ദുബൈ ഫിറ്റ്‌നസ് ചലഞ്ച് പങ്കാളികളാകാന്‍ ആര്‍ ടി എയും ദിവയും

Posted on: October 10, 2017 9:04 pm | Last updated: October 10, 2017 at 9:04 pm

ദുബൈ: ദുബൈ ഫിറ്റ്‌നസ് ചലഞ്ചില്‍ പങ്കാളിയാകാന്‍ ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നല്‍കിയ വെല്ലുവിളി സ്വീകരിക്കുന്നതായി റോ ഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) യും ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി (ദിവ)യും.

ഒക്ടോബര്‍ 20 മുതല്‍ ആരംഭിക്കുന്ന 30 ദിവസത്തെ ദൈനംദിന ശാരീരിക പ്രവര്‍ത്തനങ്ങളിലൂടെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ച ജീവിത ശൈലി രൂപപ്പെടുത്തുക എന്ന ആശയത്തിലാണു ഫിറ്റ്‌നസ് ചലഞ്ച് നടക്കുന്നത്. ഈ ദൗത്യത്തില്‍ പങ്കാളികളാവാനാണ് ശൈഖ് ഹംദാന്‍ ട്വിറ്ററിലൂടെ ഇരു ഡിപാര്‍ട്‌മെന്റുകളെയും വെല്ലുവിളിച്ചത്.

രസകരമായ വിവിധ പരിപാടികളിലൂടെ ആരോഗ്യകരമായ ജീവിത രീതികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നതിനാല്‍ തന്നെ ദുബൈ ഫിറ്റ്‌നസ് ചലഞ്ചില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് ദീവ എംഡിയും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. തങ്ങളുടെ എല്ലാ ജീവനക്കാരും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും ജീവനക്കാരുടെ പ്രൊഫഷണല്‍, സാമൂഹ്യ ജീവിതത്തില്‍ ആരോഗ്യകരമായ സന്തുലിതത്വം നേടുന്നതിനു അവരെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശാരീരിക വ്യായാമം ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കി ഊര്‍ജസ്വലമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും പോസിറ്റീവ് ഊര്‍ജത്തെ പ്രോത്സാഹിപ്പിക്കുകയും ജീവനക്കാരുടെ ഇടയില്‍ ആശയവിനിമയങ്ങളും സാമൂഹികമായ ബന്ധങ്ങളും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനു മുന്തിയ പരിഗണന നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ഫിസിക്കല്‍ ഫിറ്റ്‌നസ് മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ബോധവത്കരണവും ബന്ധപ്പെട്ട പരിപാടികളും സംഘടിപ്പിക്കുന്നുവെന്നും ദിവ അധികൃതര്‍ വ്യക്തമാക്കി. ‘ഞങ്ങള്‍ വെല്ലുവിളി സ്വീകരിക്കുന്നു’ എന്ന വാചകം മെട്രോ, ബസ്, ട്രാം, ടാക്‌സി എന്നിവയില്‍ പ്രദര്‍ശിപ്പിച്ചാണ് ആര്‍ ടി എ വെല്ലുവിളിയോട് പ്രതികരിച്ചത്.