Connect with us

Articles

രാഷ്ട്രീയ സെമിഫൈനല്‍ കഠിനമാകും

Published

|

Last Updated

കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇറങ്ങുകയാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മാമാങ്കത്തിന്റെ സെമി ഫൈനലായിട്ടാണ് ഇവയെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. ഇതിനാല്‍ ഇവിടങ്ങളില്‍ വിജയക്കൊടി പാറിക്കുക എന്നത് കോണ്‍ഗ്രസിനും ബി ജെ പിക്കും അഭിമാന പ്രശ്‌നമാണ്. കര്‍ണാടകയിലും ഹിമാചല്‍ പ്രദേശിലും കോണ്‍ഗ്രസാണ് ഭരണ ചക്രം തിരിക്കുന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ബി ജെ പിയാണ്.

നോട്ടു നിരോധനം, ജി എസ് ടി, വിലക്കയറ്റം, ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ഭീതികള്‍ തുടങ്ങിയവ ചര്‍ച്ചയാകുന്ന തിരഞ്ഞെടുപ്പാണിത്. മോദി – അമിത് ഷാ ഇഫക്‌ടോ അതോ രാഹുല്‍ ഗാന്ധിയുടെ ഉണര്‍ന്നെഴുല്‍പ്പോ? ഏതാണ് അവശേഷിക്കുക എന്നതാണ് ചോദ്യം. മിഥ്യാ വികസനവും വര്‍ഗീയ കാര്‍ഡും കൊണ്ട് മാത്രം ബി ജെ പിക്ക് കരുത്ത് തെളിയിക്കാനാകുമോ? ജനങ്ങള്‍ ബി ജെ പിയിതര കക്ഷികളെ വിശ്വസിച്ച് തുടങ്ങിയോ? എല്ലാത്തിനും പകരം ചോദിക്കാന്‍ ജനം കാത്തിരിക്കുകയാണോ?

കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ ഇഫക്ട് ആവര്‍ത്തിക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് തന്റെ അവസാന മത്സരമാണെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഗുണ്ടല്‍പേട്ട്, നഞ്ചന്‍ ഗോഡ് എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ നേടിയ വിജയം കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നുണ്ട്. സംസ്ഥാന പ്രസിഡന്റ് ബി എസ് യെദിയൂരപ്പയുടെയും നിയമസഭാ കക്ഷി നേതാവ് കെ എസ് ഈശ്വരപ്പയുടെയും നേതൃത്വത്തിലുള്ള വിഭാഗീയതയാണ് ബി ജെ പിക്ക് തലവേദനയാകുന്നത്. ഇവര്‍ തമ്മിലുള്ള പോര് രൂക്ഷമാണ്. ആഭ്യന്തര കലഹം പാര്‍ട്ടിയുടെ പ്രതിച്ഛായയെ തന്നെ ബാധിച്ചിട്ടുണ്ട്. ബി എസ് യെദിയൂരപ്പക്കെതിരെ വിമതപക്ഷം കെ എസ് ഈശ്വരപ്പയുടെ നേതൃത്വത്തില്‍ സമാന്തര സമ്മേളനം ചേര്‍ന്നിരുന്നു. യോഗത്തില്‍ ഈശ്വരപ്പയും മുന്‍ മന്ത്രി സൊഗഡു ശിവണ്ണയും പങ്കെടുത്തു. പാര്‍ട്ടിയുടെ സമാന്തരയോഗം വിളിക്കരുതെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഈശ്വരപ്പക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈശ്വരപ്പ പക്ഷം ഇത് തള്ളി. സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ യെദിയൂരപ്പ സ്വേച്ഛാധിപത്യപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് എതിര്‍ പക്ഷത്തിന്റെ ആരോപണം. യെദിയൂരപ്പക്ക് താത്പര്യമുളളവരെ ജില്ലാ കമ്മിറ്റികളിലേക്ക് നിയമിക്കുന്നതാണ് പാര്‍ട്ടിയില്‍ ഈശ്വരപ്പയുടെ നേതൃത്വത്തിലുളള വലിയൊരു വിഭാഗത്തെ ഇപ്പോള്‍ പ്രകോപിതരാക്കിയിരിക്കുന്നത്.

