ബെംഗളൂരുവില്‍ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കാന്‍ മൊബൈല്‍ ആപ്പ്

Posted on: October 8, 2017 10:06 am | Last updated: October 7, 2017 at 11:09 pm

ബെംഗളൂരു: നഗരത്തില്‍ അടിക്കടി വെള്ളക്കെട്ടും ഗതാഗത തടസ്സവും ഉണ്ടാകുന്നതിനിടയില്‍ മൊബൈലില്‍ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുന്ന ആപ്പ് വരുന്നു. സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സും ഐ ഐ ടിയും സംയുക്തമായാണ് ആപ്പ് തയ്യാറാക്കുന്നത്. അര്‍ബന്‍ ക്ലൈമറ്റ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് മൂന്ന് മാസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് മൊബൈലില്‍ ലഭ്യമായിത്തുടങ്ങും.

അരമണിക്കൂര്‍ മുമ്പെങ്കിലും ഇടിമിന്നലിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കാന്‍ ആപ്പില്‍ സംവിധാനമുണ്ടാകും. എവിടെയൊക്കെയാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നതെന്നും ഗതാഗത തടസ്സമുണ്ടായ റോഡിന് പകരം ഉപയോഗിക്കാവുന്ന മറ്റു റോഡുകളുടെ വിവരങ്ങളും ആപ്പ് തത്സമയം നല്‍കും.
നിലവില്‍ കാലാവസ്ഥാ നിരീക്ഷണത്തിന് നൂറോളം ഉപകരണങ്ങളാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. കൂടുതല്‍ കൃത്യമായി കാലാവസ്ഥ അറിയാനുള്ള സംവിധാനം ഉടന്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.