Connect with us

Eranakulam

കഴുകി വൃത്തിയാക്കാത്ത കെ എസ് ആര്‍ ടി സിയെ ജനങ്ങള്‍ കൈയൊഴിയുമെന്ന് കമ്മീഷന്‍

Published

|

Last Updated

കൊച്ചി: എല്ലാ ദിവസവും കെ എസ് ആര്‍ ടി സി ബസുകളുടെ അകവും പുറവും വൃത്തിയാക്കിയില്ലെങ്കില്‍ തിളങ്ങുന്ന സ്വകാര്യ ബസുകളെ ജനങ്ങള്‍ ആശ്രയിക്കേണ്ടി വരുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടര്‍ ബസുകള്‍ വൃത്തിയാക്കി സൂക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി മോഹനദാസ് പറഞ്ഞു.

ദിവസവും സര്‍വീസ് നടത്തിയ ശേഷം ബസുകള്‍ ഗാരേജില്‍ ഉപേക്ഷിച്ച് ജീവനക്കാര്‍ വീടുകളിലേക്ക് മടങ്ങാറാണ് പതിവെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. വൃത്തിഹീനമായ ബസ് പിറ്റേന്നും സര്‍വീസ് നടത്തും. വൃത്തിയുള്ള വസ്ത്രം ധരിച്ച് യാത്ര ചെയ്യാനെത്തുന്നവര്‍ക്ക് വൃത്തിഹീനമായ ബസിലാണ് യാത്രചെയ്യേണ്ടി വരുന്നത്. എന്നാല്‍ സ്വകാര്യ ബസുകള്‍ യാത്രകാര്‍ക്ക് എല്ലാ ലക്ഷ്വറിയും നല്‍കുന്നു. പലപ്പോഴും കെ എസ് ആര്‍ ടി സിയെ ഉപേക്ഷിച്ച് യാത്രക്കാര്‍ സ്വകാര്യ ബസുകളില്‍ യാത്രചെയ്യുന്നതിന് കാരണം ഇതാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
ബസുകള്‍ സ്ഥിരമായി കഴുകി വൃത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കൊച്ചി നഗരസഭാംഗം തമ്പി സുബ്രഹ്മണ്യന്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.