ജില്ലാ ഭാരവാഹികളുടെ നിയമനങ്ങളില്‍ പ്രാതിനിധ്യം വേണമെന്നായിരുന്നു ഈശ്വരപ്പയുടെ ആവശ്യം. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ച് ജില്ലാ ഭാരവാഹികളില്‍ യെദിയൂരപ്പ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ലെന്നാണ് ഈശ്വരപ്പ വിഭാഗത്തിന്റെ ആരോപണം. പാര്‍ട്ടിയിലെ വിഭാഗീയതയെ തുടര്‍ന്ന് സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളെ ഉള്‍പ്പെടുത്തി സങ്കോളിരായണ്ണ ബ്രിഗേഡ് എന്ന സംഘടന രൂപവത്കരിച്ച ഈശ്വരപ്പ സമാന്തര പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയതാണ് യെദിയൂരപ്പയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് കേന്ദ്ര നേതൃത്വം രണ്ട് നേതാക്കളെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല. ഈ പ്രശ്‌നത്തിന് സമവായം കാണുന്നതിന് വേണ്ടിയാണ് തിരഞ്ഞെടുപ്പ് അങ്കത്തില്‍ കേന്ദ്ര മന്ത്രിയായ സദാനന്ദ ഗൗഡയെ കേന്ദ്ര നേതൃത്വം കളത്തിലിറക്കുന്നത്. സംഘ്പരിവാര്‍ ശക്തികള്‍ കൊലപ്പെടുത്തിയ എഴുത്തുകാരന്‍ എം എം കല്‍ബുര്‍ഗി, മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവരുടെ കൊലയാളികളെ കണ്ടു പിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് സിദ്ധരാമയ്യ സര്‍ക്കാറിന് തിരിച്ചടിയാകും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 225 സീറ്റില്‍ 122 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് വിജയിച്ചത്.

നരേന്ദ്ര മോദിയുടെ സ്വന്തം നാടായ ഗുജറാത്തില്‍ (മഹാത്മജിയുടെ നാടെന്ന് പറയുന്നതല്ല ഇപ്പോള്‍ ഉചിതം) ബി ജെ പിക്ക് വിജയം അനിവാര്യമാണ്. 2001ന് ശേഷം മോദി ഹാട്രിക് വിജയമാണ് ഗുജറാത്തില്‍ നേടിയത്. എന്നാല്‍ പല വിഷയങ്ങളിലും കലുഷിതമായ അന്തരീക്ഷമാണ് നിലവിലുള്ളത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ആളിക്കത്തുകയാണ്. മോദിക്ക് പിന്‍ഗാമിയായി എത്തിയ ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിന് പട്ടേല്‍ പ്രക്ഷോഭം കനത്തതോടെ സ്ഥാനം ഒഴിയേണ്ടി വന്നു. സംവരണം ആവശ്യപ്പെട്ടുള്ള പട്ടേല്‍ സമുദായത്തിന്റെ പ്രക്ഷോഭം നിയന്ത്രിക്കുന്നതില്‍ ആനന്ദിബെന്‍ പരാജയമായിരുന്നു. തുടര്‍ന്ന് വിജയ് ആര്‍ രൂപാനിയാണ് മുഖ്യമന്ത്രി പദം ഏറ്റെടുത്തത്.

