം വെക്കുക വഴി ഉണ്ടാക്കാവുന്നതാണ് ആ സാമൂഹികബോധം എന്നര്‍ഥം.

മോദി ഇന്ത്യ ഭരിച്ചതിന്റെയോ ഏതെങ്കിലും സംസ്ഥാനത്ത് ബി ജെ പി ഭരിച്ചതിന്റെയോ നേട്ടങ്ങളുടെ പേരില്‍ ഇവര്‍ക്ക് കേരളജനതയെ ആകര്‍ഷിക്കാനാകില്ല എന്നത് അവര്‍ക്കു തന്നെ അറിയാം. നോട്ടു നിരോധനം, ജി എസ് ടി, പെട്രോള്‍ വില വഴിയുള്ള കൊള്ള തുടങ്ങിയവയുടെ ദുരന്തങ്ങള്‍ അനുഭവിക്കുന്ന ജനതക്ക് മുമ്പില്‍ ഭാവിയില്‍ ഗുണമുണ്ടാകും എന്ന് പറഞ്ഞു വിശ്വസിപ്പിക്കാന്‍ കഴിയില്ലല്ലോ. കള്ളപ്പണം, കള്ളനോട്ട്, ഭീകരവാദം മുതലായവ ഇല്ലാതാക്കാനാണ് നോട്ടു നിരോധനമെന്ന വാദം ഇപ്പോള്‍ പറഞ്ഞവര്‍ തന്നെ വിശ്വസിക്കുന്നില്ലല്ലോ. അഴിമതിക്കെതിരായ പോരാട്ടം നടത്തുന്നു എന്ന വാദം ഏറ്റവും ചുരുങ്ങിയത് കേരളത്തിലെങ്കിലും വിലപ്പോകില്ല. യാതൊരു വിധ അധികാരങ്ങളും ഇല്ലാതിരുന്നിട്ടും മെഡിക്കല്‍ കോളജ് കോഴയില്‍ കുടുങ്ങിപ്പോയ പാര്‍ട്ടിയാണത്. മധ്യപ്രദേശില്‍ വ്യാപം, മറ്റിടങ്ങളില്‍ റേഷന്‍ ധാന്യമടക്കമുള്ള അഴിമതിക്കഥകള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞവരാണ് മലയാളികള്‍. ജാഥ മൂന്നു ജില്ല പിന്നിടുമ്പോഴാണല്ലോ അമിത് ഷായുടെ മകന്റെ പേരിലുള്ള അഴിമതിക്കഥ പുറത്ത് വരുന്നത്.

സാമൂഹിക സേവനരംഗത്ത് കേരളം ചരിത്രപരമായുണ്ടാക്കിയ നേട്ടങ്ങളെപ്പറ്റി എന്തെങ്കിലും ധാരണ ഉണ്ടായിരുന്നെങ്കില്‍ യോഗി ആദിത്യനാഥിനെപ്പോലൊരാളെ ഇവിടെ പ്രസംഗിക്കാന്‍ ബി ജെ പി നിയോഗിക്കില്ലായിരുന്നു. കേരളം വളരെ പിന്നിലാണെന്ന് പറയാന്‍ കഴിയുന്ന എന്ത് സൂചകങ്ങളാണ് യു പി അടക്കമുള്ള സംസ്ഥാനങ്ങള്‍ക്കുള്ളത്? ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഇടപെടുന്നതില്‍ കേരളത്തേക്കാള്‍ മഹത്വം പറയാന്‍ ഇന്ന് ഡല്‍ഹി മുഖ്യമന്ത്രിക്ക് മാത്രമേ അവകാശമുള്ളൂ. അവിടെ, യു പി യുടെ തൊട്ടടുത്തുള്ള ഡല്‍ഹിയില്‍, പൊതു വിദ്യാഭ്യാസ ആരോഗ്യമേഖലയില്‍ നടത്തുന്ന ഇടപെടലെങ്കിലും യോഗി ആദിത്യനാഥ് പോയി നോക്കണമായിരുന്നു. നൂറു കണക്കിന് കുട്ടികള്‍ ശ്വാസം കിട്ടാതെ ഇന്നലെയും മരിച്ച സംസ്ഥാനമാണത്. തന്നെയുമല്ല, നേരത്തെ അവരുടെയെല്ലാം നാട്ടില്‍ പോയി ജീവിച്ച ധാരാളം പേര്‍ ഇപ്പോഴും ഇവിടെയുണ്ടല്ലോ.

