ഫാല്‍ക്കണ്‍ ചാംപ്യന്‍ഷിപ്പ് നവംബര്‍ ഒന്ന് മുതല്‍

Posted on: October 9, 2017 9:59 pm | Last updated: October 9, 2017 at 9:59 pm

ദോഹ: അടുത്ത മാസം ഒന്ന് മുതല്‍ നാല് വരെ നടക്കുന്ന ഫാല്‍ക്കണ്‍ ചാംപ്യന്‍ഷിപ്പിന് തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതായി അല്‍ ഗന്നാസ് ഖത്വരി സൊസൈറ്റി അറിയിച്ചു. ഫാല്‍ക്കണ്‍ വേട്ടയുടെ പുതിയ സീസണിന് ഫാല്‍ക്കണറുകളെ തയ്യാറാക്കുകയാണ് ചാംപ്യന്‍ഷിപ്പിന്റെ ലക്ഷ്യം.

ഖത്വരി ഫാല്‍ക്കണറുകള്‍ക്ക് ഒക്‌ടോബര്‍ 23 മുതല്‍ 25 വരെ രജിസ്റ്റര്‍ ചെയ്യാം. കതാറ ബില്‍ഡിംഗ് 33ല്‍ സ്ഥിതിചെയ്യുന്ന സൊസൈറ്റിയുടെ ആസ്ഥാനത്ത് വൈകിട്ട് ആറ് മുതല്‍ രാത്രി ഒമ്പത് വരെയാണ് രജിസ്റ്റര്‍ ചെയ്യാനാകുക. ആകര്‍ഷകമായ സമ്മാനങ്ങളാണ് ജേതാക്കളെ കാത്തിരിക്കുന്നത്. ഒന്നാം സ്ഥാനക്കാര്‍ക്ക് 35000 ഖത്വര്‍ റിയാലും രണ്ടാം സ്ഥാനക്കാര്‍ക്ക് 25000 റിയാലും മൂന്നാം സ്ഥാനക്കാര്‍ക്ക് 15000 റിയാലും നാല്, അഞ്ച് സ്ഥാനക്കാര്‍ക്ക് അയ്യായിരം ഖത്വര്‍ റിയാല്‍ വീതവും ലഭിക്കും.