2015 ആഗസ്റ്റില്‍ സംവരണം ആവശ്യപ്പെട്ട് നടന്ന റാലിയില്‍ ഹാര്‍ദിക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ആക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പകരം ചോദിക്കുമെന്നാണ് പതിതര്‍ ആന്തോളന്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ പറയുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹാര്‍ദിക് പട്ടേല്‍ ബി ജെ പിയുടെ കൂടെയായിരുന്നു. എന്നാല്‍ ഇത്തവണ ബി ജെ പി വിരുദ്ധത കത്തിക്കാനാണ് ഹാര്‍ദികിന്റെ നീക്കം. ഉനയില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ ദളിത് യുവാക്കളെ മര്‍ദിച്ചതിനെ തുടര്‍ന്നുണ്ടായ അക്രമണത്തില്‍ ദളിത് വിഭാഗവും സര്‍ക്കാറിനെതിരാണ്. ദളിത് നേതാവായ ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ബി ജെ പിവിരുദ്ധ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഗുജറാത്തില്‍ ഏഴ് ശതമാനം ദളിത് വോട്ടുണ്ട്. യുവാക്കളായ ഹാര്‍ദിക് പട്ടേലും ജിഗ്‌നേഷ് മേവാനിയും തിരഞ്ഞെടുപ്പില്‍ താരങ്ങളാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തവണ ആം ആദ്മിയും മത്സരരരംഗത്തുണ്ട്.

അത്യന്തം നാടകീയമായിരുന്നു ഗുജറാത്തില്‍ രാജ്യസഭാ സീറ്റിലേക്ക് നടന്ന വോട്ടെടുപ്പ്. സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയായിരുന്ന അഹ്മദ് പട്ടേലിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് മുന്നില്‍ അമിത് ഷാ മുട്ടുമടക്കി. അമിത് ഷാക്കും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കും ഇവിടെ വിജയം ഉറപ്പിച്ചതായിരുന്നു. കോണ്‍ഗ്രസിനും ഒരാളെ വിജയിപ്പിക്കാനുള്ള അംഗബലം ഉണ്ടായിരുന്നു. എന്നാല്‍ അഹ്മദ് പട്ടേല്‍ കളത്തിലിറങ്ങിയതോടെ അമിത് ഷാ കോടികള്‍ നല്‍കി കോണ്‍ഗ്രസിലെ അംഗങ്ങളെ ചാക്കിട്ട് പിടിക്കാന്‍ തുടങ്ങി. ഗുജറാത്ത് കലാപത്തില്‍ അമിത് ഷായെ രണ്ട് വര്‍ഷം ജയിലില്‍ കിടത്തുന്നതിന് ചുക്കാന്‍ പിടിച്ച അഹ്മദ് പട്ടേലിനെ തോല്‍പ്പിക്കാന്‍ പതിനെട്ടടവും പയറ്റി.

താന്‍ രാജ്യസഭയിലുണ്ടാകുമ്പോള്‍ അഹ്മദ് പട്ടേല്‍ അവിടെ ഉണ്ടാകാന്‍ പാടില്ലെന്നായിരുന്നു ഷായുടെ ധാര്‍ഷ്ട്യം. 182 അംഗ സഭയില്‍ രണ്ട് പേരെ മത്സരിപ്പിക്കാനുള്ള വോട്ട് ബി ജെ പിക്കുണ്ട്. 57 കോണ്‍ഗ്രസ് അംഗങ്ങളില്‍ അമിത് ഷായുടെ കുതിരക്കച്ചവടത്തില്‍ ആറ് പേര്‍ പാര്‍ട്ടി വിട്ടിരുന്നു. കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് ശങ്കര്‍ സിംഗ് വഗേലയും ഇതില്‍ പെടും.

45 അംഗങ്ങളുടെ പിന്തുണയാണ് പട്ടേലിന് ആവശ്യമുണ്ടായിരുന്നത്. വോട്ട് ചെയ്ത ശേഷം ബാലറ്റ് അമിത്ഷായുടെ ഏജന്റുമാരെ കാണിച്ച രണ്ട് കോണ്‍ഗ്രസ് എം എല്‍ എ മാരുടെ വോട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കിയതാണ് പട്ടേലിന്റെ വിജയം എളുപ്പമാക്കിയത്. ഇത് കനത്ത അടിയാണ് ബി ജെ പിക്ക് നല്‍കിയത്. ബി ജെ പി അധ്യക്ഷ പദവിയില്‍ എത്തിയതിന് ശേഷം അമിത് ഷാക്ക് ഏറ്റ മുഖമടച്ച പ്രഹരം.
രാജസ്ഥാനില്‍ ബി ജെ പിയാണ് ഭരിക്കുന്നത്. 200 സീറ്റില്‍ 163ഉം ബി ജെ പിയുടെ കൈവശമാണുള്ളത്. 21 സീറ്റാണ് കോണ്‍ഗ്രസിനുള്ളത്. 25 വര്‍ഷത്തോളമായി രാജസ്ഥാനിലെ ഭരണകക്ഷി മാറിമാറി വരികയാണ്. കഴിഞ്ഞ തവണ കോണ്‍ഗ്രസായിരുന്നു. വസുന്ധര രാജ സിന്ധ്യയാണ് നിലവിലെ മുഖ്യമന്ത്രി. ഇവിടെ കര്‍ഷക പ്രശ്‌നങ്ങളും സംവരണ വിഷയങ്ങളുമാണ് ബി ജെ പിക്ക് തലവേദന.

