Connect with us

Editorial

കുമ്മനത്തെ തിരുത്തി രാഷ്ട്രപതി

Published

|

Last Updated

കേരളത്തില്‍ ജിഹാദീ ഭീകരതയുണ്ടെന്ന പ്രചാരണം വിലപ്പോകാത്ത സാഹചര്യത്തില്‍ മലബാര്‍ ലഹളയില്‍ കയറിപ്പിടിച്ചിരിക്കുകയാണിപ്പോള്‍ കുമ്മനം രാജശേഖരന്‍. ബ്രിട്ടീഷ്‌വിരുദ്ധ സമരത്തിന്റെ ഭാഗമായ 1921ലെ മലബാര്‍ സമരം കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്നാണ് ജനരക്ഷാ യാത്രയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ നടന്ന പരിപാടികളില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞത്. അന്ന് ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കുകയായിരുന്നുവെന്നും അതിനെ സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കരുതെന്നും പ്രസംഗിച്ച കുമ്മനം തന്റെ വാദത്തിന് തെളിവായി കവി കുമാരനാശാന്റെ “ദുരവസ്ഥ”യെയാണ് അവലംബമാക്കിയത്.
കാര്‍ഷിക സമരം, ജന്മിത്വത്തിനെതിരായ പ്രതിഷേധം, തുര്‍ക്കി ഖിലാഫത്തിനോടുള്ള അനുഭാവം തുടങ്ങി ചരിത്രകാരന്മാര്‍ ഈ സമരത്തിന് പല തരം വ്യാഖ്യാനങ്ങളും രേഖപ്പെടുത്തുന്നുണ്ട്. കൂട്ടത്തില്‍ കൊളോണിയല്‍ ചരിത്രകാരന്‍മാരും അവരുടെ ചുവടുപിടിച്ച ചില ഇന്ത്യന്‍ ചരിത്രകാരന്‍മാരും ഹിന്ദുവിരുദ്ധ ലഹളയായും ഇതിനെ ചിത്രീകരിക്കുന്നു. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ ഭാഗമായാണ് ഈയൊരു ദുര്‍വ്യാഖ്യാനം. എന്നാല്‍ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍പെട്ട നൂറുകണക്കിന് വില്ലേജുകളില്‍ ആറു മാസക്കാലം കൊളോണിയല്‍ ഭരണത്തെ നിര്‍വീര്യമാക്കിയ, ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അത്യുജ്ജ്വല അധ്യായങ്ങളിലൊന്നാണ് 1921ലെ മലബാര്‍ കലാപം. ഫ്യൂഡല്‍വിരുദ്ധ മനോഭാവവും ജന്മിത്വത്തോടുളള എതിര്‍പ്പും സമരത്തില്‍ നിഴലിച്ചിരിക്കാമെങ്കിലും വൈദേശിക ഭരണത്തോടുള്ള കടുത്ത വിരോധമായിരുന്നു സമരത്തിന് പ്രചോദനമെന്നതാണ് ആധികാരിക ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്. മലബാര്‍ സമരത്തിന്റെ വേരുകള്‍ അന്വേഷിച്ചിറങ്ങിയാല്‍ എത്തിപ്പെടുന്നത് 1498 മെയ് 20ന് വാസ്‌കോഡിഗാമ കാപ്പാട് കാലുകുത്തിയ സംഭവത്തിലാണ്. ഗാമക്കെതിരെ സാമൂതിരി യുദ്ധം ആരംഭിച്ചപ്പോള്‍ ഖാസി മുഹമ്മദിന്റെ കല്‍പ്പനയനുസരിച്ചു മലബാറിലെ മാപ്പിളമാര്‍ സാമൂതിരിയുടെ സൈന്യത്തെ സഹായിച്ചത് അനിഷേധ്യമായ ചരിത്രസത്യമാണ്. സാമ്രാജ്യത്വത്തിനെതിരെ നടന്ന മലബാര്‍ മാപ്പിളമാരുടെ ധീരമായ പോരാട്ടത്തെ “മാപ്പിള ലഹള”എന്നു പറയുന്നത്, ഒന്നാം സ്വാതന്ത്ര്യസമരത്തെ ശിപായി ലഹള എന്നു വിശേഷിപ്പിക്കുന്നത് പോലെ തികഞ്ഞ കുബുദ്ധിയാണ്.

