ലോകകപ്പിന്റെ ആദ്യദിനം മെട്രോ വരുമാനം 20 ലക്ഷം

Posted on: October 9, 2017 12:16 am | Last updated: October 8, 2017 at 11:17 pm

കൊച്ചി: ലോകകപ്പ് മത്സരം കൊച്ചിയില്‍ നടന്ന ദിവസം കൊച്ചി മെട്രൊയുടെ വരുമാനം ഇരുപത് ലക്ഷം രൂപ. 54,650 പേരാണ് മത്സരം നടന്ന ദിവസം മാത്രം കൊച്ചി മെട്രൊയില്‍ യാത്ര ചെയ്തത്. ഫുട്‌ബോള്‍ പ്രേമികള്‍ നിറഞ്ഞൊഴുകിയ ലോകകപ്പിലെ ആദ്യ കളി അവസാനിച്ച ശനിയാഴ്ച രാത്രി എട്ട് വരെയുള്ള കണക്കുകള്‍ പ്രകാരം 19,93,412 രൂപയാണ് മെട്രോയുടെ വരുമാനം. വെളളിയാഴ്ചയും മെട്രൊയില്‍ നല്ല തിരക്കായിരുന്നു. 31,056 പേര്‍ യാത്ര ചെയ്തതില്‍ നിന്ന് 11,05,396 രൂപയാണ് ലഭിച്ചത്. മഹാരാജാസ് വരെ സര്‍വീസ് നീട്ടിയ ശേഷം ആദ്യ ദിവസം എട്ട് ലക്ഷത്തിലേറെ രൂപയായിരുന്നു വരുമാനം. വടക്കന്‍ ജില്ലകളില്‍ നിന്ന് ലോകകപ്പ് മത്സരങ്ങള്‍ കാണാനെത്തിയവരില്‍ കൂടുതല്‍ പേരും മെട്രൊയിലാണ് ആലുവ മുതല്‍ സ്റ്റേഡിയം വരെ എത്തിയത്.

പല സ്റ്റേഷനുകളിലും നീണ്ട വരി ആയിരുന്നു. മഹാരാജാസ് വരെ നീട്ടിയ ശേഷം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കെ എം ആര്‍ എല്‍ പറഞ്ഞു.
വൈകുന്നേരത്തോടെ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് വിതരണത്തിന് സ്റ്റേഷനുകള്‍ക്ക് പുറത്ത് പ്രത്യേക കൗണ്ടര്‍ ഒരുക്കിയിരുന്നു.