Connect with us

Palakkad

എഴുതി തീരാത്ത വരികളുമായി യുവ മാപ്പിളപ്പാട്ട് ഗാനരചയിതാവ് യാത്രയായി

Published

|

Last Updated

മണ്ണാര്‍ക്കാട്: എഴുതി തീരാത്ത ഗാനങ്ങളുടെ വരികള്‍ ഓര്‍മകളുടെ മടിത്തട്ടിലേക്ക് തട്ടിനീക്കി യുവ മാപ്പിളപ്പാട്ട് ഗാനരചയിതാവ് സുനീര്‍ മണ്ണാര്‍ക്കാട് (26)യാത്രയായി.

കുടുംബത്തിന്റെ അത്താണിയായ സുനീറിന്റെ വിയോഗം മൂന്നു സഹോദരിമാര്‍ക്കൊപ്പം പ്രിയതമയേയും, കുടുംബങ്ങളെയും, സുഹൃത്തുക്കളെയും നാട്ടുകാരേയും തോരാത്ത കണ്ണീരിലാഴ്ത്തി. അമിത വേഗതയില്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ സ്വകാര്യ ബസാണ്എതിരെ ബൈക്കിലെത്തിയ സുനീറിന്റെ ജീവന്‍ കവര്‍ന്നത്.

വെളളിയാഴ്ച വൈകുന്നേരം നാല് മണിയോടെ കല്ലടി കോളജിന് സമീപത്താണ് അപകടം. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ അര്‍ദ്ധ രാത്രിയോടെയാണ് മരണം. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹ ചടങ്ങിന് പോവുന്നതിനിടെയാണ് അപകടം.മരണ വാര്‍ത്ത അറിഞ്ഞതോടെ സൂനീറിന്റെ സൗഹൃദ വലയങ്ങള്‍ ആദ്യ മോര്‍ത്തത് അവന്‍ എഴുതിപ്പാടിയ ഗാനങ്ങളുടെ ഈരടികളായിരുന്നു.

ഇന്ന് നീ എന്റെ ഖബറിനരികത്ത് വെച്ച ചെമ്പനീര്‍ പൂ, അന്നു ഞാന്‍ എന്റെ സ്‌നേഹം ചൊന്ന നേരത്ത് തന്നിരുന്നുവെങ്കില്‍ എന്ന വരികളും, വിധിയൊരുനാള്‍ തിരികെ എനിക്ക് അന്നു നിനച്ച്, കരയാതന്ന് ചിരിച്ചു പിരിഞ്ഞിട നെഞ്ചിലെ സ്വപ്‌നവുമുടച്ച്, ഇനിയെന്‍ ഇണയായ് ഒരുനാളും വരെ ഇല്ല എനിക്കതുറപ്പ്, അതിരുകവിഞ്ഞ് നോവുപകര്‍ന്നതിന് ഇല്ല എനിക്ക് വെറുപ്പ്, ഈ ഹൃദയത്തിലൊരാള്‍ക്കിടമേകാന്‍ എന്നാല്‍ ആവില്ല എന്ന നൊമ്പര ഗാനത്തിന്റെ വരികളും പ്രവാസികളുള്‍പ്പെടെയുളള മലയാളികള്‍ക്ക് സമ്മാനിച്ച ഗാനരചയിതാവ് തന്റെ ജീവിതത്തെ അനശ്വരമാക്കിയാണ് ജീവിതത്തില്‍ നിന്ന് വിടവാങ്ങിയത്.

പ്രവാസ ജീവിതത്തിനിടയിലും ജീവിതത്തിന്റെ നാനാ തുറകളിലെ സംഭവങ്ങള്‍ മാപ്പിളപ്പാട്ട് വരികളായി കുറിക്കാനും സമയം കണ്ടെത്തിയിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രശസ്തരായ നിരവധി യുവഗായകര്‍ പാടി പ്രസിദ്ധിയാര്‍ജിച്ച നൂറോളം മാപ്പിളപ്പാടുകളാണ് സുനീറിന്റെ രചനയില്‍ വിരിഞ്ഞത്.

കൂടാതെ ഒട്ടനവധി മദ്ഹ്, ദഫ്, നബിദിന ഗാനങ്ങളും സുനീറിന്റെ ഓര്‍മകളായി ഇനി എന്നും നിലനില്‍ക്കും. മരണ വിവരമറിഞ്ഞ് ആശുപത്രിയിലും തുടര്‍ന്ന് വീട്ടിലും മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പ്രശസ്തരായ യുവ ഗായകരും ജനാസ സന്ദര്‍ശിക്കാനെത്തി.