Connect with us

National

മോദിയെ വിവാഹം കഴിക്കണം; ജന്തര്‍ മന്തറില്‍ സമരം

Published

|

Last Updated

ന്യൂഡല്‍ഹി: പലതരം സമരങ്ങള്‍ക്ക് വേദിയായ ജന്തര്‍ മന്തര്‍ പരിസരത്ത് വിചിത്രമായ ഒരു സമരം അരങ്ങേറുകയാണ്. ജെയ്പൂരില്‍ നിന്നുള്ള ഓം ശാന്തി ശര്‍മ സെപ്തംബര്‍ എട്ട് മുതല്‍ ഇവിടെ കുത്തിയിരിപ്പ് സത്യഗ്രഹം നടത്തുകയാണ്. ചില്ലറ കാര്യമല്ല നേടാനുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം കഴിക്കണം.

മാനസിക തകരാര്‍ വല്ലതുമുണ്ടോ എന്നാണ് എല്ലാവരും ഓം ശാന്തിയോട് ചോദിക്കുന്നത്. തന്റെ മാനസികനിലക്ക് തകരാറൊന്നുമില്ലെന്ന് ശാന്തി തീര്‍ത്ത് പറയുന്നു. “എനിക്കറിയാം അദ്ദേഹത്തെ കാണാന്‍ ജനങ്ങള്‍ എന്നെ അനുവദിക്കില്ല. എങ്കിലും അദ്ദേഹത്തിന്റെ ആവശ്യം എനിക്കറിയാം. കാരണം അദ്ദേഹവും എന്നെപ്പോലെ ഒറ്റക്കാണ്. അദ്ദേഹത്തിന് ഒരുപാട് ജോലികള്‍ ചെയ്യാനുമുണ്ട്. സഹായത്തിന് ഒരാള്‍ വേണം. അത് പറയുന്നതിനാണ് ജനങ്ങള്‍ എന്നെ കളിയാക്കുന്നത്”- ഓം ശാന്തി വിശദീകരിക്കുന്നു.

“എനിക്ക് മോദിയോട് ബഹുമാനമാണ്. പക്ഷേ, അത് മാത്രമല്ല വിവാഹം കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം. മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരെ ജോലികളില്‍ സഹായിക്കാനും നമ്മുടെ സംസ്‌കാരം ചെറുപ്പം മുതല്‍ തന്നെ പഠിപ്പിക്കുന്നുണ്ട്. എന്നെക്കൊണ്ടാവുന്നത് ഞാന്‍ ചെയ്യണമല്ലോ. അത്രയേ ആഗ്രഹമുള്ളൂ.”

നല്ല സാമ്പത്തിക സ്ഥിതിയുള്ളയാളാണ് താനെന്ന് ഓം ശാന്തി അവകാശപ്പെടുന്നു. സ്വത്തുക്കളില്‍ കുറച്ച് വില്‍ക്കാനും മോദിക്കായി സമ്മാനം വാങ്ങാനും ഉദ്ദേശിക്കുന്നതായും ഓം ശാന്തി വെളിപ്പെടുത്തുന്നു. മോദി വരുന്നതു വരെ ജന്തര്‍ മന്തറില്‍ ഇരിക്കും. ജന്തര്‍ മന്തറില്‍ നിന്ന് മറ്റൊരിടത്തേക്ക് സമരം മാറ്റണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശത്തില്‍ മാത്രമാണ് അവര്‍ക്ക് ആശങ്ക. മോദി തന്നെ കാണാനെത്തുമെന്നതില്‍ ഒരു സംശയവുമില്ല.