ലവ് ജിഹാദെന്ന പേരില്‍ ഇവിടെ നടത്തുന്ന ദുഷ്പ്രചാരണങ്ങളെ ഏറെ പുച്ഛത്തോടെയാണ് ബഹുഭൂരിപക്ഷം ജനങ്ങളും കാണുന്നത്. ഇത്തരം ആരോപണങ്ങള്‍ തെളിയിക്കാന്‍ ഇന്ന് വരെ കഴിഞ്ഞിട്ടില്ല. ഇനി ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നു എങ്കില്‍ അതിനെ ഇത്ര വലിയ സാമൂഹിക പ്രശ്‌നവും രാഷ്ട്രീയപ്രശ്‌നവുമായി ഉയര്‍ത്തിക്കാട്ടി ജനങ്ങളില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നത് ശരിയാണോ? സ്ത്രീപുരുഷ ബന്ധങ്ങളെപ്പറ്റി വ്യക്തമായ ധാരണയുള്ളവരാണ് വിദ്യാസമ്പന്നരായ മലയാളികള്‍. യുവതീയുവാക്കള്‍ തമ്മില്‍ ഇഷ്ടപ്പെടുന്നത് പലപ്പോഴും മതവിശ്വാസങ്ങള്‍ക്കപ്പുറമാണ്. ഒരു വലിയ വിഭാഗം രക്ഷിതാക്കളും ഇതിനെ തകര്‍ത്തു കുട്ടികളുടെ ജീവിതം നശിപ്പിക്കാന്‍ ആഗ്രഹിക്കാറില്ല. ഈ യാത്രയുടെ പ്രാഥമിക ലക്ഷ്യം ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കാന്‍ കഴിയും വിധമുള്ള പ്രചാരണം നടത്തുക എന്നതാണ്. അവരില്‍ സംശയം ജനിപ്പിക്കലാണ്. കേരളം പോലൊരു സമൂഹത്തില്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും എന്ന് ഇവര്‍ക്കറിയാത്തതാണോ? അതിലൂടെ രാഷ്ട്രീയലാഭം ഉണ്ടാക്കാമെന്ന് കരുതുന്നത് ശരിയോ? ഇതിനെതിരെ തീവ്രമുസ്‌ലിം നിലപാടെടുത്തുള്ള പ്രവര്‍ത്തനങ്ങളും വിപരീതഫലമാണുണ്ടാക്കുക എന്ന് അത് നടത്തുന്നവരും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം കുമ്മനത്തിനും കൂട്ടര്‍ക്കും അത് വളമാകും. കേരളത്തില്‍ നിന്നും ഐ എസ് തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നു എന്ന ആരോപണത്തിനും കൃത്യമായ തെളിവൊന്നുമില്ല. എന്‍ ഐ എ അന്വേഷിച്ച കേസുകളില്‍ തൊടുപുഴ കോളജിലെ അധ്യാപകന്റെ കൈവെട്ടു പോലുള്ള ഒറ്റപ്പെട്ട കേസില്‍ മാത്രമേ കേരളക്കാര്‍ ഉള്‍പ്പെട്ടതായി കണ്ടിട്ടുള്ളൂ. അത് വെച്ച് കൊണ്ട് ഒരു സമുദായത്തെ ആകെ ഭീകരവാദത്തിന്റെ സംശയനിഴലില്‍ നിര്‍ത്താനുള്ള ശ്രമം ദുഷ്ടലാക്കോടെയാണ്.

സി പി എം നടത്തുന്ന അക്രമങ്ങളോട് തീര്‍ത്തും യോജിക്കാന്‍ കഴിയാത്ത വ്യക്തിയാണ് ഈ ലേഖകന്‍. പക്ഷേ, എന്താണ് ബി ജെ പി പ്രചാരണം? ബി ജെ പി ആര്‍ എസ് എസ് പ്രവര്‍ത്തകരെ സി പി എമ്മുകാര്‍ തിരഞ്ഞുപിടിച്ചു ഉന്മൂലനം ചെയ്യുന്നു എന്ന അവരുടെ വാദങ്ങള്‍ എത്ര വലിയ അസത്യമാണ്? കണ്ണൂരില്‍ സി പി എമ്മും ആര്‍ എസ് എസും പരസ്പരം കൊല നടത്തുന്നു, അക്രമങ്ങള്‍ നടത്തുന്നു. ഇതില്‍ ഇരു കൂട്ടര്‍ക്കും തുല്യ പങ്കെന്നെങ്കിലും നിഷ്പക്ഷമതികള്‍ അംഗീകരിക്കും. പക്ഷേ ഇത്രയും ഹിംസാത്മകമായി പ്രവര്‍ത്തിക്കുന്ന, പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന ബി ജെ പി അക്രമരാഷ്ട്രീയത്തിനെതിരെ വാചകമടിച്ചാല്‍ കേരളത്തിലെ ഏതു ജനങ്ങള്‍ വിശ്വസിക്കും? ബി ജെ പി യുടെ അണികള്‍ക്ക് പോലും അറിയാം എങ്ങനെയെല്ലാമാണ് കണ്ണൂരില്‍ അക്രമം നടക്കുന്നതെന്ന്. കേരളം കൊലക്കളമാണെന്നുള്ള ബി ജെ പി പ്രചാരണം ഒരിക്കലും കാറ്റ് പിടിക്കില്ല, ഏറ്റവും ചുരുങ്ങിയത് കേരളത്തിലെങ്കിലും എന്ന് തീര്‍ച്ച. അതറിഞ്ഞതിനാല്‍ ആകുമോ അവരുടെ ഫോക്കസ് ഡല്‍ഹിയിലേക്കും അഖിലേന്ത്യ തലത്തിലേക്കും മാറ്റുന്നത്? സി പി എമ്മിന് കാര്യമായ വേരില്ലാത്ത മറ്റു സംസ്ഥാനങ്ങളില്‍ ഇത് കൊണ്ട് അവര്‍ക്കെന്തു പ്രയോജനം? ഒരുപക്ഷേ സി പി എമ്മിന് പ്രയോജനം ഉണ്ടായേക്കാം. അത് തന്നെയാണോ ബി ജെ പിയുടെ ലക്ഷ്യം? അതും അറിയില്ല. കേരളത്തില്‍ ബി ജെ പിയും സി പി എമ്മും തമ്മിലാണ് പോരാട്ടം എന്ന് വരുത്തിത്തീര്‍ക്കാന്‍ ഇരു കൂട്ടരും ശ്രമിക്കുന്നുണ്ടോ? കാത്തിരുന്നു കാണണം. മറ്റു സംസ്ഥാനങ്ങളില്‍ ആര്‍ എസ് എസ് കൂട്ടരുടെ ഇരകള്‍ ന്യുനപക്ഷങ്ങളും ദളിതരും ആദിവാസികളും സ്വതന്ത്ര ചിന്തകരും മറ്റുമാകുന്നു എന്നും നാം കാണുന്നു. അതുകൊണ്ട് തന്നെ തങ്ങള്‍ ഇവിടെ ഇരകളാണെന്ന വാദം ആരെയും വിശ്വസിപ്പിക്കാന്‍ ഈ ജാഥക്ക് കഴിയില്ല.

