ജയ് ഷായ്‌ക്കെതിരെ അന്വേഷണം വേണമെന്ന് യശ്വന്ത് സിന്‍ഹ

Posted on: October 11, 2017 1:30 pm | Last updated: October 11, 2017 at 5:31 pm

 

ന്യൂഡല്‍ഹി: ബിജെപി ദേശീയഅധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരായ അഴിമതി ആരോപണത്തില്‍ അന്വേഷണം വേണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടു. ജയ് ഷായ്‌ക്കെതിരായ ആരോപണം സര്‍ക്കാറിന് ധാര്‍മികമായ തിരിച്ചടിയാണെന്നും ജയ് ഷായ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ നറല്‍ ഹാജരാകുന്നത് ഉചിതമല്ലെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

 

നരേന്ദ്ര മോദി പ്രധാനമന്ത്രിയായും അമിത്ഷാ ബി ജെ പി ദേശീയ അധ്യക്ഷനായും ചുമതലയേറ്റതിന് പിന്നാലെ ജെയ് അമിത് ഭായ് ഷായുടെ കമ്പനിയുടെ ലാഭം 16000 ഇരട്ടി വര്‍ധിച്ചുവെന്ന് വെളിപ്പെടുത്തല്‍. കമ്പനി രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദി വയര്‍ ഡോട് കോം ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
2013-2014 സാമ്പത്തിക വര്‍ഷത്തില്‍ ഓഫീസില്‍ നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടും അവിടെ സമര്‍പ്പിച്ച ബാലന്‍സ് ഷീറ്റിലും നല്‍കിയ കണക്കുകള്‍ പ്രകാരം കമ്പനി നഷ്ടത്തിലാണ്. എന്നാല്‍, 2014ല്‍ മോദി അധികാരത്തിലെത്തിയ ആദ്യ സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പറയുന്നത്, ജയ് ഷായുടെ കമ്പനിക്ക് 18,728 രൂപ ലാഭം ഉണ്ടായെന്നാണ്.

 

ഇക്കാലയളവിലെ വരുമാനം 50,000 കോടി വരും. 2015- 16 സാമ്പത്തിക വര്‍ഷം കമ്പനിയുടെ ലാഭം 16,000 ഇരട്ടിയായി. 80.5 കോടി രൂപയായാണ് ലാഭം ഉയര്‍ന്നതെന്നും ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യസഭാ എം പിയും റിലയന്‍സ് ഉന്നത ഉദ്യോഗസ്ഥനുമായ പരിമാള്‍ നത്വാനിയുടെ മരുമകന്‍ രാജേഷ് കന്തവാലയുടെ ധനകാര്യസ്ഥാപനത്തില്‍ നിന്ന് 15.78 കോടി രൂപ വായ്പ എടുത്ത സമയത്താണ് ഷാ കമ്പനി ഏറ്റവും വലിയ ലാഭമുണ്ടാക്കിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.