മലബാര്‍ സമരം നടക്കുന്ന കാലത്ത് അതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്ത ചില “ദേശീയ” പത്രങ്ങളും സംഭവത്തെ മാപ്പിള കലാപമായി ചിത്രീകരിച്ചിരുന്നു. ബ്രിട്ടീഷ് സര്‍ക്കാറിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടുകളും പത്രനടത്തിപ്പുകാരുടെ മുസ്‌ലിംവിരോധവുമായിരുന്നു ഈ വ്യാഖ്യാനത്തിന് പിന്നില്‍. കലാപത്തെക്കുറിച്ചു ഈ പത്രങ്ങളില്‍ വന്ന വാര്‍ത്തകളാണ് കുമാരനാശാന്‍ “ദുരവസ്ഥ” എ ഴുതുന്നതിന് നിമിത്തമായതെന്ന് ഇ എം എസ് നിരീക്ഷിക്കുന്നുണ്ട്. സമരത്തിനിടെ ജന്മി-കുടിയാന്‍ പ്രശ്‌നത്തിന്റ പേരിലും ബ്രിട്ടീഷുകാരുടെ പാദസേവകരെന്ന നിലയിലും ചില ജന്മിമാരും റവന്യൂ ഉദ്യോഗസ്ഥരും അക്രമിക്കപ്പെട്ടിട്ടുണ്ടെന്നത് വസ്തുതയാണ്. അതിന്റെ പിന്നില്‍ വര്‍ഗീയ ചിന്താഗതി അശേഷമുണ്ടായിരുന്നില്ല. സമരക്കാരുടെ കണ്‍മുന്നില്‍ അന്ന് ഹിന്ദുവും മുസ്‌ലിമും അല്ല ഉണ്ടായിരുന്നത്. ഇന്ത്യക്കാരും ഇന്ത്യയെ അതിക്രമിച്ചു കൈയടക്കിയ വിദേശ ഭരണാധികാരികളും അവരുടെ പാദസേവകരുമാണ് ഉണ്ടായിരുന്നത്. ഈ വീക്ഷണ കോണിലൂടെയാണ് സമരത്തെ വിലയിരുത്തേണ്ടത്. മലബാറില്‍ അന്ന് ഹൈന്ദവര്‍ക്കോ അവരുടെ സ്വത്തുക്കള്‍ക്കോ എതിരെ മതത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ നടക്കുകയുണ്ടായില്ലെന്ന് നിഷ്പക്ഷ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്. മഞ്ചേരി ക്ഷേത്രത്തിലുണ്ടായിരുന്ന 100 ബ്രാഹ്മണരെ സമരക്കാരായ മാപ്പിളമാര്‍ സുരക്ഷിതരായി മടങ്ങാന്‍ അനുവദിച്ച കാര്യവും ചരിത്രത്തില്‍ കാണാം.

ശക്തരായ ബ്രിട്ടീഷ് സൈന്യത്തെ വിറപ്പിച്ച അന്നത്തെ മലബാര്‍ മാപ്പിളമാര്‍ക്ക് വേണമെങ്കില്‍, ഗുജറാത്തില്‍ സംഘ്പരിവാര്‍ നടത്തിയത് പോലെ ഒരു വംശീയ വേട്ട നടത്താമായിരുന്നു. എന്നാല്‍ അകാരണമായി ഒരു ഉറുമ്പിനെ പോലും ദ്രോഹിക്കരുതെന്ന് പഠിപ്പിച്ച മതത്തിന്റെ അനുയായികളായതിനാല്‍ അവര്‍ക്കത് ചെയ്യാനാകില്ല. അത്തരമൊരു പാരമ്പര്യവും മുസ്‌ലിംകള്‍ക്കില്ല. ഇക്കാര്യം മതഭേദമന്യേ മലബാറുകാര്‍ക്കെല്ലാമറിയാമെന്നതുകൊണ്ടു തന്നെ മലബാര്‍ സമരത്തെ വര്‍ഗീയമായും പ്രകോപനപരമായും ദുര്‍വ്യാഖ്യാനിച്ചു മലബാറിനെ കലാപഭൂമിയാക്കാനുള്ള കുമ്മനത്തിന്റെയും കൂട്ടാളികളുടെയും ശ്രമം വിലപ്പോവില്ല.

കേരളത്തില്‍ ജിഹാദീ ഭീകരതയുണ്ടെന്ന് കുമ്മനം പറയുമ്പോള്‍, കൊല്ലത്ത് അമൃതാനന്ദമയിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞത് കേരളത്തില്‍ അത്തരമൊരു സംഭവമേയില്ലെന്ന തരത്തിലാണ്. ഇവിടം മതസൗഹാര്‍ദത്തിന്റെയും സഹിഷ്ണുതയുടെയും നാടാണെന്ന് രാഷ്ട്രപതി തുറന്നടിച്ചു. മുസ്‌ലികളും ഹിന്ദുക്കളും ക്രിസ്ത്യാനികളും സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്ന കേരളം മതസൗഹാര്‍ദത്തില്‍ ഇന്ത്യക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് കുമ്മനം ഇത്തരം ചരിത്ര ദുര്‍വ്യാഖ്യാനം അവസാനിപ്പിക്കണം. സവര്‍ക്കറും ഹിന്ദുമഹാസഭാ നേതാക്കളും ബ്രിട്ടീഷുകാരുടെ പാദസേവകരായി അവരുടെ ആനുകൂല്യം പറ്റി സുഖമായി ജീവിച്ചപ്പോള്‍, ദേശീയ സമരത്തിന്റെ തീച്ചൂളയിലേക്ക് ചാടിയിറങ്ങിയ രാജ്യത്തെ മുസ്‌ലിംകളുടെയും സാധാരണക്കാരായ ഹിന്ദുക്കളുടെയും ത്യാഗത്തിന്റ ഫലമായി കൈവന്ന സ്വാതന്ത്ര്യത്തിന്റെ ആനുകൂല്യത്തിലാണ് തനിക്ക് ഇങ്ങനെയൊക്കെ പ്രസംഗിക്കാനായതെന്ന കാര്യവും കൂടി കുമ്മനം ഓര്‍ത്തിരിക്കേണ്ടതാണ്.

Latest