എന്നാല്‍ ആര്‍ എസ് എസ് സവര്‍ണഫാസിസ്റ്റുകളെ നേരിടേണ്ടത് എതിര്‍ അക്രമം പ്രയോഗിച്ചു കൊണ്ടല്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു. വിശേഷിച്ചും വടക്കന്‍ കേരളത്തില്‍ രാഷ്ട്രീയ എതിരാളികളെ അവര്‍ നേരിടുന്ന രീതി ജനാധിപത്യവിരുദ്ധമാണു താനും. മോദിയുടെ സംഘത്തെ അവരുടെ കാല്‍ക്കീഴില്‍ നിന്ന് കൊണ്ട് ഡല്‍ഹിയില്‍ കനത്ത പതനത്തിലെത്തിക്കാന്‍ കഴിഞ്ഞ ആം ആദ്മി പാര്‍ട്ടി ഒരു മാതൃക അല്ലേ? എല്ലാ ജാനാധിപത്യമര്യാദകളും ലംഘിച്ചു കൊണ്ട് കേന്ദ്രം ഡല്‍ഹി സര്‍ക്കാറിനെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കാണറിയാത്തത്? ജനോപകാരപ്രദമായ എല്ലാ നടപടികളെയും തുരങ്കം വെക്കുകയാണ് മോദിയും പാര്‍ട്ടിയും. കള്ളക്കേസില്‍ എത്ര എം എല്‍ എമാരെ അറസ്റ്റ് ചെയ്തു, മുഖ്യമന്ത്രിയുടെ ഓഫീസ് വരെ റെയ്ഡ് ചെയ്തു. പക്ഷേ, അതിനെതിരെ ഒരു വിധ അക്രമപ്രവര്‍ത്തനങ്ങള്‍ക്കും ആം ആദ്മി അവിടെ ശ്രമിച്ചില്ല. ജനാധിപത്യരീതിയില്‍ അവയെ നേരിട്ട് കൊണ്ടിരിക്കുന്നു. ഇടതുപക്ഷം രാഷ്ട്രീയമായി ഫാസിസത്തെ നേരിടാന്‍ കഴിയാത്തതിനാലല്ലേ അക്രമം പ്രയോഗിക്കുന്നത്?

വാല്‍ക്കഷ്ണം: കുമ്മനത്തിന്റെ ജാഥ മാത്രമല്ല അദ്ദേഹം നടത്തുന്ന എല്ലാ ഇടപെടലുകളിലും സന്തോഷിക്കുന്ന ഒരു കൂട്ടര്‍ ഇവിടെ ഉണ്ട്. ട്രോളന്മാര്‍. കണ്ണന്താനം മന്ത്രി ആയതോടെ അവര്‍ക്കു ഇരിക്കാന്‍ നേരമില്ലാതായി. ഇപ്പോള്‍ അമിത് ഷായെയും യോഗി ആദിത്യനാഥിനെയും കിട്ടിയപ്പോള്‍ സ്വര്‍ഗം കിട്ടിയ പോലെ ആയി. ആര്‍ക്കെങ്കിലും സന്തോഷമാകട്ടെ അല്ലെ?