Connect with us

Gulf

ഈ വര്‍ഷം ഇന്ത്യയിലേക്ക് പ്രവാസി പണമൊഴുക്ക് വര്‍ധിക്കും

Published

|

Last Updated

കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ഇന്ത്യയിലേക്കുള്ള പ്രവാസി പണമൊഴുക്ക് വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന തുക 4.24 ലക്ഷം കോടി രൂപ ആകുമെന്നാണ് ലോക ബേങ്ക് കഴിഞ്ഞ ദിവസം അറിയിച്ചത്. ഖത്വര്‍ അടക്കമുള്ള ആറ് ജി സി സി രാഷ്ട്രങ്ങളിലെ പ്രവാസികളാണ് പണമയക്കുന്നതില്‍ കൂടുതല്‍.
അതേസമയം, ഈയടുത്തായി ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതിനാല്‍ പ്രവാസി പണമയക്കല്‍ വര്‍ധിച്ചിട്ടുമുണ്ട്. മാര്‍ച്ച് മാസത്തിന് ശേഷം ആദ്യമായിട്ടായിരുന്നു കഴിഞ്ഞയാഴ്ചകളില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞത്.

കഴിഞ്ഞ വര്‍ഷം പ്രവാസി പണമയക്കലില്‍ ഒമ്പത് ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. പ്രധാനമായും എണ്ണവില കുറഞ്ഞതാണ് ഇതിന് കാരണം. സ്വന്തം ജനതക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായുള്ള ഗള്‍ഫ് രാഷ്ട്രങ്ങളുടെ സ്വദേശിവത്കരണവും ഗള്‍ഫില്‍ നിന്നുള്ള പ്രവാസികളുടെ പണമയക്കലിനെ ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സഊദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണമയക്കലില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ എട്ട് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ചാണിത്. മാത്രമല്ല, ഇന്ത്യന്‍ പ്രവാസികളില്‍ വലിയൊരു പങ്ക് വഹിക്കുന്ന കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് ജോലി തേടിപ്പോകുന്ന പ്രവണത കുറഞ്ഞിട്ടുമുണ്ട്. ഇതും ഇന്ത്യയിലേക്കുള്ള പ്രവാസി പണമൊഴുക്കിനെ കുറക്കുന്നതാണ്. 1960കളിലെ ഗള്‍ഫ് കുടിയേറ്റത്തിന് ശേഷം ആദ്യമായാണ് ഇങ്ങനെയൊരു പ്രവണത രേഖപ്പെടുത്തുന്നതെന്ന് സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ കേരള കുടിയേറ്റ സര്‍വേ 2016 റിപ്പോര്‍ട്ടില്‍ പറയുന്നു. കേരള ഗള്‍ഫ് പ്രവാസികളുടെ എണ്ണം 2014ല്‍ 24 ലക്ഷമാണെങ്കില്‍ 2016ല്‍ ഇത് 22.4 ലക്ഷമായി കുറഞ്ഞു. 1998ല്‍ മുതല്‍ സി ഡി എസ് നടത്തുന്ന കുടിയേറ്റ സര്‍വേയില്‍ ആദ്യമായാണ് ഇത്തരമൊരു കുറവ് കാണുന്നത്.

Latest