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്. വിര്‍ഭാനന്ദ സിംഗ് മുഖ്യമന്ത്രി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 68 സീറ്റില്‍ 38ല്‍ കോണ്‍ഗ്രസാണ് ജയിച്ചത്. 26ഇടത്ത് ബി ജെ പി ജയിച്ചു. 2007ല്‍ ബി ജെ പി യും 2003ല്‍ കോണ്‍ഗ്രസുമാണ് ഭരിച്ചത്. മധ്യപ്രദേശില്‍ 2003 മുതല്‍ ബി ജെ പിയാണ് ഭരണത്തില്‍. ബി ജെ പി-165, കോണ്‍ഗ്രസ്-58, ബി എസ് പി- നാല് എന്നിങ്ങനെയാണ് പ്രധാന കക്ഷികളുടെ നിലവിലെ സീറ്റ് നില. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ തന്നെയാണ് ബി ജെ പി മുന്‍ നിര്‍ത്തുന്നത്. വ്യാപം അഴിമതി അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ത്തിട്ടുണ്ട്. കര്‍ഷക പ്രക്ഷോഭവും തുടര്‍ന്നുള്ള വെടിവെപ്പും സര്‍ക്കാറിനെ ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ജ്യോതിരാദിത്യ സിന്ധ്യയെ മുന്‍ നിര്‍ത്തി വന്‍ വെല്ലുവിളിയുയര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

വോട്ടെടുപ്പില്‍ സുതാര്യത ഉറപ്പുവരുത്താന്‍ വോട്ട് രസീത് വരുന്നുവെന്ന പ്രത്യേകതയുണ്ട് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്. വോട്ടിംഗ് മെഷീനുകള്‍ താമരക്ക് വോട്ട് ചെയ്യുന്നുവെന്ന ആരോപണമാണ് ചെലവേറിയ ഈ സംവിധാനം അനിവാര്യമാക്കിയത്. ഇലക്ട്രോണിക് വോട്ടിംഗ്് യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്ററാണ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്നറിയപ്പെടുന്ന വിവിപാറ്റ്. വോട്ടു ചെയ്യുമ്പോള്‍ വിവിപാറ്റിലും ഒരു കടലാസു സ്ലിപ്പിലും അച്ചടിച്ചു വരും. വോട്ടര്‍ക്ക് ഇതു പരിശോധിച്ച്, തന്റെ വോട്ട് ശരിയായിത്തന്നെയാണോ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്താം. ഇതിന് ഏഴു സെക്കന്‍ഡ് നല്‍കും.

തുടര്‍ന്ന് ഈ സ്ലിപ്പ് മുറിഞ്ഞു വിവിപാറ്റ് മെഷീനോടു ചേര്‍ന്ന പെട്ടിയിലേക്കു വീഴും. സ്ലിപ് വീട്ടിലേക്കു കൊണ്ടു പോകാനാകില്ലെന്നു ചുരുക്കം. സ്ലിപ് വീഴുന്ന പെട്ടി തുറക്കാന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു മാത്രമേ കഴിയൂ. വോട്ടെടുപ്പു സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കം ഉയരുകയാണെങ്കില്‍ വിവിപാറ്റിലെ സ്ലിപ്പുകള്‍ എണ്ണാനും കഴിയും.

 

Latest